/kalakaumudi/media/media_files/2025/04/16/NtIb5gKRhXUY2HThSbvK.jpg)
മുംബൈ: എടിഎം സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മുംബൈ-മന്മദ് പഞ്ച്‌വഡി എക്‌സ്പ്രസില്‍ ആണ് ആദ്യഘട്ടത്തില്‍ ഈ സര്‍വ്വീസെത്തുന്നത്. അങ്ങനെ ഇന്ത്യയില്‍ എടിഎം സ്ഥാപിച്ച ആദ്യത്തെ ട്രെയിനായി മാറി പഞ്ച്‌വഡി എക്‌സ്പ്രസ്. ട്രെയിനിന്റെ എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. സര്‍വ്വീസിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ട്രെയിന്‍ യാത്രക്കിടയില്‍പ്പോലും പണം പിന്‍വലിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ റെയില്‍വേയുടെ ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍-ഫെയര്‍ റവന്യൂ ഐഡിയാസ് സ്‌കീമിന്റെ (INFRIS) ഭാഗമായാണിത്.
എ.സി. കോച്ചിലാണ് എ.ടി.എം സ്ഥാപിച്ചിരിക്കുന്നതെങ്കിലും, പഞ്ച്‌വഡി എക്‌സ്പ്രസിന്റെ 22 കോച്ചുകളിലെയും യാത്രക്കാര്‍ക്ക് ഇത് ആക്സസ് ചെയ്യാന്‍ കഴിയും. പണം പിന്‍വലിക്കുന്നതിനു പുറമേ യാത്രക്കാര്‍ക്ക് ചെക്ക് ബുക്കുകള്‍ ഓര്‍ഡര്‍ ചെയ്യാനും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ സ്വീകരിക്കാനും ഈ എ.ടി.എം ഉപയോഗിക്കാം. സുരക്ഷ ഉറപ്പാക്കുന്നതിനായി എ.ടി.എമ്മില്‍ ഒരു ഷട്ടര്‍ സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും സിസിടിവി ക്യാമറകളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വേയുടെ ഭൂസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സഹകരിച്ചാണ് പുതിയ സംരംഭമൊരുങ്ങുന്നത്. പരീക്ഷണ ഘട്ടത്തില്‍ യാത്രയിലുടനീളം മെഷീന്‍ സുഗമമായി പ്രവര്‍ത്തിച്ചതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പരിമിതമായ മൊബൈല്‍ കണക്റ്റിവിറ്റി കാരണം ഇഗത്പുരിക്കും കസാരയ്ക്കും ഇടയിലുള്ള പാതയില്‍ ചില ചെറിയ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ സൂചിപ്പിച്ചു. ഭൂസാവല്‍ ഡിവിഷന്‍ സംഘടിപ്പിച്ച INFRIS മീറ്റിംഗിലാണ് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പാണ്ഡെ പറഞ്ഞു.
യാത്രക്കാര്‍ക്കിടയില്‍ ഈ എടിഎം സൗകര്യം കൂടുതല്‍ സ്വീകാര്യത നേടിയാല്‍ മറ്റു ട്രെയിനുകളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.