/kalakaumudi/media/media_files/2025/03/26/cnyC5JWKlgNTtHO5gAbJ.jpg)
മുംബൈ: ഇന്ത്യയില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകും. ബിസിസിഐ യോഗത്തിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായി തീരുമാനിച്ചത്.
ഏതൊക്കെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് വച്ച് നടക്കുക എന്ന് വൈകാതെ തീരുമാനിക്കും. വിശാഖപട്ടണം, ഇന്‍ഡോര്‍, ഗുവാഹത്തി, റായ്പൂര്‍, പഞ്ചാബിലെ മുല്ലന്‍പുര്‍ എന്നിവയാണ് മറ്റു വേദികളായി തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 26വരെയാണ് വനിതാ ഏകദിന ലോകകപ്പ്.
ഐസിസി അംഗീകാരത്തിന് ശേഷം ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മുല്ലന്‍പുരാണ് കലാശപോരിന് വേദിയാവുക. നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍ ഉള്‍പ്പടെ തിരുവനന്തപുരത്തിന് അനുവദിച്ചേക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇതാദ്യമായാണ് ഐസിസി ചാംപ്യന്‍ഷിപ്പിന് വേദിയാകുന്നത്.
വിശാഖപട്ടണത്ത് ഒഴികെ മറ്റ് വേദികളിലൊന്നും ഇതുവരെ വനിതാ രാജ്യാന്തര മത്സരത്തിന് വേദിയായിട്ടില്ല. ഇന്‍ഡോറില്‍ മുമ്പ് രണ്ട് തവണ വനിതാ ലോകകപ്പ് മത്സരം നടന്നിട്ടുണ്ടെങ്കിലും അത് രണ്ടും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു. 2000ല്‍ ഹോള്‍ക്കര്‍ സ്റ്റേഡിയം നിലവില്‍ വന്നശേഷം നെഹ്‌റു സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല.
2023ല്‍ ഇന്ത്യ വേദിയായ പുരുഷ ഏകദിന ലോകകപ്പിന്റെ സന്നാഹ മത്സരങ്ങള്‍ ഇവിടെ നടന്നിരുന്നു. ഇതുവരെ 2 ഏകദിനങ്ങള്‍ ഉള്‍പ്പെടെ 6 രാജ്യാന്തര മത്സരങ്ങള്‍ക്കാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 26 വരെയാണ് വനിതാ ഏകദിന ലോകകപ്പിന്റെ ഷെഡ്യൂള്‍. 2013ന് ശേഷം ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.
എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. കന്നി കിരീടമാണ് ഇന്ത്യന്‍ വനിതകളുടെ ലക്ഷ്യം. അതിഥേയരായ ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ,ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ഇതുവരെ വനിതാ ലോകകപ്പിന് യോഗ്യത നേടിയത്. യോഗ്യത നേടുകയാണെങ്കില്‍ പാകിസ്ഥാന്റെ മത്സരത്തിന് യുഎഇയോ ശ്രീലങ്കയോ ആയിരിക്കും വേദിയാവുക. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുണ്ടാക്കിയ ധാരണപ്രകാരമാണിത്.