ബംഗ്ലാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ച ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ജയത്തോട ആറ് പോയന്റുമായി പോയന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു

author-image
Biju
New Update
south

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 റണ്‍സെടുത്ത കോളെ ട്രയോണിന്റെയും 56 റണ്‍സെടുത്ത മരിസാനെ കാപ്പിന്റെയും പോരാട്ടമാണ് ഒരു ഘട്ടത്തില്‍ 78-5ലേക്ക് വീണ് തോല്‍വി മുന്നില്‍ക്കണ്ട ദക്ഷിണാഫ്രിക്കയെ ജയതതിലേക്ക് നയിച്ചത്. ഇരുവരും പുറത്തായശേഷം പുറത്താകാതെ 29 പന്തില്‍ 37 റണ്‍സടിച്ച നദൈനെ ഡി ക്ലാര്‍ക്ക് ദക്ഷിണാഫ്രിക്കയെ വിജയവര കടത്തി.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ച ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ജയത്തോട ആറ് പോയന്റുമായി പോയന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. നാല് കളികളില്‍ 2 പോയന്റുള്ള ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്. സ്‌കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 232-6, ദക്ഷിണാഫ്രിക്ക 49.3 ഓവറില്‍ 235-7.

233 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ അടിതെറ്റി. സ്‌കോര്‍ ബോര്‍ഡില്‍ 3 റണ്‍സെത്തിയപ്പോഴേക്കും തസ്മിന്‍ ബ്രിട്‌സ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും അന്‍കീ ബോഷും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 50 കടത്തി. എന്നാല്‍ വോള്‍വാര്‍ഡ് റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയിലായി. അനീറി ഡെര്‍സ്‌കെന്‍(2), അന്‍കീ ബോഷ്, സിനാലോ ജാഫ(4) എന്നിവര്‍ കൂടി വേഗം മടങ്ങിയതോടെ 78-5ലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. 

എന്നാല്‍ ആറാം വിക്കറ്റില്‍ മരിസാനെ കാപ്പും(56) കോളെ ട്രയോണും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 163 റണ്‍സിലെത്തിച്ചു. കാപ്പിനെ മടക്കിയ നാഹിദ അക്തര്‍ ബംഗ്ലാദേശിന് വീണ്ടും പ്രതീക്ഷ നല്‍കി. സ്‌കോര്‍ 200 കടക്കും മുമ്പെ റിന്റു മോണിയുടെ നേരിട്ടുള്ള ത്രോയില്‍ കോളെ ട്രയോണ്‍ റണ്ണൗട്ടായത് ബംഗ്ലാദേശിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും നദൈനെ ഡി ക്ലാര്‍ക്കും മസബാടാ ക്ലാസും(10*) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്‍നിരയുടെ ബാറ്റിംഗ് കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഓപ്പണര്‍മാരായ ഫര്‍ഗാന ഹഖ്(30), റൂബിയ ഹൈദര്‍(25), അര്‍മിന്‍ അക്തര്‍(50), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന(32), ഷോര്‍ണ അക്തര്‍(51) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തത്.