/kalakaumudi/media/media_files/2025/10/30/austin-2025-10-30-17-11-24.jpg)
മെല്‍ബണ്‍: പരിശീലനത്തിനിടെ പന്ത് കൊണ്ട് ഓസീസ് ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം. പതിനേഴുകാരനായ ബെന്‍ ഓസ്റ്റിനാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.
പ്രാദേശിക ക്ലബ്ബിനായി കളിക്കുന്ന ഓസ്റ്റിന്‍ ടി20 മത്സരത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. ഓട്ടോമാറ്റിക് ബൗളിങ് മെഷീന്‍ വഴി ബാറ്റിങ് പരിശീലനത്തിലായിരുന്നു താരം. അതിനിടെ പന്ത് കൊണ്ട് തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കേ ബുധനാഴ്ചയാണ് മരണം സംഭവിക്കുന്നത്.
ഓസ്റ്റിന്റെ മരണത്തില്‍ ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് കൊണ്ട് താരങ്ങള്‍ മരണപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓസീസ് താരം ഫില്‍ ഹ്യൂസ്, ഇന്ത്യന്‍ താരം രമണ്‍ ലാംബ എന്നിവരുടെ മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഒന്നാണ്.
2014 നവംബര്‍ 25-ന് സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് സൗത്ത് ഓസ്ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുളള ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് സംഭവം. പേസ് ബൗളര്‍ ഷോണ്‍ ആബട്ടിന്റെ ബൗണ്‍സര്‍ ഹ്യൂസിന്റെ തലയ്ക്കു പിന്നില്‍ ഇടിക്കുകയായിരുന്നു.
പുള്‍ ഷോട്ട് കളിക്കാനാഞ്ഞ ഹ്യൂസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഹെല്‍മറ്റിന്റെ സുരക്ഷയില്ലാത്ത ഭാഗത്ത് പന്ത് തട്ടുകയായിരുന്നു. ഒന്ന് തിരിഞ്ഞ ശേഷം ഹ്യൂസ് മുഖമടിച്ച് ഗ്രൗണ്ടില്‍ വീണു. പെട്ടെന്നു തന്നെ ഓടിയെത്തിയ സഹതാരങ്ങളും മെഡിക്കല്‍ സ്റ്റാഫും ഹ്യൂസിന് പ്രാഥമിക ചികിത്സ നല്‍കി. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മുഖേന സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. പക്ഷേ താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
