വയലൻസ് കൂടിപ്പോയി; വിക്രമിൻറെ 'വീര ധീര ശൂരൻ' ഫസ്റ്റ്ലുക്ക് പോസ്റ്റർ വിവാദത്തിൽ

രണ്ടുകൈകളിലും മൂർച്ചയേറിയ ആയുധങ്ങളുമായി നിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്.

author-image
Rajesh T L
New Update
veera dheera shooran

വീര ധീര ശൂരൻ എന്ന ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

Listen to this article
0.75x1x1.5x
00:00/ 00:00

വിക്രമിനെ നായകനാക്കി എസ്.യു. അരുൺകുമാർ സംവിധാനംചെയ്യുന്ന "വീര ധീര ശൂരൻ" എന്ന ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടൈറ്റിൽ ടീസറും വിവാദത്തിൽ. വിക്രമിന്റെ 62-ാം ചിത്രമായി ഒരുങ്ങുന്ന ചിത്രമാണ് വീര ധീര ശൂരൻ.  സിനിമയുടെ ആദ്യ പോസ്റ്ററാണ് വിവാദത്തിലായത്. 

രണ്ടുകൈകളിലും മൂർച്ചയേറിയ ആയുധങ്ങളുമായി നിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. ഇതിനെതിരെ സെൽവം എന്ന സാമൂഹ്യ പ്രവർത്തകൻ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. പോസ്റ്ററിലൂടെ അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പോസ്റ്റർ യുവാക്കളിൽ അക്രമമുണ്ടാക്കാൻ പ്രേരിപ്പിക്കുന്നതായും പരാതിക്കാരൻ ആരോപിക്കുന്നു.

നായകനായ വിക്രം, സംവിധായകൻ അരുൺകുമാർ, ഛായാ​ഗ്രാഹകൻ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി പ്രിവെൻഷൻ ആക്ട് പ്രകാരവും നടപടിയെടുക്കണമെന്നാണ് സെൽവത്തിൻറെ ആവശ്യം. 

ദുഷാര വിജയനാണ് വീര ധീര ശൂരനിൽ നായികയായി എത്തുന്നത്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമ്മൂട് മുതലായ താരങ്ങളും ചിത്രത്തിലുണ്ട്. എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു നിർമ്മിക്കുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ജി വി പ്രകാശ് സംഗീതസംവിധാനവും തേനി ഈശ്വർ ഛായാഗ്രഹണവും എഡിറ്റിങ് പ്രസന്ന ജി. കെയും ആർട്ട് ഡയറക്ഷൻ സി. എസ്. ബാലചന്ദറും നിർവഹിക്കുന്നു.

veera dheera shooran chiyaan vikram