/kalakaumudi/media/media_files/2025/08/22/karyavattom-2025-08-22-15-06-00.jpg)
തിരുവനന്തപുരം: ആരാധകരെ നിരാശരാക്കി ഇന്ത്യ ആതിഥ്യംവഹിക്കുന്ന വനിതാ ഏകദിന ലോകകപ്പ് കാര്യവട്ടത്ത് കളിക്കില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത് ആരാധകര്‍ക്ക് ആശ്വാസമായിരുന്നു.
എന്നാല്‍ തിരുവനന്തപുരത്ത് മത്സരം ഇല്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരിക്കുകയാണ്. സുരക്ഷാകാര്യങ്ങളും വിമാനസൗകര്യവും ഉള്‍പ്പെടെ എടുത്തുകാട്ടായാണ് മത്സരം തിരുവനന്തപുരത്ത് ഇല്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഐപിഎല്‍ കിരീടം നേടിയ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമിയിലെ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിപ്പ് വന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ പൂര്‍ണമായും തിരുവനന്തപുരത്തേക്ക് മാറ്റുകയാണെങ്കില്‍ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയാകേണ്ടതായിരുന്നു.
സെപ്റ്റംബര്‍ 30-ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്. ഒക്ടോബര്‍ മൂന്നിനുള്ള ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടത്തിനും ഒക്ടോബര്‍ 26-ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനും തിരുവനന്തപുരം വേദിയാകുമെന്നും പറഞ്ഞിരുന്നു. ഒക്ടോബര്‍ 30-നാണ് രണ്ടാം സെമിഫൈനല്‍. ബെംഗളൂരുവില്‍ നിശ്ചയിച്ച ഈ മത്സരവും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രതീക്ഷിച്ചിരുന്നതാണ്.
ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകളാണ് വനിതാ ലോകകപ്പില്‍ മത്സരിക്കുന്നത്. പാകിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലുമാണ് നടക്കുക.