/kalakaumudi/media/media_files/2025/09/13/ai-2025-09-13-15-33-07.jpg)
ടിറാന: സാങ്കേതികവിദ്യയുടെ കാലത്ത് ഭരണ നിര്‍വഹണത്തിലും എഐ സ്വാധീനം സൃഷ്ടിക്കുകയാണ്. അഴിമതി തുടച്ചു നീക്കുന്നതിനായി ലോകത്തില്‍ ആദ്യമായി എഐ കേന്ദ്രീകൃത മന്ത്രിയെ നിയമിക്കാന്‍ ഒരുങ്ങുകയാണ് അല്‍ബേനിയ. അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമയാണ് മന്ത്രിസഭയിലേക്ക് ഡിജിറ്റല്‍ മന്ത്രിയെ പ്രഖ്യാപിച്ചത്.
'ഡിയല്ല' എന്നാണ് ഡിജിറ്റല്‍ അസിസ്റ്റന്റിന് നല്‍കിയ പേര്. 'സൂര്യന്‍' എന്നാണ് പേരിന് അര്‍ഥം. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ജോലിയായിരിക്കും ഡിയല്ല ചെയ്യുക. ജനുവരി മുതല്‍ എഐ മന്ത്രി പ്രവര്‍ത്തിച്ച് തുടങ്ങും.
ശാരീരികമായി സാന്നിധ്യമില്ലാത്ത, മറിച്ച് കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ അംഗമാണ് ഡിയല്ല എന്നാണ് യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. പരമ്പരാഗത അല്‍ബേനിയന്‍ വസ്ത്രം ധരിച്ച ഒരു സ്ത്രീയായിട്ടാണ് ഡിയല്ലയെ നിര്‍മിച്ചിരിക്കുന്നത്. നിലവിലെ രൂപം നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഓണ്‍ലൈന്‍ വെബ്സൈറ്റായ ഇ-അല്‍ബേനിയ പബ്ലിക് സര്‍വീസ് പ്ലാറ്റ്ഫോമില്‍ വെര്‍ച്വല്‍ അസിസ്റ്റന്റായി ഡിയല്ല നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊതു ടെന്‍ഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനും അവയെ അഴിമതി രഹിതമാക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതു ടെന്‍ഡറുകള്‍ 100% അഴിമതി രഹിതമാക്കാന്‍ ഡിയല്ല സഹായിക്കുമെന്ന് പ്രധാനമന്ത്രി എഡി റാമ പറഞ്ഞു. ഇത് സര്‍ക്കാരിനെ വേഗത്തിലും പൂര്‍ണ സുതാര്യതയോടെയും പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്നും റാമ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
കൂടാതെ, ടെന്‍ഡര്‍ നടപടിക്രമത്തിന് സമര്‍പ്പിക്കുന്ന എല്ലാ പൊതു ഫണ്ടും തികച്ചും സുതാര്യമായിരിക്കും. പൊതു ടെന്‍ഡറുകളില്‍ ആരാണ് വിജയിക്കുന്നത് എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഘട്ടം ഘട്ടമായുള്ള പ്രക്രിയയിലൂടെ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് പ്രധാനമന്ത്രി എഡി റാമ അറിയിച്ചു.
2023 ഓടെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകാന്‍ ലക്ഷ്യമിടുന്ന രാജ്യത്തിന് അഴിമതി ഒരു പ്രധാന പ്രശ്നമാണ്. പൊതുമേഖലയിലെ അഴിമതിയുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി സൂചികയിലെ 180 രാജ്യങ്ങളില്‍ 80-ാം സ്ഥാനത്താണ് അല്‍ബേനിയ.
മെയ് 11ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 140 അസംബ്ലി സീറ്റുകളില്‍ 83 എണ്ണം നേടിയ ശേഷം റാമയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി തുടര്‍ച്ചയായി നാലാം തവണയും അധികാരത്തില്‍ എത്തുകയായിരുന്നു. പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനും മിക്ക നിയമനിര്‍മാണങ്ങളും നടപ്പിലാക്കാനും കഴിയും. എന്നാല്‍ ഭരണഘടന മാറ്റാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം, അല്ലെങ്കില്‍ 93 സീറ്റുകള്‍ ആവശ്യമാണ്.
2027ല്‍ ചര്‍ച്ചകള്‍ അവസാനിക്കുമ്പോള്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ അല്‍ബേനിയയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നേടാന്‍ കഴിയുമെന്നാണ് സോഷ്യലിസ്റ്റുകള്‍ പറയുന്നത്. അതേസമയം അല്‍ബേനിയയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ കഴിയില്ലായെന്നാണ് ഡെമോക്രാറ്റുകളുടെ പക്ഷം.
ബാള്‍ക്കണ്‍ രാജ്യമായ അല്‍ബേനിയ ഒരു വര്‍ഷം മുമ്പേ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. 1990ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം പടിഞ്ഞാറന്‍ ബാല്‍ക്കന്‍ രാജ്യത്ത് ഒരു പ്രധാന പ്രശ്നമായി തുടര്‍ന്നത് സംഘടിത കുറ്റകൃത്യങ്ങളും അഴിമതിയുമാണ്. അത് പുതിയ സര്‍ക്കാരും നേരിടേണ്ടി വരുന്നു.