/kalakaumudi/media/media_files/MSggj7VBICbkGvKY6F5K.jpg)
Thangalaan movie poster
ചിയാൻ വിക്രം നായകനായെത്തുന്ന 'തങ്കലാനി'ൽ പാർവതി തിരുവോത്ത് വേഷമിടുന്ന ഗംഗമ്മ എന്ന കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി. നടിയുടെ ജന്മദിനത്തിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായാണ് താരം എത്തുന്നത്.
ചലച്ചിത്ര പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാൻ'.വ്യത്യസ്ത കഥ പ്രമേയങ്ങൾ തിരഞ്ഞെടുക്കുന്ന വിക്രമിന്റെ ഇതുവരെ കാണാത്ത പ്രകടനങ്ങളും രൂപഭാവങ്ങളും ആണ് ചിത്രത്തിൽ കാണാൻ സാധിക്കുക എന്നാണ് റിപ്പോർട്ടുകൾ. താരവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സിനിമയുടെ ടീസറും നല്ല ജനശ്രദ്ധ നേടിയിരുന്നു.
കോലാർ സ്വർണ ഖനി പശ്ചാത്തലമാക്കി അണിയിച്ചൊരുക്കിയ പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. തമിഴിനു പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തങ്കലാൻ തിയേറ്ററുകളിലെത്തും.നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മാളവികാ മോഹനൻ, പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ.
അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്. എസ്. മൂർത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ.