ഇന്ത്യന്‍ ഐ.ടി ഭീമന്മാര്‍ക്ക് വെല്ലുവിളിയുമായി ആന്ത്രോപിക് ബെംഗളൂരുവില്‍

ഉത്തരവാദിത്തമുള്ള എഐ (Responsible AI) കൂടുതല്‍ ആളുകളിലേക്കും സംരംഭങ്ങളിലേക്കും എത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആന്ത്രോപിക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ഐറിന ഘോസ് പറഞ്ഞു

author-image
Biju
New Update
anthropic

ബെംഗളുരു: ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ പ്രമുഖരായ ആന്ത്രോപിക് (Anthropic) ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഓഫീസ് ബെംഗളൂരുവില്‍ തുറന്നു. ഏഷ്യാ പസഫിക് മേഖലയിലെ കമ്പനിയുടെ രണ്ടാമത്തെ ഓഫീസാണിത്. ലോകമെമ്പാടുമുള്ള ക്ലോഡ് (Claude.ai) ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് എന്നത് ഈ തീരുമാനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിനും സിസ്റ്റങ്ങള്‍ നവീകരിക്കുന്നതിനുമുള്ള കമ്പ്യൂട്ടര്‍, മാത്തമാറ്റിക്കല്‍ ജോലികള്‍ക്കായാണ് ഇന്ത്യയിലെ ക്ലോഡ് ഉപയോഗത്തിന്റെ പകുതിയോളം വിനിയോഗിക്കപ്പെടുന്നത്. ഉത്തരവാദിത്തമുള്ള എഐ (Responsible AI) കൂടുതല്‍ ആളുകളിലേക്കും സംരംഭങ്ങളിലേക്കും എത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആന്ത്രോപിക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ഐറിന ഘോസ് പറഞ്ഞു. ഇതിനായി ബിസിനസ്, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ പുതിയ പങ്കാളിത്തങ്ങള്‍ കമ്പനി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിലെ എഐ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി മലയാളം ഉള്‍പ്പെടെ പത്ത് ഔദ്യോഗിക ഭാഷകളില്‍ കമ്പനി വലിയ തോതിലുള്ള ഗവേഷണം നടത്തുന്നുണ്ട്. കൃഷി, നിയമം എന്നീ മേഖലകളില്‍ പ്രാദേശികമായ വെല്ലുവിളികള്‍ നേരിടുന്നതിനായി 'കാര്യ' (Karya), 'കളക്ടീവ് ഇന്റലിജന്‍സ് പ്രോജക്റ്റ്' തുടങ്ങിയ സംഘടനകളുമായും ഡിജിറ്റല്‍ ഗ്രീന്‍ പോലുള്ള എന്‍ജിഒകളുമായും സഹകരിച്ചാണ് ആന്ത്രോപിക് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ മികച്ച സാങ്കേതിക പ്രതിഭകളുടെ സഹകരണത്തോടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനാണ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുകയെന്ന് ഐറിന പറഞ്ഞു. അടുത്തിടെ 30 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നേടിയ കമ്പനിയുടെ ഈ ഇന്ത്യന്‍ വിപുലീകരണം എഐ വ്യവസായത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.