എഐ ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രായോഗിക പരിഹാരങ്ങള്‍ ചര്‍ച്ചയാക്കാന്‍ ഇന്ത്യ

സുരക്ഷാ ഭീഷണികളെക്കാള്‍ ഉപരിയായി, സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് എഐലൂടെ എങ്ങനെ പരിഹാരം കണ്ടെത്താം എന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്

author-image
Biju
New Update
ai summit

ന്യൂഡല്‍ഹി: കൃത്രിമബുദ്ധി  മേഖലയിലെ ആഗോള ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി ന്യൂഡല്‍ഹി മാറുന്നു. ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ന് ഇന്ന് തലസ്ഥാന നഗരിയില്‍ തുടക്കമാകും. ആഗോള ദക്ഷിണ രാജ്യങ്ങളില്‍  ആദ്യമായാണ് ഇത്തരമൊരു ഉച്ചകോടി നടക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ പ്രായോഗിക വശങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് ഈ മേഖലയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 16 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ഉച്ചകോടി ഫെബ്രുവരി 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഭാരത് മണ്ഡപത്തില്‍ വച്ച് പ്രധാനമന്ത്രി ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026 ഉദ്ഘാടനം ചെയ്യും. നയരൂപീകരണവും പ്രായോഗികതയും സംഗമിക്കുന്ന വേദിയായിരിക്കും ഇതെന്നും സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ എഐ ചെലുത്തുന്ന സ്വാധീനം ഇവിടെ പ്രദര്‍ശിപ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുമ്പ് ബ്രിട്ടനിലും ദക്ഷിണ കൊറിയയിലും ഫ്രാന്‍സിലും നടന്ന ഉച്ചകോടികളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. സുരക്ഷാ ഭീഷണികളെക്കാള്‍ ഉപരിയായി, സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് എഐലൂടെ എങ്ങനെ പരിഹാരം കണ്ടെത്താം എന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്.

ഐടി സെക്രട്ടറി എസ്. കൃഷ്ണന്റെ വാക്കുകളില്‍ 'ജനങ്ങള്‍, ഭൂമി, പുരോഗതി' എന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് പ്രാദേശികമായി വികസിപ്പിച്ച എഐ പരിഹാരങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കും.

നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇരുപതിലധികം ഭരണത്തലവന്മാരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ, സ്പെയിന്‍ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് എന്നിവര്‍ അതിഥികളായെത്തും.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങിയ സാങ്കേതിക ലോകത്തെ പ്രമുഖരും ഉച്ചകോടിയുടെ ഭാഗമാകും.

ഏതാനും രാജ്യങ്ങളുടെ കൈകളില്‍ മാത്രം എഐ സാങ്കേതികവിദ്യ ഒതുങ്ങിനില്‍ക്കാതെ എല്ലാവര്‍ക്കും ലഭ്യമാക്കുക. സര്‍വം , ഭാരത്ജെന്‍  തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ വികസിപ്പിച്ച ഭാഷാ മോഡലുകളുടെ ലോഞ്ച് ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നു.എഐ കടന്നുവരുന്നതോടെ തൊഴില്‍ വിപണിയിലുണ്ടാകുന്ന മാറ്റങ്ങളും പുതിയ നൈപുണ്യ വികസനവും ചര്‍ച്ചയാകും.

വിവരശേഖരണത്തിലെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാനുള്ള നയരൂപീകരണം.അടുത്ത അഞ്ച് ദിവസങ്ങളിലായി 500-ലധികം സെഷനുകളാണ് ഉച്ചകോടിയുടെ ഭാഗമായി നടക്കുക. എഐ സാങ്കേതികവിദ്യ എങ്ങനെ ചെറുകിട ബിസിനസ്സുകള്‍ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമാക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളും ഇതില്‍ ഉള്‍പ്പെടുന്നു.