മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാന്‍സര്‍ സ്‌പെഷല്‍ എഡിഷന്‍ ലോഞ്ച് ചെയ്തു

ഈ സ്‌പെഷല്‍ എഡിഷന്റെ സൗന്ദര്യം കൂടുതല്‍ വര്‍ധിപ്പിച്ചുകൊണ്ട് മോട്ടറോള സ്വരോവ്സ്‌കിയില്‍ നിന്നുള്ള ക്രിസ്റ്റലുകളും ഈ ഫോണിന്റെ ഡിസൈനിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.

author-image
Biju
New Update
motororla

മോട്ടറോള തങ്ങളുടെ എഡ്ജ് 70 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ മാസം മോട്ടറോള എഡ്ജ് 70 മോഡല്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്തിരുന്നു. പാന്റോണ്‍ ലില്ലി പാഡ്, പാന്റോണ്‍ ഗാഡ്ജെറ്റ് ഗ്രേ, പാന്റോണ്‍ ബ്രോണ്‍സ് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ എത്തിയത്. എന്നാലിപ്പോള്‍ പുതിയ പാന്റോണ്‍ കളറുമായി ഈ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്റെ സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. പാന്റോണ്‍ കളര്‍ ഓഫ് ദി ഇയര്‍ 2026, പാന്റോണ്‍ 11-4201 ക്ലൗഡ് ഡാന്‍സര്‍ കളര്‍ ഓപ്ഷനിലാണ് മോട്ടറോള എഡ്ജ് 70യുടെ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാന്‍സര്‍ സ്‌പെഷല്‍ എഡിഷന്‍  ഒരു എയറി വൈറ്റ് കളര്‍ ഓപ്ഷനാണ്. മൃദുത്വത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഈ സ്‌പെഷല്‍ എഡിഷന്റെ സൗന്ദര്യം കൂടുതല്‍ വര്‍ധിപ്പിച്ചുകൊണ്ട് മോട്ടറോള സ്വരോവ്സ്‌കിയില്‍ നിന്നുള്ള ക്രിസ്റ്റലുകളും ഈ ഫോണിന്റെ ഡിസൈനിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.

ക്വില്‍റ്റഡ്, ലെതര്‍-ഇന്‍സ്പയര്‍ഡ് ബാക്ക് പാനലില്‍ നിന്ന് വ്യത്യസ്തമായി, സ്വരോവ്സ്‌കിയില്‍ നിന്നുള്ള ക്രിസ്റ്റലുകള്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഡി?സൈനില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. മോട്ടറോള എഡ്ജ് 70 മോഡലിന്റെ സ്ലിം ബോഡി നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സ്‌പെഷല്‍ എഡിഷന്‍ എത്തിയിരിക്കുന്നത്. സ്വരോവ്‌സ്‌കിയുടെ ക്രിസ്റ്റലുകള്‍ ഉള്‍ക്കൊള്ളുന്ന മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാന്‍സര്‍ പാന്റോണ്‍ കളര്‍ ഓഫ് ദി ഇയര്‍ 2026 ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത വിപണികളില്‍ ലഭ്യമാകും.

ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍ ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയിലും ലഭ്യമാകും എന്നതാണ്. ഈ മാസം മോട്ടറോള എഡ്ജ് 70 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം ഈ ലിമിറ്റഡ് എഡിഷന്‍ ലോഞ്ചും പ്രതീക്ഷിക്കാം. ഇതിനകം തന്നെ മോട്ടറോളയുടെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഇത് കാണിക്കുന്നുണ്ട് എന്നതിനാല്‍ ഇന്ത്യന്‍ ലോഞ്ച് ഉറപ്പിക്കാം.