/kalakaumudi/media/media_files/2025/10/23/ai-2-2025-10-23-08-41-43.jpg)
ന്യൂഡല്‍ഹി : എഐ ഉള്ളടക്കങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്ത് ഐടി നിയമങ്ങളില്‍ ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. ഡീപ്‌ഫേക്കും തെറ്റായ വിവരങ്ങളും വ്യാപിക്കുന്നത് തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ എന്നിവ എഐ-ജനറേറ്റഡ് ഉള്ളടക്കങ്ങള്‍ വ്യക്തമായി ലേബല്‍ ചെയ്യണമെന്ന് ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വര്‍ദ്ധിച്ചുവരുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്തുള്ള പുതിയ ഭേദഗതികള്‍ക്കായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഒരു കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട ഭേദഗതികള്‍ അനുസരിച്ച്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്‌സ് എന്നിവ പോലുള്ള പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എഐ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയ ഏതൊരു ഉള്ളടക്കവും പ്രത്യേകമായി ലേബല്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ദൃശ്യ ഉള്ളടക്കത്തിന്റെ കുറഞ്ഞത് 10% ത്തിലും ഓഡിയോ ഉള്ളടക്കത്തിന്റെ ആദ്യ 10% ത്തിലും ഈ ലേബല്‍ ദൃശ്യമായിരിക്കണം എന്നും പുതിയ ഭേദഗതി നിര്‍ദ്ദേശിക്കുന്നു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും, രാഷ്ട്രീയമായി അപമാനിക്കുന്നതിനും, വഞ്ചനയ്ക്കും, ആളുകളുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതിനും എഐ, ഡീപ്‌ഫേക്ക് വീഡിയോകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ പുതിയ നീക്കം. ഉപയോക്താക്കളില്‍ അവബോധം വളര്‍ത്തുക, വ്യാജ ഉള്ളടക്കം തടയുക, എഐ നവീകരണത്തിന് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
