ലോകകപ്പില്‍ പടുകൂറ്റന്‍ തോല്‍വിയുമായി പാക് വനിതകള്‍

സിദ്ര അമീന്‍ ഒറ്റക്ക് പൊരുതിയെങ്കിലും സിദ്ര നവാസ്(5), നതാലിയ പര്‍വേസ്(1), എയ്മാന്‍ ഫാത്തിമ(0) എന്നിവരെ കൂടി വേഗം നഷ്ടമായ പാകിസ്ഥാന്‍ 31-5ലേക്ക് കൂപ്പുകുത്തി

author-image
Biju
New Update
ppp

കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. 222 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ 36.3 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടായി 107 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങി. 

35 റണ്‍സെടുത്ത സിദ്ര ആമിന്‍ ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓസീസിനായി കിം ഗാരത് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മേഗന്‍ ഷട്ടും അന്നാബെല്‍ സതര്‍ലാന്‍ഡും രണ്ട് വിക്കറ്റ് വീതമെടുത്തു. ജയത്തോടെ ഓസ്‌ട്രേലിയന്‍ വനിതകള്‍ അഞ്ച് പോയന്റുമായി പോയന്റ് പട്ടികയില്‍ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്നു. സ്‌കോര്‍ ഓസ്‌ട്രേലിയ 50 ഓവറില്‍ 221-9, പാകിസ്ഥാന്‍ 36.3 ഓവറില്‍ 114ന് ഓള്‍ ഔട്ട്.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും തോറ്റ പാകിസ്ഥാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ വിറപ്പിച്ചെങ്കിലും ബാറ്റിംഗില്‍ അടിതെറ്റി വീഴുകയായിരുന്നു. മൂന്നാം ഓവറിലെ പാകിസ്ഥാന് ഓപ്പണര്‍ സദാഫ് ഷമാസിനെ നഷ്ടമായി. ആറാം ഓവറില്‍ മറ്റൊരു ഓപ്പണറായ മുനീബ അലിയും(3) മടങ്ങി. 

സിദ്ര അമീന്‍ ഒറ്റക്ക് പൊരുതിയെങ്കിലും സിദ്ര നവാസ്(5), നതാലിയ പര്‍വേസ്(1), എയ്മാന്‍ ഫാത്തിമ(0) എന്നിവരെ കൂടി വേഗം നഷ്ടമായ പാകിസ്ഥാന്‍ 31-5ലേക്ക് കൂപ്പുകുത്തി. സ്‌കോര്‍ 50 കടക്കും മുമ്പെ ക്യാപ്റ്റന്‍ ഫാത്തിമ സനയും(11) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. റമീം ഷാമിന്റെയും(15) നഷ്‌റ സന്ധുവന്റെയും(11) പോരാട്ടം പാകിസ്ഥാനെ 100 കടത്തിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ 76-7ലേക്കും 115-8ലേക്കും കൂപ്പുകുത്തിയശേഷമാണ് ബെത്ത് മൂണിയുടെ സെഞ്ചുറിയുടെയും പത്താമതായി ക്രീസിലെത്തി അപരാജിത അര്‍ധസെഞ്ചുറി നേടിയ അലാന കിംഗിന്റെയും ബാറ്റിംഗ് മികവില്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 114 പന്തില്‍ 109 റണ്‍സെടുത്ത് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്തായ ബെത്ത് മൂണിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അലാന കിംഗ് 49 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമ്പതാം വിക്കറ്റ് കൂട്ടുകട്ടില്‍ ഇരുവരും ചേര്‍ന്ന് 106 റണ്‍സാണ് അടിച്ചുകൂട്ടിയത്.

വനിതാ ഏകദിനങ്ങളില്‍ ഒമ്പതാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുമായി ഇരുവരും ഓസീസിനെ 200 കടത്തി. പത്താമനായി ക്രീസിലെത്തി അര്‍ധസെഞ്ചുറി നേടുന്ന ആദ്യതാരമായി അലാന കിംഗ് റെക്കോര്‍ഡിട്ടപ്പോള്‍ ഏഴാം വിക്കറ്റ് വീണശേഷം വനിതാ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന ടീമെന്ന റെക്കോഡ് ഓസ്‌ട്രേലിയയും സ്വന്തമാക്കി. 110 പന്തില്‍ സെഞ്ചുറിയിലെത്തിയ ബെത്ത് മൂണി അവസാന പന്തിലാണ് പുറത്തായത്. പാകിസ്ഥാന് വേണ്ടി നഷ്‌റ സന്ധു മൂന്നും ഫാത്തിമ സനയും റമീന്‍ ഷാമിമും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.