ചെന്നൈ : ബംഗ്ലദേശിനെതിരായ ടെസ്റ്റ് വിജയത്തോടെ, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 7 ജയമുള്ള ഇന്ത്യയുടെ പോയിന്റ് ശതമാനം 71.67 ആണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 12 മത്സരങ്ങളില്‍ നിന്ന് 8 ജയമടക്കം 62.5 ശതമാനം പോയിന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ പോയിന്റ് ശതമാനം 50 ആണ്. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിനു പിന്നാലെ ന്യൂസീലന്‍ഡിനെതിരെ 3 മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. നിലവിലെ ഫോമില്‍ ന്യൂസീലന്‍ഡ് ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയില്ല.
നവംബറില്‍ ആരംഭിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാകും ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവുക. പോയിന്റ് ശതമാനത്തില്‍ മുന്നിലുള്ള ആദ്യ രണ്ടു ടീമുകളാണ് ചാംപ്യന്‍ഷിപ് ഫൈനലിന് യോഗ്യത നേടുക എന്നതിനാല്‍, ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നിറംമങ്ങിയാലും ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചേക്കും. 2025 ജൂണ്‍ 11ന് ലോഡ്‌സിലാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍.
ടെസ്റ്റ് മത്സരങ്ങളില്‍ തോല്‍വിയെക്കാള്‍ കൂടുതല്‍ വിജയങ്ങള്‍ എന്ന നേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ആകെ 580 ടെസ്റ്റ്മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ടീം 179 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ തോല്‍വി വഴങ്ങിയത് 178 തവണ. 222 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഒരു മത്സരം ടൈ. 1932ല്‍ ഇംഗ്ലണ്ടിനെതിരെ ലോഡ്‌സിലായിരുന്നു ഇന്ത്യയുടെ ആദ്യ ഔദ്യോഗിക ടെസ്റ്റ് മത്സരം നടന്നത്. അതില്‍ തോറ്റ ഇന്ത്യ, 92 വര്‍ഷത്തിനിടെ ഇതാദ്യമായാണ് തോല്‍വിയെക്കാള്‍ കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയ (414 ജയം, 232 തോല്‍വി), ഇംഗ്ലണ്ട് (397 ജയം, 325 തോല്‍വി), ദക്ഷിണാഫ്രിക്ക (179 ജയം, 161 തോല്‍വി), പാക്കിസ്ഥാന്‍ (148 ജയം, 144 തോല്‍വി) എന്നീ ടീമുകളാണ് ഇന്ത്യയ്ക്കു പുറമേ, ടെസ്റ്റില്‍ തോല്‍വിയെക്കാള്‍ കൂടുതല്‍ വിജയങ്ങള്‍ സ്വന്തമായുള്ള ടീമുകള്‍.
ഇന്ത്യയുടെ സാധ്യത
ബംഗ്ലദേശിനെതിരെ ഒന്നും ന്യൂസീലന്‍ഡിനെതിരെ മൂന്നും ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ചും അടക്കം 9 ടെസ്റ്റ് മത്സരങ്ങളാണ് ചാംപ്യന്‍ഷിപ്പിനു മുന്‍പ് ഇന്ത്യയ്ക്കു ബാക്കിയുള്ളത്. ഇതില്‍ 4 എണ്ണം ജയിക്കുകയും ഒന്നിലധികം മത്സരങ്ങള്‍ തോല്‍ക്കാതിരിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാം.