ബയോടെക്‌നോളജിയിലൂടെ നിത്യ യൗവനം; വമ്പന്‍ നടപടികളുമായി ഇലോണ്‍ മസ്‌ക്

ചൊവ്വായില്‍ മനുഷ്യ കോളനി സ്ഥാപിക്കണമെന്ന തന്റെ സ്വപ്ന ദൗത്യത്തിന് ഊന്നല്‍ നല്‍കി നടക്കുകയായിരുന്ന മസ്‌ക്, പെട്ടെന്നാണ് മരണം പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ് എന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

author-image
Biju
New Update
bio

വാഷിങ്ടണ്‍: മരണം വൈദ്യശാസ്ത്രപരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നമാണെന്ന ധീരമായ അവകാശവാദവുമായി എത്തിയിരിക്കുകയാണ് ടെസ്ല കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. പ്രായമാകല്‍ മൂലമുള്ള മരണം വൈകിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാമെന്നാണ് പറയുന്നത്. അങ്ങനെ ഭാഗിക അനശ്വരത്വം ശാസ്ത്രീയമായി സാധ്യമാണ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ശരീരത്തില്‍ നടക്കുന്ന പ്രായമാകല്‍ പ്രക്രിയ ക്രമീകരിക്കാനാകുന്ന ഒന്നാണെന്നും, അതിനൂതന ബയോടെക്നോളജിക്ക് അത് ചെയ്യാനായേക്കുമെന്നുമാണ് മസ്‌ക് പറയുന്നത്. അതേസമയം, ഇത് പുതിയ അവകാശവാദമല്ല. ഇതിനായുള്ള പല ഗവേഷണങ്ങളും ത്വരിതഗതിയില്‍ നടക്കുന്നുണ്ട്.

ചൊവ്വായില്‍ മനുഷ്യ കോളനി സ്ഥാപിക്കണമെന്ന തന്റെ സ്വപ്ന ദൗത്യത്തിന് ഊന്നല്‍ നല്‍കി നടക്കുകയായിരുന്ന മസ്‌ക്, പെട്ടെന്നാണ് മരണം പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ് എന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധയും ഈ മേഖലയില്‍ പതിഞ്ഞാല്‍ മനുഷ്യരാശിക്ക് ഈ നേട്ടം നേരത്തെയാക്കാന്‍ കഴിയുമോ എന്ന കാര്യത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകളും ആരംഭിച്ചു. 

മൂണ്‍ഷോട്ട് (Moonshot) പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് മസ്‌ക് മനുഷ്യരുടെ ജീവിതകാലം നീട്ടിക്കിട്ടുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചത്. അത് ഒരു പക്ഷെ ഒരു ഭാഗിക അനശ്വരത്വം (semi-immortality) പോലും സാധ്യമായേക്കാമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഗവേഷകരെ സംബന്ധിച്ച് അത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക, അല്ലെങ്കില്‍ ഭാഗിക അനശ്വരത്വം കൈവരിക്കുക എന്നത് വളരെ സാധ്യതയുള്ള കാര്യമാണെന്ന് താന്‍ വളരെ കാലമായി കരുതിവരികയായിരുന്നു എന്ന് മസ്‌ക് പറഞ്ഞു. ഈ നേട്ടം കൈവരിക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായേക്കില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ആവശ്യമുള്ള ജൈവശാസ്ത്രപരമായ ടൂളുകള്‍ ഉപയോഗിച്ച് പ്രായമാകല്‍ പ്രക്രിയയെ വരുതിയില്‍ കൊണ്ടുവരാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ പ്രായമാകല്‍ പ്രക്രിയാണെന്ന് മസ്‌ക് പോഡ്കാസ്റ്റില്‍ അവകാശപ്പെട്ടു. ഇതിന് മാറ്റം വരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മസ്‌കിന്റെ അവകാശവാദം വരുന്നത് മറ്റു ടെക്നോളജി കമ്പനികളും ഈ ലക്ഷ്യത്തിനായി ഗൗരവത്തോടെ രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ്. ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ട്മാന്‍, ആന്റി എയ്ജിങ് ഉത്ബോദകനും ടെക് മേഖലയിലെ പ്രമുഖനുമായ ബ്രയന്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ ഈ പ്രായമാകല്‍ വിരുദ്ധ ടെക്നോളജിക്കായി പണമെറിയുന്ന സാഹചര്യത്തിലാണ്. ആന്റി-എയ്ജിങ്, ലോഞ്ജവിറ്റി സ്റ്റാര്‍ട്ട്അപ്പുകള്‍ ജീവിതദൈര്‍ഘ്യം നീട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഗവേഷണത്തിന് പണമെറിയുകയാണ് ടെക് കോടീശ്വരര്‍.

നിങ്ങളുടെ ശരീരം പ്രായത്തിന് അനുസരിച്ച് അതില്‍ നടക്കുന്ന എല്ലാ പ്രക്രിയകളും കൃത്യമായി ഏകകാലീകരിക്കുന്നു (synchronize). ഉദാഹരണത്തിന് ഒരാള്‍ക്ക് പ്രായമായ ഒരു വലതു കൈയ്യും പ്രായം കുറഞ്ഞ ഇടതു കൈയ്യും ഇല്ല. എന്നുപറഞ്ഞാല്‍ ശരീരത്തിലെ ക്ലോക്കിന് ഇക്കാര്യത്തിലെല്ലാം അപാരമായ വ്യക്തതയുണ്ട്, മസ്‌ക് പറയുന്നു. അതെന്തുകൊണ്ടാണ്? ശരീരത്തിലെ ക്ലോക്ക് അതെല്ലാം സിങ്ക്രണൈസ് ചെയ്തു കൊണ്ടുനടക്കുന്നു. ഇങ്ങനെയാണ് നിങ്ങളുടെ ഉള്ളില്‍ പ്രകൃതിവച്ചിരിക്കുന്ന ക്ലോക്ക് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതായത്, പ്രീ പ്രോഗ്രാംഡ് ക്ലോക്ക് പ്രവര്‍ത്തിക്കുന്നത്. ഈ പ്രോഗ്രാമിന് മാറ്റം വരുത്തിയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്ന് മസ്‌ക് വാദിക്കുന്നു.

ഒട്ടനവധി മേഖലകളില്‍ കൈവയ്ക്കുകയും വിജയിക്കുകയും ചെയ്ത മസ്‌കും ഇനി പ്രായമാകലിനെതിരെയുള്ള നീക്കത്തിന് തന്റെ പിന്‍ബലം നല്‍കുമോ എന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ഓള്‍ട്ട്മാന്‍ തന്റെ നിക്ഷേപം ഇറക്കിയിരിക്കുന്നത് റെട്രോ ബയോസയന്‍സസ് (Retro Biosciences) എന്ന സ്ഥാപനത്തിലാണ്. ആരോഗ്യകരമായ മനുഷ്യജീവിതം 10 വര്‍ഷത്തേക്കു കൂടെ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്. താന്‍ റെട്രോ ബയോസയന്‍സസില്‍ 180 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഓള്‍ട്ട്മാന്‍ 2023ല്‍ പറഞ്ഞിരുന്നു.

അതുപോലെ തന്നെ പ്രായമാകലിനെതിരെയുള്ള പോരാട്ടത്തില്‍ സ്വന്തം ശരീരത്തില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തിവന്ന വ്യക്തിയാണ് ബ്രയന്‍ ജോണ്‍സണ്‍. അടുത്തിടെ അദ്ദേഹം അങ്ങനെയുള്ള തന്റെ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ദശലക്ഷക്കണക്കിന് ഡോളറാണ് അദ്ദേഹം ഇക്കാര്യത്തില്‍ ഓരോ വര്‍ഷവും പൊടിച്ചു പോന്നത്. 

ബ്ലൂപ്രിന്റ് എന്ന പദ്ധതിയാണ് ജോണ്‍സണ്‍ ഇപ്പോള്‍ നടത്തിപ്പോരുന്നത്. ജൈവികമായ പ്രായമാകല്‍ പ്രക്രിയയെ വഴിതിരിച്ചുവിടുകയോ മാറ്റുകയോ ഒക്കെ ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ കമ്പനിയുടെയും ലക്ഷ്യം. എന്തായാലും, മസ്‌ക് ഈ മേഖലയിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ല.