ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി; ഓസ്‌ട്രേലിയയെ തീര്‍ത്ത് സിംബാബ്വെ

ആദ്യം ബാറ്റു ചെയ്ത സിംബാബ്വെ 20 ഓവറില്‍ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 19. 3 ഓവറില്‍ 146 റണ്‍സിന് ഓള്‍ഔട്ടായി

author-image
Biju
New Update
zemb

കൊളംബോ: ഒടുവില്‍ അതു സംഭവിച്ചു, 2026 ട്വന്റി20 ലോകകപ്പില്‍ പല അട്ടിമറികളും അവസാനിമിഷം മാറിമറിഞ്ഞെങ്കിലും ഇത്തവണ തെറ്റിയില്ല. ലോക ക്രിക്കറ്റിലെ തന്നെ വമ്പന്മാരായ, മുന്‍ ചാംപ്യന്മാരായ, ഇത്തവണയും ചാംപ്യന്മാരാകാന്‍ സാധ്യതയുണ്ടെന്ന് കല്‍പ്പിക്കപ്പെടുന്ന ഓസ്‌ട്രേലിയയെ തകര്‍ത്ത് സിംബാബ്വെയാണ് ആ നേട്ടം കൈവരിച്ചത്. 

കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കംഗാരുക്കളെ 23 റണ്‍സിനാണ് സിംബാബ്വെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത സിംബാബ്വെ 20 ഓവറില്‍ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 19. 3 ഓവറില്‍ 146 റണ്‍സിന് ഓള്‍ഔട്ടായി. ആധികാരികമായ വിജയം.

നാല് വിക്കറ്റ് വീഴ്ത്തി ബ്ലസിങ് മുസറബനി, മൂന്നു വിക്കറ്റെടുത്ത ബ്രാഡ് ഇവാന്‍സ് എന്നിവരാണ് ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബ്ലസിങ് മുസറബനി നാലു വിക്കറ്റ് വീഴ്ത്തിയത്. ബാറ്റിങ്ങില്‍, അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ ബ്രയാന്‍ ബെനറ്റ് (56 പന്തില്‍ 64*), ദടിവനാഷെ മരുമാനി (21 പന്തില്‍ 35), റയാന്‍ ബര്‍ള്‍ (30 പന്തില്‍ 35) എന്നിവരും തിളങ്ങി. ഒന്നാം വിക്കറ്റില്‍ ബ്രയാന്‍ ബെനറ്റും മരുമാനിയും ചേര്‍ന്ന് 61 റണ്‍സെടുത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ ബെന്നറ്റ് റയാന്‍ സഖ്യം 70 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍, അര്‍ധസെഞ്ചറി നേടിയ മാറ്റ് റെന്‍ഷോ (44 പന്തില്‍ 65), ഗ്ലെന്‍ മാക്സ്വെല്‍ (32 പന്തില്‍ 31) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഇവരെക്കൂടാതെ ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ് (15 പന്തില്‍ 17) മാത്രമാണ് രണ്ടക്കം കടന്നത്. ബാക്കി എട്ടു പേരും രണ്ടക്കം കടന്നില്ല. മൂന്നു പേര്‍ സംപൂജ്യരാണ്. തോല്‍വിയോടെ ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്തായി. രണ്ടു കളികളില്‍നിന്ന് രണ്ടു ജയവുമായി സിംബാബ്വെയാണ് രണ്ടാം സ്ഥാനത്ത്. ശ്രീലങ്കയാണ് ഒന്നാമത്.