തകര്‍ത്തടിച്ച് ജയിച്ച് ആര്‍സിബി, മുംബൈ വീണു

അര്‍ധ സെഞ്ചറി നേടി പുറത്താകാതെനിന്ന ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ നദൈന്‍ ഡി ക്ലര്‍ക്കിന്റെ പ്രകടനമാണ് ആര്‍സിബിക്ക് ത്രില്ലര്‍ വിജയം സമ്മാനിച്ചത്. 44 പന്തുകള്‍ നേരിട്ട താരം രണ്ടു സിക്‌സും ഏഴു ഫോറുകളുമുള്‍പ്പടെ 63 റണ്‍സ് സ്വന്തമാക്കി പുറത്താകാതെനിന്നു.

author-image
Biju
New Update
rcb

നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ തീപ്പൊരി പോരാട്ടം ജയിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഹര്‍മന്‍ പ്രീത് കൗര്‍ നയിച്ച മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് വിക്കറ്റ് വിജയമാണ് സ്മൃതി മന്ഥനയുടെ ആര്‍സിബി സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ മത്സരത്തിലെ അവസാന പന്തിലാണ് ആര്‍സിബി എത്തിയത്. 

അര്‍ധ സെഞ്ചറി നേടി പുറത്താകാതെനിന്ന ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ നദൈന്‍ ഡി ക്ലര്‍ക്കിന്റെ പ്രകടനമാണ് ആര്‍സിബിക്ക് ത്രില്ലര്‍ വിജയം സമ്മാനിച്ചത്. 44 പന്തുകള്‍ നേരിട്ട താരം രണ്ടു സിക്‌സും ഏഴു ഫോറുകളുമുള്‍പ്പടെ 63 റണ്‍സ് സ്വന്തമാക്കി പുറത്താകാതെനിന്നു. ഗ്രേസ് ഹാരിസ് (12 പന്തില്‍ 25), അരുന്ധതി റെഡ്ഡി (25 പന്തില്‍ 20), സ്മൃതി മന്ഥന (13 പന്തില്‍ 18) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. 

അവസാന നാലു പന്തില്‍ 18 റണ്‍സാണു വിജയത്തിലേക്കു വേണ്ടിയിരുന്നത്. രണ്ടു വീതം സിക്‌സും ഫോറും നേടി നദൈന്‍ ആര്‍സിബിയുടെ വിജയമുറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണു നേടിയത്. മലയാളി ഓള്‍റൗണ്ടര്‍ സജനാ സജീവനാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍. 25 പന്തുകള്‍ നേരിട്ട സജന 45 റണ്‍സെടുത്തു പുറത്തായി. ഒരു സിക്‌സും ഏഴു ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു സജനയുടെ ഇന്നിങ്‌സ്. 

നിക്കോള കാരി (29 പന്തില്‍ 40), ഗുനാലന്‍ കമാലിനി (28 പന്തില്‍ 32), ഹര്‍മന്‍പ്രീത് കൗര്‍ (17 പന്തില്‍ 20) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 67 റണ്‍സടിക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ വീണ മുംബൈയെ നിക്കോള- സജന സഖ്യമാണ് സുരക്ഷിതമായ സ്‌കോറിലേക്കെത്തിച്ചത്. ആര്‍സിബിക്കു വേണ്ടി നദൈന്‍ ഡെ ക്ലര്‍ക്ക് നാലു വിക്കറ്റുകള്‍ വീഴ്ത്തി.