/kalakaumudi/media/media_files/2026/01/24/apk-2026-01-24-08-46-46.jpg)
രാജ്യത്ത് വാഹന ഉടമകളെ ലക്ഷ്യമിട്ട് ട്രാഫിക് ചലാനിന്റെ മറവില്‍ പുതിയ ഡിജിറ്റല്‍ തട്ടിപ്പ് വ്യാപകമാകുന്നു. അമിതവേഗതയോ പാര്‍ക്കിംഗ് നിയമലംഘനമോ ചൂണ്ടിക്കാട്ടി മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തത് വഴി ലക്ഷക്കണക്കിന് രൂപയാണ് ആളുകള്‍ക്ക് നഷ്ടപ്പെടുന്നത്. ഹൈദരാബാദിലും മുംബൈയിലുമായി നിരവധി പേര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് വായിക്കുന്ന നിങ്ങളുടെ ഫോണിലും ചിലപ്പോള്‍ ഇത്തരം മെസേജുകള്‍ എസ്എംഎസ് ആയോ മെസഞ്ചര്‍ ആപ്പുകളിലോ വന്നിട്ടുണ്ടാകും. പുത്തന്‍ തട്ടിപ്പ് രീതിയെ കുറിച്ചും അതില്‍ നിന്ന് കുടുങ്ങാതെ എങ്ങിനെ രക്ഷപ്പെടാമെന്നും ഈ ലേഖനത്തില്‍ വായിക്കാം.
സാധാരണയായി ലഭിക്കുന്ന ട്രാഫിക് ചലാന്‍ സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാരും സന്ദേശങ്ങള്‍ അയക്കുന്നത്. മുമ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പിഴ അടയ്ക്കാനുള്ള വെബ്‌സൈറ്റിലേക്ക് റീഡയരക്റ്റ് ചെയ്ത് ഉപഭോക്താക്കളുടെ വ്യക്തിഗത, ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന രീതിയായിരുന്നു തട്ടിപ്പുകാര്‍ അവലംബിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു APK (ആന്‍ഡ്രോയിഡ് പാക്കേജ് കിറ്റ്) ഫയല്‍ ഡൗണ്‍ലോഡ് ആകും.
ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ആകുന്നതോടെ തട്ടിപ്പുകാര്‍ക്ക് ഫോണിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഒരിക്കല്‍ ഈ അനധികൃത ആപ്പ് ഫോണില്‍ കയറിക്കൂടിയാല്‍ ബാങ്ക് അക്കൗണ്ടുകള്‍, ഒടിപി സന്ദേശങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പമാകും. മുംബൈയിലെ ഒരു വ്യാപാരിക്ക് ഇത്തരത്തില്‍ ഏകദേശം പത്ത് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വാഹന ഉടമകളുടെ ഫാസ്ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളാണ് പ്രധാനമായും തട്ടിപ്പുകാര്‍ ലക്ഷ്യം വെക്കുന്നത്.
ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ ഔദ്യോഗിക ഇ-ചലാന്‍ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് അയക്കുന്ന സന്ദേശങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍, ലംഘിച്ച നിയമം, കൃത്യമായ സ്ഥലം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ വ്യാജ സന്ദേശങ്ങളില്‍ ഇത്തരം വിവരങ്ങള്‍ അപൂര്‍ണമായിരിക്കും. പിഴ അടയ്ക്കാനുള്ള വെബ്‌സൈറ്റ് സൂക്ഷ്മമായി പരിശോധിച്ചാലും തട്ടിപ്പ് കണ്ടുപിടിക്കാം.
പരിവാഹന്‍ (Parivahan) എന്ന കേന്ദ്ര റോഡ് ഗതാഗത ഹൈവേസ് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ അതേ രൂപത്തിലുള്ള വ്യാജ വെബ്സൈറ്റുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവിടെ നമ്മള്‍ വെബ് അഡ്രസ് പരിശോധിച്ചാല്‍ കള്ളിവെളിച്ചത്താകും. സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ അഡ്രസ് .gov..in എന്നായിരിക്കും അവസാനിക്കുന്നത്. എന്നാല്‍ വ്യാജ വെബ്‌സൈറ്റുകള്‍ക്ക് ഇത്തരത്തിലുള്ള ഔദ്യോഗിക ഡൊമെയ്ന്‍ നാമങ്ങള്‍ ലഭിക്കില്ല.
അതുകൊണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് വെബ്സൈറ്റിന്റെ യുആര്‍എല്‍ (URL) സൂക്ഷ്മമായി പരിശോധിക്കണം. പിഴയുണ്ടോ എന്ന് പരിശോധിക്കാന്‍ നേരിട്ട് പരിവാഹന്‍ വെബ്‌സൈറ്റോ ഔദ്യോഗിക ആപ്പുകളോ മാത്രം ഉപയോഗിക്കുക. ഫോണിലേക്ക് വരുന്ന സന്ദേശങ്ങളിലെ ലിങ്കുകള്‍ വഴി പണം അടയ്ക്കുന്ന ശീലം ഒഴിവാക്കുന്നത് ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്തുമ്പോള്‍ സുരക്ഷിതമായ പ്ലാറ്റ്‌ഫോമുകള്‍ മാത്രം ഉപയോഗിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
