/kalakaumudi/media/media_files/2025/09/10/iphone-2025-09-10-09-23-18.jpg)
കൊച്ചി: ടെക് പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍. ഏറ്റവും കനംകുറഞ്ഞ ഐ.ഫോണ്‍ എയര്‍ ഉള്‍പ്പടെ നാല് വേരിയന്റുകളാണ് 17 സീരിസില്‍ ആപ്പിള്‍ പുറത്തിറക്കിയത്. അള്‍ട്രാ-തിന്‍ ആപ്പിള്‍ ഐഫോണ്‍ എയര്‍, ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയാണ് പുതിയ മോഡലുകള്‍. ആപ്പിള്‍ പുറത്തിറക്കിയിട്ടുള്ളതില്‍ ഏറ്റവും കനംകുറഞ്ഞ ഫോണാണ് ഐ.ഫോണ്‍ എയര്‍.
48 മെഗാപിക്‌സല്‍ ക്യാമറ, പ്രോ മോഷന്‍ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളുമായി ഇറങ്ങുന്ന 17 സീരിസിന് കരുത്ത് പകരുന്നത് പുതിയ A19 ചിപ്പ്‌സെറ്റ് ആണ്. ആപ്പിള്‍ ഇന്റലിജന്‍സ് എന്നറിയപ്പെടുന്ന എ.ഐ ഫീച്ചറുകളും പുതിയ മോഡലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐ.ഒ.എസ് 26 ആയിരിക്കും 17 സീരിസില്‍ ഉണ്ടാവുക. മാത്രമല്ല, മുമ്പ് പ്രോ മോഡലുകള്‍ക്ക് മാത്രമുള്ള സവിശേഷതായിരുന്നെങ്കില്‍ 17 സീരീസില്‍ എല്ലാ മോഡലുകളിലും 120Hz റിഫ്രഷ് റേറ്റ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഐഫോണ്‍ എയര്‍
ഏറ്റവും കനം കുറഞ്ഞ ഐഫോണാണ് പുതിയ ആപ്പിള്‍ ഐഫോണ്‍ എയര്‍ (5.6mm). ടൈറ്റാനിയം ഫ്രെയിമും അതിനെ സംരക്ഷിച്ചുകൊണ്ടുള്ള സെറാമിക് ഷീല്‍ഡുമുള്ളതിനാല്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതായിരിക്കും ഐഫോണ്‍ എയര്‍ എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. 120Hz റിഫ്രഷ് റേറ്റ്, 3,000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്പ്ലേയാണ് മോഡലിനുള്ളത്. A19 പ്രോ ചിപ്പാണ് കരുത്ത് പകരുന്നത്. ആപ്പിള്‍ നിര്‍മ്മിച്ച C1x മോഡവും മോഡലിനുണ്ട്.
12MP ടെലിഫോട്ടോ ലെന്‍സുള്ള 48MP ഫ്യൂഷന്‍ ക്യാമറ സിസ്റ്റമാണ് ഐഫോണ്‍ എയറിനുള്ളത്. ഫ്രണ്ട്, റിയര്‍ ക്യാമറകള്‍ ഉപയോഗിച്ച് ഒരേസമയം വിഡിയോ റെക്കോര്‍ഡുചെയ്യാന്‍ സാധിക്കും. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 18MP സെല്‍ഫി ക്യാമറയുണ്ട്. വൈ-ഫൈ 7, ബ്ലൂടൂത്ത് 6, ത്രെഡ് എന്നിവയ്ക്ക് പിന്തുണ നല്‍കുന്ന പുതിയ N1 ചിപ്പ് ഡിസൈനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 മണിക്കൂര്‍ വരെ വിഡിയോ പ്ലേബാക്ക്, ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ബാറ്ററി ലൈഫ് എന്നിവയും എയറിന്റെ പ്രത്യേകതയാണ്. അതേസമയം, ഇ-സിം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ആക്ഷന്‍ ബട്ടണ്‍, ക്യാമറ കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
256 ജിബി ഐഫോണ്‍ എയറിന് 1,19,900 രൂപയായിരിക്കും ഇന്ത്യയിലെ വില. 512 ജിബി വേരിയന്റിന് 1,39,900 രൂപയും 1 ടി.ബി വേരിയന്റിന് 1,59,900 രൂപയുമായിരിക്കും വില. കറുപ്പ്, വെള്ള, ബീജ്, ഇളം നീല നിറങ്ങളില്‍ ഐഫോണ്‍ എയര്‍ ലഭ്യമാകും. പ്രീ-ഓര്‍ഡറുകള്‍ വെള്ളിയാഴ്ച ആരംഭിക്കും. സെപ്റ്റംബര്‍ 19 മുതല്‍ ലഭ്യമാകും.
