/kalakaumudi/media/media_files/2026/01/27/4g-2026-01-27-09-06-52.jpg)
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എന്‍എല്‍ (BSNL) ഇന്ത്യയിലുടനീളം 22,000 പുതിയ 4G ടവറുകള്‍ കൂടി സ്ഥാപിക്കാന്‍ പോകുന്നു. ET -യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിനകം ആദ്യഘട്ട 4ജി വ്യാപനത്തിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ ഒരുലക്ഷത്തോളം 4ജി ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഏകദേശം 98,000 4G സൈറ്റുകള്‍ ബിഎസ്എന്‍എല്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്, അവ സജീവമായി സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. നിലവില്‍ ഇന്ത്യയിലെമ്പാടുമുള്ള ബിഎസ്എന്‍എല്‍ വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരുലക്ഷം ടവറുകള്‍ മതിയാകില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ബിഎസ്എന്‍എല്‍ മുന്നോട്ട് പോകുന്നത്.
പുതിയ 4ജി സൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ കുറച്ചുനാളുകളായി ബിഎസ്എന്‍എല്‍ നടത്തിവരികയാണ്. ടവറുകള്‍ എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടത് എന്നകാര്യത്തില്‍ സര്‍ക്കാര്‍ സ്‌പെസിഫിക്കേഷനുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ പുതിയ 22,000 4ജി ടവറുകള്‍ക്കുള്ള ഓര്‍ഡര്‍ ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) നയിക്കുന്ന കണ്‍സോര്‍ഷ്യത്തിന് നല്‍കും.
ടിസിഎസ് നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ബിഎസ്എന്‍എല്ലിനായി ഒരുലക്ഷം 4ജി ടവറുകള്‍ സ്ഥാപിച്ചത്. പുതിയ ടവറുകളുടെ നിര്‍മാണവും ടിസിഎസിനെ തന്നെ ഏല്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. ടിസിഎസിന് പുറമേ തേജസ് നെറ്റ്വര്‍ക്ക്‌സും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സും (സി-ഡിഒടി) ഉള്‍പ്പെടുന്നതാണ് ഈ കണ്‍സോര്‍ഷ്യം. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്‌നോളജി ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4ജി അവതരിപ്പിച്ചിട്ടുള്ളത്.
'ഞങ്ങള്‍ക്ക് 1 ലക്ഷം 4G സൈറ്റുകള്‍ ഇപ്പോള്‍ സജീവമാണ്. പുതിയ 22,000-സൈറ്റ് ഓര്‍ഡറിനായുള്ള അന്തിമ സ്‌പെസിഫിക്കേഷനുകള്‍ ഞങ്ങള്‍ ഇപ്പോള്‍ പ്രോസസ്സ് ചെയ്യുകയാണ്. എന്നാല്‍ അതിനപ്പുറം പോകേണ്ടതുണ്ടെന്നും ഞങ്ങള്‍ കരുതുന്നു, അതിനായി ഞങ്ങള്‍ക്ക് ഫണ്ട് ഫ്‌ലോ ആവശ്യമാണ്, അതിനായി ഞാന്‍ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.' എന്ന് ജ്യോതിരാദിത്യ സിന്ധ്യ ETക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
