കാലിഫോര്‍ണിയ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ ഞെട്ടിക്കാന്‍ ബദല്‍ സംവിധാനത്തിന് ഓപ്പണ്‍എഐ കച്ചമുറുക്കുന്നതായി റിപ്പോര്‍ട്ട്. എക്സിന് സമാനമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ ഭീമന്‍മാരായ ഓപ്പണ്‍എഐ എന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷന്‍ വികസനത്തെ കുറിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിക്കാന്‍ ഓപ്പണ്‍എഐ തയ്യാറായില്ല.
ഓപ്പണ്‍എഐയുടെ പ്രമുഖ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിയുടെ ഇമേജ് ജനറേഷന്‍ പ്രോട്ടോടൈപ്പ് അടിസ്ഥാനത്തിലാണ് സോഷ്യല്‍ ഫീഡ് പണിപ്പുരയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനത്തെ പ്രത്യേക ആപ്ലിക്കേഷനായാണോ അതോ ചാറ്റ്‌ജിപിടിക്ക് ഉള്ളില്‍ തന്നെ ഇന്‍റഗ്രേറ്റ് ചെയ്തുള്ള ഇന്‍റര്‍ഫേസായാണോ ഓപ്പണ്‍എഐ അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. ആരംഭഘട്ടത്തിലാണ് ഈ പ്രൊജക്റ്റ് എങ്കിലും പദ്ധതിയെ കുറിച്ച് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍ ആളുകളുടെ പ്രതികരണം ആരാഞ്ഞുവരികയാണ് എന്ന് വെര്‍ജിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ഓപ്പണ്‍എഐയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പുറത്തിറങ്ങിയാല്‍ അത് സാം ആള്‍ട്ട്‌മാനും ഇലോണ്‍ മസ്‌കും തമ്മില്‍ നേരിട്ടുള്ള ടെക് പോരാട്ടം മൂര്‍ച്ഛിക്കും. എക്സിന് സമാനമായ മൈക്രോബ്ലോഗിംഗ് ആപ്ലിക്കേഷനാണ് ഓപ്പണ്‍എഐ തയ്യാറാക്കുന്നത്. എക്‌സിന്‍റെ ഉടമ ശതകോടീശ്വരനായ മസ്‌കാണ്. 2015ല്‍ ആള്‍ട്ട്‌മാനും മസ്‌കും അടക്കമുള്ള ഒരു സംഘമാണ് ഓപ്പണ്‍എഐ സ്ഥാപിച്ചത്. എന്നാല്‍ 2018ല്‍ ഇലോണ്‍ മസ്‌ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ച് ഓപ്പണ്‍എഐ വിട്ടു. മസ്‌ക് ബൈ പറഞ്ഞ് പോയതിന് ശേഷമാണ് ആള്‍ട്ട്‌മാന്‍റെ നായകത്വത്തില്‍ ഓപ്പണ്‍എഐ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് ലോകശക്തികളാവുന്നത്.
ഇലോണ്‍ മസ്‌കും സാം ആള്‍ട്ട്‌മാനും തമ്മില്‍ ഇതിനകം ടെക് ലോകത്ത് വലിയ നിയമപോരാട്ടം നടക്കുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യം ഓപ്പണ്‍എഐയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ഓഫറിന് 'നന്ദി' പറഞ്ഞ് ഒഴിയുകയാണ് ആള്‍ട്ട്‌മാന്‍ ചെയ്തത്. മാത്രമല്ല, 2024ല്‍ ഓപ്പണ്‍എഐയ്ക്കെതിരെ മസ്‌ക് നിയമപോരാട്ടവും ആരംഭിച്ചിരുന്നു. മാനവികതയ്ക്ക് വേണ്ടി എഐ വളര്‍ത്തണം എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് ലാഭക്കണ്ണോടെയാണ് ഓപ്പണ്‍എഐ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് മസ്‌കിന്‍റെ ആരോപണം. ഈ കേസില്‍ അടുത്ത വര്‍ഷം വാദം ആരംഭിക്കും.
ഓപ്പണ്‍എഐ അണിയറയില്‍ തയ്യാറാക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഈ രംഗത്തെ ഏറ്റവും കരുത്തരായ മെറ്റയ്ക്കും വെല്ലുവിളിയായേക്കും. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ത്രഡ്സ് തുടങ്ങിയ സാമൂഹ്യ മാധ്യമ ആപ്ലിക്കേഷനുകളുടെ ഉടമകളാണ് മെറ്റ. എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ എക്‌സും മെറ്റയും വലിയ അളവില്‍ സോഷ്യല്‍ ആപ്പുകളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നുണ്ട്.