/kalakaumudi/media/media_files/2025/08/28/photo-2025-08-28-16-52-35.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ റീട്ടെയില്‍ ഷോപ്പുകളിലും മറ്റും ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുന്നതിന് നിയന്ത്രണം വരുന്നു. റീട്ടെയില്‍ കമ്പനികള്‍ ഉപഭോക്താക്കളില്‍നിന്നു ശേഖരിക്കുന്ന ഫോണ്‍ നമ്പറുകള്‍ വലിയ തുകയ്ക്ക് വില്‍ക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നിയന്ത്രണം.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ഡിജിറ്റല്‍ വ്യക്തിവിവരസംരക്ഷണ നിയമത്തിലാണ് ഇതിനുള്ള നിര്‍ദേശം.
ഫോണ്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളുമായും ആധാര്‍ നമ്പറുമായും എല്ലാം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഫോണ്‍ നമ്പര്‍ സുപ്രധാന വ്യക്തിവിവരങ്ങളുടെ ഭാഗമാണ്. ഇത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
എന്തിനാണ് ഇത്തരം വിവരങ്ങള്‍ വാങ്ങുന്നത്, എത്രകാലം ഇതു സൂക്ഷിക്കും, എപ്പോള്‍ സിസ്റ്റത്തില്‍നിന്ന് ഒഴിവാക്കും എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഉപഭോക്താക്കളെ സ്ഥാപനം അറിയിക്കണം. ഈ വിവരങ്ങള്‍ കൃത്യമായി അറിയിച്ച് ഉപഭോക്താക്കളുടെ അനുമതിയോടെമാത്രമേ ഫോണ്‍നമ്പര്‍ ശേഖരിക്കാവൂ എന്നും ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിലവില്‍ റീട്ടെയില്‍ ഷോപ്പുകളില്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ ബില്‍ കൗണ്ടറുകളില്‍ ചോദിച്ചുവാങ്ങുന്നുണ്ട്. ലോയല്‍റ്റി സ്‌കീമുകളുടെ പേരിലും ബില്‍ ഫോണിലേക്ക് അയക്കുന്നതിന്റെ പേരിലുമാണ് ഇത്തരത്തില്‍ ഫോണ്‍ നമ്പര്‍ വാങ്ങുന്നത്. ബില്‍ ലഭിക്കുന്നതിന് ഇതൊരു ആവശ്യമായി ഉപഭോക്താക്കളും കാണുന്നു.