/kalakaumudi/media/media_files/2026/02/01/gemini-2026-02-01-10-49-20.jpg)
ദുബായ്: 'ഇനി ഗൂഗിളിന് നിങ്ങളുടെ ഗൂഗ്ലിയെ സഹായിക്കാനാവും,' ഐസിസിയും ജെമിനിയും ഒന്നിക്കുന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് എങ്ങനെ പ്രയോജനപ്രദമാവും എന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്ക്ക് ഈ ഒരു വാചകത്തിലൂടെ തന്നെ ലോകത്തിന് വ്യക്തമാക്കി കൊടുക്കാനാവുന്നു. ക്രിക്കറ്റ് വിഡിയോ പങ്കുവെച്ചാല്‍ ജെമിനി 3 പ്രോയ്ക്ക് അതിലെ കളിക്കാരേയും ബാറ്റിങ്ങിലേയും ബോളിങ്ങിലേയും സാങ്കേതിക വശങ്ങളെ കുറിച്ചും വ്യക്തമാക്കാനാവും.
ക്രിക്കറ്റ് ലോകകപ്പിന്റെ വിഡിയോ അപ്ലോഡ് ചെയ്താല്‍ ആ വിഡിയോയിലെ ഉള്ളടക്കം ജെമിനി 3 പ്രോയ്ക്ക് നല്‍കാനാവും എന്ന് പറയുന്ന ഐസിസിയുടെ എക്‌സിലെ പോസ്റ്റ് റീഷെയര്‍ ചെയ്യുകയായിരുന്നു സുന്ദര്‍ പിച്ചെ. ഏതെല്ലാം കളിക്കാരാണ് വിഡിയോയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്, കളിക്കാരുടെ സാങ്കേതിക തികവ്, കളിയില്‍ വഴിത്തിരിവായ ഘടകങ്ങള്‍ എന്നിവയെല്ലാം ജെമിനി നല്‍കും.
ഗൂഗ്ലിയാണോ, കാരംബോളാണോ അതോ ഫാസ്റ്റ് ബോളറുടെ ഇന്‍സ്വിങ്ങറാണോ ലെഗ് കട്ടറാണോ എന്നെല്ലാം ജെമിനി 3 പ്രോയിലൂടെ വ്യക്തമാകുന്നതിനൊപ്പം ബോളിങ് വേരിയേഷനുകളും ബാറ്ററുടെ വിക്കറ്റ് തെറിക്കുന്നതിലേക്ക് എത്തിച്ച ബാറ്റിങ് സാങ്കേതിക പിഴവ് എന്ത് എന്ന് കണ്ടെത്താനുമെല്ലാം എളുപ്പത്തില്‍ സാധിക്കും. ഏതാനും ചിത്രങ്ങള്‍ കോര്‍ത്തിണക്കിയത് എന്നതിന് അപ്പുറത്തേക്ക് വിഡിയോ ഫ്‌ളോ ട്രാക്ക് ചെയ്യാന്‍ ജെമിനിക്കാവും.
എന്താണ് ഇപ്പോള്‍ സംഭവിച്ചത്, അത് എങ്ങനെയാണ് കളിയെ സ്വാധീനിച്ചത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ജെമിനി മറുപടി നല്‍കും. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ജെമിനി 3 പ്രോ കൂടുതല്‍ സാധ്യതകള്‍ തുറന്നിടുകയാണ്. ക്രിക്കറ്റ് അറിയാത്തവര്‍ക്ക് ഒരു ബോളറുടെ ഡെലിവറിയെ കുറിച്ച് അറിയാനും ബാറ്ററുടെ സ്റ്റാന്‍സും ടൈമിങ്ങും ഷോട്ട് സെലക്ഷനുമെല്ലാം എങ്ങനെ ബാധിച്ചു എന്ന് മനസിലാക്കാനും ജെമിനി സഹായിക്കും.
കമന്ററി ബോക്‌സില്‍ നിന്നുള്ള മുന്‍ താരങ്ങളുടേയും ക്രിക്കറ്റ് വിദഗ്ധരുടേയും വിശകലനങ്ങള്‍ക്ക് ഇനി ചെവികൂര്‍പ്പിച്ചിരിക്കേണ്ടതില്ലെന്ന് ചുരുക്കം. മറ്റ് വെബ്‌സൈറ്റുകളില്‍ കളിയുടെ വിശകലനം വരുന്നതിനും കാത്തിരിക്കേണ്ട. ജെമിനി 3 പ്രോ അങ്ങനെ ക്രിക്കറ്റ് ലോകത്തും വലിയ മാറ്റത്തിനാണ് വഴിതുറന്നിടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
