ഇസ്രായേല്‍ സൈന്യവുമായുള്ള സാങ്കേതിക സഹകരണം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചു

ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദശലക്ഷക്കണക്കിന് പലസ്തീന്‍ പൗരന്മാരുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കുന്നതിന് മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

author-image
Biju
New Update
micro

വാഷിങ്ടണ്‍: ഗാസയില്‍ ആക്രമണം തുടരുന്ന ഇസ്രായേല്‍ സൈന്യവുമായുള്ള നിര്‍ണായക സാങ്കേതിക സഹകരണം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. പലസ്തീനികളെ കൂട്ടമായി നിരീക്ഷിക്കാന്‍ ഇസ്രായേല്‍ സൈന്യം തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ ഈ നടപടി. മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സേവനങ്ങള്‍ എന്നിവയിലേക്കുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ പ്രവേശനം റദ്ദാക്കിയെന്ന് 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു.

ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദശലക്ഷക്കണക്കിന് പലസ്തീന്‍ പൗരന്മാരുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കുന്നതിന് മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇതിനുപിന്നാലെയാണ് ഇസ്രായേല്‍ സൈന്യം ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചത്. ഇസ്രായേല്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ യൂണിറ്റ് 8200 മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് പ്ലാറ്റ്ഫോമിന്റെ പ്രത്യേകം തയ്യാറാക്കിയ ഒരു ഭാഗം ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമമായ 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തത്.

2021-ല്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും യൂണിറ്റ് 8200-ന്റെ അന്നത്തെ കമാന്‍ഡറായിരുന്ന യോസി സരിയേലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ സാങ്കേതിക സഹകരണം ആരംഭിച്ചത്. ഈ സഹകരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നിരുന്നാലും, ഗാസ സംഘര്‍ഷത്തില്‍ മൈക്രോസോഫ്റ്റിന്റെ അഷ്വര്‍, എ.ഐ. സാങ്കേതികവിദ്യകള്‍ ആളുകളെ ലക്ഷ്യമിടാന്‍ ഉപയോഗിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു മൈക്രോസോഫ്റ്റ് മുന്‍പ് നല്‍കിയിരുന്ന വിശദീകരണം.

Microsoft