ഐഫോണ്‍ 17
17 വേരിയന്റുകളില്‍ അല്‍പ്പം വലുതാണ് ഐഫോണ്‍ 17 വേരിയന്റ്. 6.3 ഇഞ്ച് വലിപ്പമാണ് മോഡലിനുള്ളത്. 3,000 nits പീക്ക് ബ്രൈറ്റ്നസ് ഡിസ്‌പ്ലേയാണ് മോഡലിനുള്ളത്. സെറാമിക് ഷീല്‍ഡ് 2 ഉപയോഗിച്ചാണ് സ്‌ക്രീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പോറലുകള്‍ പോലും തടയുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. പുതിയ A19 ചിപ്പാണ് ഐഫോണ്‍ 17-ന് കരുത്ത് പകരുന്നത്. ഇത് മികച്ച മൊബൈല്‍ ഗെയിമിങ് അനുഭവമായിരിക്കും നല്‍കുക. 48MP പ്രധാന ക്യാമറയും 2x ടെലിഫോട്ടോ ലെന്‍സും ഒരൊറ്റ ക്യാമറയിലേക്ക് സംയോജിപ്പിക്കുന്ന ഡ്യുവല്‍ ഫ്യൂഷന്‍ സിസ്റ്റമാണ് ക്യാമറ. പുതിയ 48MP അള്‍ട്രാ വൈഡ് ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. ലാന്‍ഡ്സ്‌കേപ്പ് സെല്‍ഫികള്‍ക്കായി ഉപയോഗിക്കാവുന്ന 18MP ഫ്രണ്ട് ക്യാമറയാണ് മോഡലിനുള്ളത്.
256 ജിബി വേരിയന്റിന് 82,900 രൂപയായിരിക്കും ഇന്ത്യയിലെ വില. 512 ജിബി വേരിയന്റിന് 1,02,900 രൂപയുമായിരിക്കും വില. ലാവെന്‍ഡര്‍, മിസ്റ്റ് ബ്ലൂ, കറുപ്പ്, വെള്ള അല്ലെങ്കില്‍ സേജ് നിറങ്ങളില്‍ ലഭ്യമാണ്. ഐഫോണ്‍ 17 ന്റെ പ്രീ-ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കും, വില്‍പ്പന സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും
ഐഫോണ്‍ 17 പ്രോ
6.3 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്പ്ലേയുമായാണ് ആപ്പിള്‍ ഐഫോണ്‍ 17 പ്രോ വരുന്നത്. 120Hz റിഫ്രഷ് റേറ്റ്, ഓള്‍വേസ്-ഓണ്‍ മോഡ്, 3,000 nits പീക്ക് ബ്രൈറ്റ്നസ് ഡിസ്‌പ്ലേ എന്നിവയാണ് പ്രോ മോഡലിനുമുള്ളത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് മൂന്നിരട്ടി മികച്ച സ്‌ക്രാച്ച് റെസിസ്റ്റന്‍സും നാലിരട്ടി മികച്ച ക്രാക്ക് റെസിസ്റ്റന്‍സും വാഗ്ദാനം ചെയ്യുന്ന സെറാമിക് ഷീല്‍ഡ് 2 ആണ് ഫോണിന് സംരക്ഷണം നല്‍കുന്നത്. പുതിയ യൂണിബോഡി ഡിസൈനില്‍ എയ്റോസ്പേസ്-ഗ്രേഡ് 7000-സീരീസ് അലുമിനിയം ഉപയോഗിച്ചാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, വലിയ ബാറ്ററി ഐഫോണ്‍ 17 പ്രോയ്ക്ക് എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ് നല്‍കുകയും ചെയ്യുന്നു. 6-കോര്‍ സിപിയു, ന്യൂറല്‍ ആക്‌സിലറേറ്ററുകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 6-കോര്‍ ജിപിയു, 16-കോര്‍ ന്യൂറല്‍ എന്‍ജിന്‍ എന്നിവയുള്ള A19 പ്രോ ചിപ്പാണ് മോഡലിന് കരുത്തേകുന്നത്. വേഗതയേറിയതും സുസ്ഥിരവുമായ പ്രകടനം, നൂതന AI പ്രോസസിങ്, കണ്‍സോള്‍-ലെവല്‍ ഗ്രാഫിക്‌സ് എന്നിവയും നല്‍കുന്നു. മെച്ചപ്പെട്ട കണക്റ്റിവിറ്റിക്കായി പുതിയ N1 വയര്‍ലെസ് ചിപ്പ് Wi-Fi 7, ബ്ലൂടൂത്ത് 6, ത്രെഡ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.
48-മെഗാപിക്‌സല്‍ മെയിന്‍, അള്‍ട്രാ വൈഡ്, ടെലിഫോട്ടോ ലെന്‍സുകളുള്ള മൂന്ന് ക്യാമറ ഫ്യൂഷന്‍ സിസ്റ്റമാണ് ഐഫോണ്‍ 17 പ്രോയിലുള്ളത്. ടെലിഫോട്ടോ ക്യാമറയില്‍ 8x ഒപ്റ്റിക്കല്‍ സൂം വരെ ലഭിക്കും. പുതിയ 18-മെഗാപിക്‌സല്‍ സെന്റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറ വിശാലമായ വ്യൂ ഫീല്‍ഡ്, മികച്ച സെല്‍ഫികള്‍, സ്റ്റെബിലൈസേഷനോടുകൂടിയ 4K HDR വിഡിയോ റെക്കോര്‍ഡിങ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍, പ്രോറെസ് റോ, ആപ്പിള്‍ ലോഗ് 2, ജെന്‍ലോക്ക് എന്നിവ മോഡല്‍ പിന്തുണയ്ക്കുന്നു.
