/kalakaumudi/media/media_files/2025/08/31/kseb-2025-08-31-10-01-05.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എതിര്‍പ്പുകളെത്തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാനത്തിന്റെ ആണവനിലയ പദ്ധതി യാതാര്‍ത്ഥ്യമാക്കുന്നതിനായി വീണ്ടും ചര്‍ച്ചകള്‍ സജീവം. സംസ്ഥാനത്ത് 5 വര്‍ഷത്തിനകം 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആണവനിലയങ്ങള്‍ അനിവാര്യമെന്നു കെഎസ്ഇബി അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് പദ്ധതി വീണ്ടും ചര്‍ച്ചയില്‍ എത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം 2 മാസം മുന്‍പ് കെഎസ്ഇബി ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കി. സുരക്ഷിതമായ സ്‌മോള്‍ മോഡുലര്‍ റിയാക്ടറുകള്‍ (എസ്എംആര്‍) സ്ഥാപിക്കാമെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആണവനിലയങ്ങള്‍ ആരംഭിക്കാന്‍ സഹകരിക്കാമെന്നറിയിച്ച് കണ്‍സല്‍റ്റന്‍സി നല്‍കിയ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ കെഎസ്ഇബിയുടെ അഭിപ്രായം തേടിയത്.
ആണവനിലയങ്ങള്‍ ആരംഭിക്കാന്‍ കെഎസ്ഇബി കഴിഞ്ഞവര്‍ഷം ചര്‍ച്ച തുടങ്ങിയെങ്കിലും വിവാദമായതോടെ പിന്മാറിയിരുന്നു. ആണവനിലയങ്ങള്‍ അനിവാര്യമാണെന്നാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നിലപാട്. ആശങ്കയും പ്രതിഷേധവും ശമിപ്പിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും കെഎസ്ഇബിയിലെ തൊഴിലാളി, ഉദ്യോഗസ്ഥ സംഘടനകളുടെ സഹായം മന്ത്രി തേടിയിട്ടുണ്ട്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇതുസംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.
ജലവൈദ്യുതിയും പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളും മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാകില്ല, പരിസ്ഥിതിപ്രശ്‌നം മൂലം കല്‍ക്കരി പ്ലാന്റുകള്‍ വൈകാതെ പ്രവര്‍ത്തനം നിര്‍ത്തിയേക്കാം എന്നീ കാരണങ്ങളാല്‍ കേരളത്തിനു സ്വന്തം ആണവ പ്ലാന്റ് വേണമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
പരിഗണിക്കുന്നത് തോറിയം നിലയംതോറിയം അധിഷ്ഠിത നിലയം സ്ഥാപിച്ചാല്‍ കേരളം സഹകരിക്കാമെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരള തീരത്ത് സുലഭമായ മോണസൈറ്റ് ധാതുശേഖരത്തില്‍ തോറിയമുണ്ട്.
തോറിയം നേരിട്ട് ഇന്ധനമായി ഉപയോഗിക്കാനാകില്ല. ഇതു പല ആണവ പ്രവര്‍ത്തനങ്ങളിലൂടെ യുറേനിയം233 ആക്കി മാറ്റിയശേഷമാണ് ഉപയോഗിക്കേണ്ടത്. ഇതിനുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ടെങ്കിലും പൂര്‍ണസജ്ജമായിട്ടില്ല. തല്‍ക്കാലം യുറേനിയം 235 ഇന്ധനമാക്കിയുള്ള നിലയം സ്ഥാപിക്കുകയും തോറിയം സാങ്കേതികവിദ്യ പ്രവര്‍ത്തനക്ഷമമാകുന്ന ഘട്ടത്തില്‍ ഇന്ധനം മാറ്റി ഉപയോഗിക്കുകയുമാണു പോംവഴി.