/kalakaumudi/media/media_files/2025/08/25/solar-2025-08-25-12-25-19.jpg)
തിരുവനന്തപുരം: പുനരുപയോഗ, ഹരിത സ്രോതസ്സുകളില്‍നിന്നുള്ള വൈദ്യുതോത്പാദനം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഗ്രിഡിലെ ഞെരുക്കം. നിരത്തിലെ ട്രാഫിക് ജാം പോലെ പ്രസരണവിതരണ ശൃംഖലയില്‍ വൈദ്യുതപ്രവാഹം സുഗമമായി നടക്കുന്നതിനുണ്ടാകുന്ന തടസ്സമാണ് ഗ്രിഡിലെ ഞെരുക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സോളാര്‍, കാറ്റ് തുടങ്ങിയ സ്രോതസ്സുകളില്‍നിന്നുള്ള ഉത്പാദനം മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല. ഇങ്ങനെയുള്ള വൈദ്യുതി ഗ്രിഡിലേക്കെത്തുന്നതാണ് ഇതിന് പ്രധാനകാരണം.
പരിഹാരമാര്‍ഗങ്ങള്‍
സോളാര്‍ ഉത്പാദനം നിയന്ത്രിക്കുക, അല്ലെങ്കില്‍ പ്രസരണവിതരണ ശൃംഖല ശക്തിപ്പെടുത്തുകയോ കൂടുതല്‍ ബാറ്ററി സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്തുകയോ ആണ് പരിഹാരമാര്‍ഗങ്ങള്‍. പ്രതിസന്ധി ഒഴിവാക്കാന്‍ പെട്ടെന്നുള്ള മാര്‍ഗമെന്നനിലയ്ക്കാണ് സോളാര്‍ ഉത്പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഗ്രിഡ് സമ്മര്‍ദം ചൂണ്ടിക്കാട്ടി കെഎസ്ഇബിയിലും സോളാര്‍ ഉത്പാദനം നിയന്ത്രിക്കണമോ വേണ്ടയോ എന്നകാര്യത്തില്‍ പൊരിഞ്ഞതര്‍ക്കം നടക്കുകയാണ്. പുതിയ സോളാര്‍ ഉത്പാദകര്‍ക്ക് ആനുകൂല്യങ്ങള്‍ നിയന്ത്രിക്കാനുള്ള കരട് ചട്ടങ്ങള്‍ റെഗുലേറ്ററി കമ്മിഷന്‍ പുറത്തിറക്കിയതോടെയാണ് തര്‍ക്കം തുടങ്ങിയത്.
കേരളത്തില്‍ സോളാര്‍ ഉത്പാദനം അതിവേഗം കൂടുന്നതിനാല്‍ ഗ്രിഡിന് സമ്മര്‍ദമുണ്ടാകുന്നെന്നും ഇതുള്‍പ്പെടെയുള്ള ചെലവായി വര്‍ഷം 500 കോടി അധികം വേണ്ടിവരുന്നതായും കെഎസ്ഇബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചിരുന്നു.
സോളാര്‍ നിലയങ്ങളുടെ വ്യാപനം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇത് ഹരിതസ്രോതസ്സുകളില്‍നിന്നുള്ള ഉത്പാദനത്തെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന് കേരളത്തിലെ ഉത്പാദകര്‍ വാദിക്കുമ്പോഴാണ് രാജ്യത്തുതന്നെ സോളാര്‍ ഉത്പാദനം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.