256 ജിബി വേരിയന്റിന് 1,34,900 രൂപയും 512 ജിബി വേരിയന്റിന് 1,54,9001 രൂപയും ടി.ബി വേരിയന്റിന് 1,74,900 രൂപയുമായിരിക്കും ഇന്ത്യയില്‍ വില. ആപ്പിള്‍ ഐഫോണ്‍ 17 പ്രോ സില്‍വര്‍, കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്. പ്രീ-ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കും, വില്‍പ്പന സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും.
ഐഫോണ്‍ 17 പ്രോ മാക്സ്
6.9 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഓള്‍വേയ്‌സ് ഓണ്‍മൂഡ്, 3000 നിറ്റ്സിന്റെ പീക്ക് ഔട്ട്ഡോര്‍ ബ്രൈറ്റ്നസ് എന്നിവയാണ് 17 പ്രോ മാക്സിലുള്ളത്. മുന്‍വശത്തും പിന്‍വശത്തും സെറാമിക് ഷീല്‍ഡ് 2 സുരക്ഷ ഒരുക്കുന്നു. ആപ്പിളിന്റെ പുതിയ A19 പ്രോ ചിപ്പാണ് കരുത്തേകുന്നത്. യൂണിബോഡി അലുമിനിയം ഡിസൈനില്‍ വലിയ ബാറ്ററിയണുള്ളത്. പുതിയ 40W യുഎസ്ബി-സി അഡാപ്റ്റര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ആപ്പിള്‍ പറയുന്നു.
8x ഒപ്റ്റിക്കല്‍ സൂം വരെ പിന്തുണയ്ക്കുന്ന പുതിയ ടെലിഫോട്ടോ ലെന്‍സ് ഉള്‍പ്പെടുന്ന ട്രിപ്പിള്‍ 48MP ഫ്യൂഷന്‍ ക്യാമറയാണ് മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫോട്ടോകള്‍ ഡിജിറ്റലായി 40x വരെ സൂം ചെയ്യാനും കഴിയും. മുന്‍വശത്ത്, 18MP സെന്റര്‍ സ്റ്റേജ് ക്യാമറ മികച്ച ഗ്രൂപ്പ് സെല്‍ഫികള്‍ വാഗ്ദാനം ചെയ്യുന്നു.
സ്റ്റെബിലൈസേഷനോടുകൂടിയ 4K HDR വീഡിയോയെയും ഇത് പിന്തുണയ്ക്കുന്നു. ഫ്രണ്ട്, റിയര്‍ ക്യാമറകളില്‍ നിന്ന് ഒരേസമയം റെക്കോര്‍ഡ് ചെയ്യുകയും ചെയ്യാം. ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍, പ്രോറെസ് റോ, ലോഗ് 2, ജെന്‍ലോക്ക് എന്നിവയെ പിന്തുണയ്ക്കുന്നുണ്ട്. ഫിലി മേക്കേഴ്‌സിന് പ്രൊഫഷണല്‍-ഗ്രേഡ് ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. Wi-Fi 7, ബ്ലൂടൂത്ത് 6, ത്രെഡ് പിന്തുണയുള്ള N1 വയര്‍ലെസ് ചിപ്പാണോ മോഡലിലുള്ളത്. ചിലയിടങ്ങളില്‍ ഒരു eSIM-ഒണ്‍ലി മോഡല്‍ ലഭിക്കും, ഇത് ഫിസിക്കല്‍ സിം സ്ലോട്ടിനെ മാറ്റി വലിയ ബാറ്ററിക്ക് കൂടുതല്‍ ഇടം നല്‍കുന്നു. ഈ ബാറ്ററി 39 മണിക്കൂര്‍ വരെ വിഡിയോ പ്ലേബാക്ക് നല്‍കുന്നു.
256 ജിബി വേരിയന്റിന് ?1,49,900 രൂപയാണ് ഇന്ത്യയില്‍ വില. 512 ജിബി വേരിയന്റിന് 1,69,900 രൂപയും 1 ടി.ബി. വേരിയന്റിന് 1,89,900 രൂപയും 2 ടി.ബി വേരിയന്റിന് 2,29,900 രൂപയുമായിരിക്കും ഇന്ത്യയില്‍ വില. 17 പ്രോ മാക്‌സ് സില്‍വര്‍, കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്. പ്രീ-ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കും, വില്‍പ്പന സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും.
17 സീരിസിനൊപ്പം പുതിയ ആപ്പിള്‍ വാച്ച് സീരിസ് 11, എയര്‍പോഡ്‌സ് പ്രോ 3 എന്നിവയും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.