കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ആപ്പായിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ എഫ്‌ബിയുടെ ജനപ്രീതി മുമ്പത്തേക്കാൾ വളരെയധികം കുറഞ്ഞു. വാട്‌സ്ആപ്പിനെയും ഇൻസ്റ്റഗ്രാമിനെയും അപേക്ഷിച്ച് ഇപ്പോൾ ഫേസ്ബുക്കിന്‍റെ തിളക്കം കൂടുതല്‍ മങ്ങുകയാണ്. ഫേസ്ബുക്കിന്‍റെ സ്വാധീനം ഇപ്പോൾ മുമ്പത്തെപ്പോലെ അല്ലെന്ന് നിങ്ങൾക്കും തോന്നുന്നുവെങ്കിൽ അത് ഒറ്റപ്പെട്ട അഭിപ്രായമല്ല. ആളുകൾക്കിടയിൽ ഫേസ്ബുക്കിന്‍റെ ജനപ്രീതി കുറയുന്നതിൽ എഫ്‌ബിയുടെ മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗും ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് ബിസിനസ് ഇന്‍സൈഡര്‍ പുറത്തുവിട്ട വിവരങ്ങള്‍.
2022 ഏപ്രിലിൽ ഫേസ്ബുക്കിന്‍റെ തലവനായ ടോം അലിസണ് മാര്‍ക് സക്കര്‍ബര്‍ഗ് കൈമാറിയ ആന്തരിക ഇമെയിലുകൾ ഈ ആഴ്ച മെറ്റയ്‌ക്കെതിരായ ഫെഡറൽ ട്രേഡ് കമ്മീഷന്റെ ആന്‍റിട്രസ്റ്റ് കേസിനിടെ കോടതിയിൽ ഹാജരാക്കപ്പെട്ടു. മെറ്റയ്‌ക്കെതിരെ ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) നടത്തുന്ന കേസിനിടെയാണ് ടോം- മാര്‍ക് സംഭാഷണങ്ങള്‍ ഉൾപ്പെട്ട രേഖകൾ പുറത്തുവന്നത്. ഫേസ്ബുക്കിന്‍റെ ഉപയോക്തൃ ഇടപെടൽ പല മേഖലകളിലും സ്ഥിരതയോടെ തുടരുമ്പോഴും അതിന്‍റെ വിശാലമായ സാംസ്‍കാരിക സാന്നിധ്യം കുറഞ്ഞുവരികയാണെന്ന് സക്കർബർഗ് ഈ ഇമെയിലുകളിൽ സമ്മതിക്കുന്നു. ധാരാളം ആളുകൾ ഇപ്പോഴും വിവിധയിടങ്ങളില്‍ ആപ്പ് വഴി ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്നുണ്ടെങ്കിലും അതിന്‍റെ പ്രാധാന്യം ഇപ്പോൾ കുറഞ്ഞുവരികയാണെന്ന് സക്കർബർഗ് പറയുന്നു. ഇൻസ്റ്റാഗ്രാമും വാട്‌സ്‌ആപ്പും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആളുകൾക്ക് അവ വളരെ ഇഷ്ടപ്പെട്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ആളുകൾ എങ്ങനെ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് നിർമ്മിച്ചിരിക്കുന്നത്. എഫ്‌ബിയില്‍ ആളുകൾക്ക് അതിൽ അവരുടെ ഫോട്ടോകൾ പങ്കിടാനും, കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാനും, മറ്റുള്ളവരുടെ പോസ്റ്റുകൾ കാണാനും, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ട് കൂടുതല്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും കഴിയുന്ന രീതിയിലാണ് എഫ്‌ബി രൂപകല്‍പന ചെയ്തത്. പക്ഷേ, ഈ രീതി ഇപ്പോൾ അത്ര ജനപ്രിയമല്ലെന്ന് സക്കർബർഗ് കരുതുന്നു. ഇപ്പോള്‍ പലരും ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രശസ്തരായ ആളുകളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് സക്കര്‍ബര്‍ഗിന്‍റെ നിരീക്ഷണം. അതുകൊണ്ടാണ് ഫേസ്ബുക്കിന്‍റെ ഫ്രണ്ട് മോഡൽ പഴയതുപോലെ മികച്ച രീതിയിൽ പ്രവർത്തിക്കാത്തത്. ഫേസ്ബുക്കിന്‍റെ പ്രസക്തി വർധിപ്പിക്കുന്നതിനായി സക്കർബർഗ് നിരവധി തന്ത്രങ്ങൾ നിർദേശിച്ചതായും ഈ മെയിൽ രേഖകൾ വെളിപ്പെടുത്തുന്നു. എല്ലാ ആളുകളുടെയും സുഹൃദ് ബന്ധങ്ങൾ പൂർണ്ണമായും വിച്ഛേദിച്ച് പുതുതായി തുടങ്ങുക എന്നതായിരുന്നു അതിലൊന്ന്. 'ഭ്രാന്തൻ ആശയം' എന്നാണ് സക്കർബർഗ് തന്നെ ഈ രീതിയെ വിളിച്ചത്.
അതേസമയം ആന്‍റിട്രസ്റ്റ് വിചാരണയിൽ, സക്കർബർഗ് തന്‍റെ കമ്പനി ഇൻസ്റ്റഗ്രാമും വാട്‌സ്ആപ്പും ഏറ്റെടുത്ത നടപടിയെ ന്യായീകരിച്ചു. ഈ കമ്പനികളെ വാങ്ങുന്നതിലൂടെ മെറ്റ മത്സരം ഇല്ലാതാക്കുകയും സോഷ്യൽ മീഡിയ വ്യവസായത്തിൽ തങ്ങളുടെ മേധാവിത്വം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ഈ കേസിൽ യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) ആരോപിക്കുന്നത്. ഈ എഫ്‌ടിസി കേസ് മെറ്റയെ ഇൻസ്റ്റഗ്രാമും വാട്‌സ്ആപ്പും വിൽക്കാൻ ചിലപ്പോള്‍ നിർബന്ധിതരാക്കിയേക്കാം എന്നാണ് റിപ്പോർട്ടുകൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
