/kalakaumudi/media/media_files/2025/10/08/englamnd-3-2025-10-08-10-02-45.jpg)
ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് പൊരുതി തോറ്റ് ബംഗ്ലാദേശ്. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 49.4 ഓവറില്‍ 178ന് എല്ലാവരും പുറത്തായി.
ശോഭന മൊസ്താരി (60), റബേയ ഖാന്‍ (27 പന്തില്‍ 43), ഷര്‍മിന്‍ അക്തര്‍ (30) എന്നിവര്‍ മാത്രമാണ് ബംഗ്ലാദശിന് വേണ്ടി തിളങ്ങിയത്. ഷൊര്‍ണ അക്തറാണ് (10) രണ്ടക്കം കണ്ട മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 46.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 111 പന്തില്‍ പുറത്താവാതെ 79 റണ്‍സ് നേടിയ ഹീതര്‍ നൈറ്റാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
അത്ര ആധികാരികമായിരുന്നില്ല ഇംഗ്ലണ്ടിന്റെ ജയം. ഓപ്പണര്‍മാരായ എമി ജോണ്‍സ് (1), താമി ബ്യൂമോണ്ട് (13) എന്നിവരുടെ വിക്കറ്റുകള്‍ 29 റണ്‍സിനിടെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. മറുഫ അക്തറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഇരുവരും. തുടര്‍ന്ന് നതാലി സ്‌കിവര്‍ ബ്രണ്ട് (32) - നൈറ്റ് സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. ഇത് ഇംഗ്ലണ്ടിന് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ സ്‌കിവറിനെ മടക്കിയ അതേ ഓവറില്‍ സോഫിയ ഡങ്ക്ലിയെ (0) ഫഹിമ ഖതുന്‍ മടക്കിയയച്ചു.
പിന്നാലെ എത്തിയ എമ്മാ ലാമ്പ് (1) നിരാശപ്പെടുത്തിയതോടെ അഞ്ചിന് 78 എന്ന നിലയിലായി ഇംഗ്ലണ്ട്. ശേഷം ആലീസ് ക്യാപ്സി (20) - നൈറ്റ് സഖ്യം 25 റണ്‍സ് ചേര്‍ത്തു. ക്യാപ്സിയെ മടക്കാന്‍ ബംഗ്ലാദേശിന് സാധിച്ചെങ്കിലും ചാര്‍ലോട്ട് ഡീനിനെ (പുറത്താവാതെ 27) കൂട്ടുപിടിച്ച് നൈറ്റ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. ഖതുന്‍ ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. റുബ്യ ഹൈദര്‍ (4), നിഗര്‍ സുല്‍ത്താന (0), റിതു മോനി (5), ഫഹിമ ഖതുന്‍ (7), നഹിദ അക്തര്‍ (1), മറൂഫ അക്തര്‍ (0), ഷന്‍ജിത അക്തര്‍ (1) എന്നിവരാണ് പുറത്തായ മറ്റൊരു താരങ്ങള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
