കണ്ടന്റ് ക്രീയേറ്റേഴ്‌സിന് കൂച്ചുവിലങ്ങിടാന്‍ ചൈന

പുതിയ നിയമം അനുസരിച്ച് ഡൗയിന്‍, വെയ്ബോ, ബിലിബിലി തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഇനി മുതല്‍ കണ്ടന്റ് പോസ്റ്റ് ചെയ്യുന്ന ക്രിയേറ്റേഴ്സ് വിവരങ്ങള്‍ ആധികാരികമാണെന്നും ശരിയായ സോഴ്സുകള്‍ ഉദ്ധരിക്കുന്നുണ്ടെന്നും ഉറപ്പാക്കണം

author-image
Biju
New Update
content

ബെയ്ജിംഗ്: സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ചൈനീസ് സര്‍ക്കാര്‍. ആരോഗ്യം, വിദ്യാഭ്യാസം, നിയമം, ധനകാര്യം തുടങ്ങിയ നിയന്ത്രിത വിഷയങ്ങളില്‍ ഉള്ളടക്കം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന കണ്ടന്റ് ക്രിയേറ്റേഴ്സ് അവരുടെ യോഗ്യതകള്‍, അതായത് ബിരുദം അല്ലെങ്കില്‍ ലൈസന്‍സ് എന്നിവ തെളിയിക്കണമെന്ന് നിയമം ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കി. 

ഒക്ടോബര്‍ 25 മുതല്‍ ഈ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുകയും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉപദേശങ്ങളില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് ചൈന വാദിക്കുന്നു.

പുതിയ നിയമം അനുസരിച്ച് ഡൗയിന്‍, വെയ്ബോ, ബിലിബിലി തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഇനി മുതല്‍ കണ്ടന്റ് പോസ്റ്റ് ചെയ്യുന്ന ക്രിയേറ്റേഴ്സ് വിവരങ്ങള്‍ ആധികാരികമാണെന്നും ശരിയായ സോഴ്സുകള്‍ ഉദ്ധരിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. 

ഒരു പഠനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിക്കുമ്പോഴോ അല്ലെങ്കില്‍ അവരുടെ വീഡിയോകളില്‍ എഐ ജനറേറ്റഡ് കണ്ടന്റ് ഉപയോഗിക്കുമ്പോഴോ ക്രിയേറ്റേഴ്സ് അവ ഇപ്പോള്‍ വ്യക്തമായി വെളിപ്പെടുത്തണം. കൂടാതെ സൈബര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന (സിഎസി) ആരോഗ്യ ഉല്‍പ്പന്നങ്ങള്‍, സപ്ലിമെന്റുകള്‍, ഹെല്‍ത്ത് ഫുഡ് തുടങ്ങിയവയുടെ മറഞ്ഞിരിക്കുന്ന പരസ്യങ്ങളും നിരോധിച്ചിട്ടുണ്ട്.

സുതാര്യതയും കൃത്യതയും കൊണ്ടുവരിക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പക്ഷേ വിമര്‍ശകര്‍ ഇതിനെ ഒരു പുതിയതരം ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് ആയി വ്യാഖ്യാനിക്കുന്നു. സ്വതന്ത്ര ശബ്ദങ്ങളെ അടിച്ചമര്‍ത്താനും സോഷ്യല്‍ മീഡിയയിലെ തുറന്ന ചര്‍ച്ചകള്‍ പരിമിതപ്പെടുത്താനും ഈ പുതിയ നിയമം കാരണമാകുമെന്ന് വിമര്‍ശകര്‍ പറയുന്നു. ചൈനയിലെ സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍ മുമ്പും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.