ഗ്രേസും സ്മൃതിയും മിന്നി; ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ജയം

ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ (35 പന്തില്‍ 45 നോട്ടൗട്ട്), വിന്‍ഡീസ് താരം ഡിയാന്‍ഡ്ര ഡോട്ടിന്‍ (37 പന്തില്‍ 40 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് യുപിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

author-image
Biju
New Update
RCB 1

നവി മുംബൈ: യുപി വോറിയേഴ്‌സ് 20 ഓവറില്‍ വിയര്‍ത്തുനേടിയ സ്‌കോര്‍ മറികടക്കാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 12 ഓവര്‍ തന്നെ ധാരാളം. ഓപ്പണര്‍മാരായ ഗ്രേസ് ഹാരിസും (40 പന്തില്‍ 85) സ്മൃതി മന്ഥനയും (32 പന്തില്‍ 47) തകര്‍ത്തടിച്ച മത്സരത്തില്‍ യുപിക്കെതിരെ ബെംഗളൂരുവിന് 9 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുപി 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി.

ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ (35 പന്തില്‍ 45 നോട്ടൗട്ട്), വിന്‍ഡീസ് താരം ഡിയാന്‍ഡ്ര ഡോട്ടിന്‍ (37 പന്തില്‍ 40 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് യുപിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഒന്നാം വിക്കറ്റില്‍ 137 റണ്‍സ് അടിച്ചെടുത്ത ഗ്രേസ് സ്മൃതി സഖ്യത്തിന്റെ ബലത്തില്‍ ബെംഗളൂരു 12.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: യുപി 20 ഓവറില്‍ 5ന് 143. ബെംഗളൂരു 12.1 ഓവറില്‍ 1ന് 145. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാമതായി. 

144 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരുവിന് മിന്നും തുടക്കമാണ് ഗ്രേസും സ്മൃതിയും നല്‍കിയത്. യുപി ബോളര്‍മാരെ കടന്നാക്രമിച്ച ഗ്രേസ് അനായാസം സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഒരറ്റത്ത് കരുതലോടെ കളിച്ച സ്മൃതി വിക്കറ്റ് സംരക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചു. യുപി താരം ഡിയാന്‍ഡ്ര ഡോട്ടിന്‍ എറിഞ്ഞ ആറാം ഓവറില്‍ 3 വീതം സിക്‌സും ഫോറുമടക്കം 32 റണ്‍സാണ് ഗ്രേസ് അടിച്ചെടുത്തത്. ഡബ്ല്യുപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഓവറാണിത്.

ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം സ്‌നേഹ് റാണയും ഒരു ഓവറില്‍ 32 റണ്‍സ് വഴങ്ങിയിരുന്നു. പവര്‍പ്ലേ അവസാനിച്ചതിനു പിന്നാലെ സ്മൃതിയും ആക്രമണത്തിലേക്കു നീങ്ങിയതോടെ യുപി ബോളര്‍മാര്‍ ചിത്രത്തിലേ ഇല്ലാതായി. 40 പന്തില്‍ 5 സിക്‌സും 10 ഫോറും അടങ്ങുന്നതാണ് ഗ്രേസിന്റെ ഇന്നിങ്‌സ്. ഗ്രേസ് പുറത്തായെങ്കിലും റിച്ച ഘോഷിനെ (2 പന്തില്‍ 4 നോട്ടൗട്ട്) കൂട്ടുപിടിച്ച് മറ്റു പരുക്കുകള്‍ ഇല്ലാതെ സ്മൃതി ബെംഗളൂരുവിനെ ലക്ഷ്യത്തില്‍ എത്തിച്ചു.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത യുപിയെ ആറാം വിക്കറ്റില്‍ 70 പന്തില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത ദീപ്തി ഡോട്ടിന്‍ സഖ്യമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 35 പന്തില്‍ 5 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് ദീപ്തിയുടെ ഇന്നിങ്‌സ്. 3 ഫോറും ഒരു സിക്‌സും അടക്കമാണ് ഡോട്ടിന്‍ 40 റണ്‍സ് നേടിയത്. ബെംഗളൂരുവിനായി നഡീന്‍ ഡി ക്ലര്‍ക്കും ശ്രേയങ്ക പാട്ടീലും 2 വിക്കറ്റ് വീതം നേടി.

ഇന്നു നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്‌സും ഏറ്റുമുട്ടും. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഡല്‍ഹിയെ 4 റണ്‍സിന് തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് എത്തുന്നത്.