ഒരിക്കല്‍ കൂടി ഭൂമിയുടെ മക്കളായി നാല്‍വര്‍ സംഘം

രാവിലെ 11.19ന് എല്ലിങ്ടണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ കാലുറപ്പിച്ചു. ആരുടെയും സഹായമില്ലാതെ മണ്ണില്‍ ചവിട്ടി ഭൂമിയിലെ സഹപ്രവര്‍ത്തകരെ ആലിംഗനം ചെയ്ത് തങ്ങള്‍ പതിന്മടങ്ങ് ശക്തരായി തിരിച്ചെത്തിയെന്ന് തെളിയിക്കുന്നതായിരുന്നു

author-image
Biju
Updated On
New Update
ahgf

ഫ്‌ളോറിഡ: ഏറെ ദൗത്യങ്ങളും ഉത്തരവാദിത്വങ്ങളുമേറ്റെടുത്ത് നടത്തുന്ന ബഹിരാകാശ യാത്ര, അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സുനിതയും സംഘവും തിരിച്ചെത്തിയപ്പോള്‍ ഒരു വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ പ്രതീതിയായിരുന്നു ഗഗനചാരികള്‍ക്ക്. 

ആരോഗ്യപ്രശ്‌നങ്ങളൊന്നും തങ്ങളെ തൊട്ടുതീണ്ടിയില്ലെന്ന് തെളിയിച്ച് പേടകത്തില്‍ നിന്നും പ്രത്യേക സ്‌ട്രെക്ചറില്‍ ആരോഗ്യ കേന്ദ്രത്തിലെത്തിയ സംഘം രാവിലെ 11.19ന് എല്ലിങ്ടണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ കാലുറപ്പിച്ചു. ആരുടെയും സഹായമില്ലാതെ മണ്ണില്‍ ചവിട്ടി ഭൂമിയിലെ സഹപ്രവര്‍ത്തകരെ ആലിംഗനം ചെയ്ത് തങ്ങള്‍ പതിന്മടങ്ങ് ശക്തരായി തിരിച്ചെത്തിയെന്ന് തെളിയിക്കുന്നതായിരുന്നു. 

ഇന്നലെ 10.35ന് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായുള്ള ബന്ധം വേര്‍പെട്ട ശേഷം കൃത്യമായി ലഭിച്ചിരുന്ന സ്ഗ്നലിന് വെളുപ്പിന് മൂന്നോടെ ചെറിയൊരു തടസം നേരിട്ടത് ചെറിയ ആശങ്കയ്ക്ക് വഴിയൊരുക്കിയെങ്കിലും ഉടന്‍ തന്നെ ബന്ധം പുനസ്ഥാപിച്ച് ആശങ്കകളെല്ലാം അകറ്റി. 

അങ്ങനെ നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ കൃത്യം 3.28ന് സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ബഹിരാകാശ പേടകം മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഫ്ളോറിഡയുടെ തീരത്തോട് ചേര്‍ന്ന് കടലില്‍ ലാന്‍ഡ് ചെയ്തു.

ലോകം മുഴുവന്‍ കാത്തിരുന്ന ആ നിമിഷത്തന് പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞ് പരിസമാപ്തിയായപ്പോള്‍ പേടകത്തില്‍ നിന്ന് ഓരോരുത്തരായി കൈവീശി പുറത്തിറങ്ങിയത് പതിന്മടങ്ങ് ആത്മവിശ്വാസത്തോടെയായിരുന്നു. വാര്‍ത്താ മാദ്ധ്യമങ്ങള്‍ പടച്ചുവിട്ട കഥകള്‍ക്കപ്പുറം തങ്ങള്‍ ആകാശത്ത് സുരക്ഷിതരായിരുന്നുവെന്ന് എടുത്തുകാണിക്കുന്നതായിരുന്നു ഓരോ സഞ്ചാരിയുടെയും മുഖഭാവം.

3.28ന് കടല്‍ തൊട്ട ഡ്രാഗണ്‍ ഫ്രീഡം പേടകത്തിനടുത്തേക്ക് ഒട്ടും വൈകാതെ തന്നെ റെസ്‌ക്യൂ ബോട്ടുകള്‍ പാഞ്ഞെത്തി. അവ ചുറ്റും നിന്ന് സംരക്ഷണമൊരുക്കി ഏകദേശം അരമണിക്കൂര്‍ നേരത്തെ ദൗത്യത്തിനൊടുവില്‍ സ്പേസ് എക്സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ കപ്പലിനടുത്തേക്ക് പേടകത്തെ എത്തിച്ചു. പിന്നീട് ക്രെയിന്‍ മുഖേന സാവധാനം അവ കപ്പലിനകത്തേക്ക് ഉയര്‍ത്തിയെടുക്കുകയായിരുന്നു. ശുദ്ധജലത്തിലെ നീരാട്ടിനൊടുവില്‍ റസ്‌ക്യൂവിദഗ്ദ്ധര്‍ പേടകത്തിനരികിലെത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി പേടകത്തിന്റെ വാതില്‍ തുറന്നപ്പോള്‍ ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ആ ചതുര ദ്വാരത്തിനകത്തേക്കായിരുന്നു.

yhtgd

എന്തായിരിക്കാം പേടകത്തിനകത്ത് സംഭവിക്കുന്നത്. നാല്‍വര്‍സംഘം സുരക്ഷിതരാണോ... ഇങ്ങനെ ചിന്തിച്ച് കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് കൈവീശിക്കൊണ്ട് ആദ്യം നിക് ഹേഗ് ഭൂമിയില്‍ കാലുറപ്പിച്ചു. പിച്ചവച്ച് നടക്കുന്ന ഒരു കുട്ടിയെപ്പോലെ കാലുകള്‍ ഓരോന്നായി കപ്പല്‍തട്ടില്‍ ചവിട്ടി നിക് ഉയര്‍ന്നു നിന്ന് താന്‍ പൂര്‍ണ ആരോഗ്യവാനെന്ന്.... ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു.

പിന്നാലെ റഷ്യയില്‍ നിന്നുള്ള കോസ്മനോട്ട് അലക്സാണ്ടര്‍ ഗോര്‍ബുനോവ് മൂന്നാമതായി സുനിതാ വില്യസും നാലാമതായി ബുച്ച് വില്‍മോറും ഇതേ മാതൃകയില്‍ കപ്പല്‍ തട്ട് തൊട്ട് തങ്ങള്‍ പൂര്‍ണ സന്തോഷവാന്മാരെന്ന് കാണിച്ചുകൊടുത്തു. നാസയുടെ എക്സ് ആക്കൗണ്ടിലൂടെ ഉള്‍പ്പെടെ കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന് പേര്‍ അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. പിന്നാലെ പ്രത്യകം തയാറാക്കിയ സ്ട്രെക്ചറില്‍ അവര്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മടങ്ങി. 45 ദിവസത്തെ ക്വാറന്റൈനും വൈദ്യപരിശോധനയും കഴിഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുവന്ന കുട്ടികളെപ്പോലെ അവര്‍ വീടുകളിലേക്ക് മടങ്ങും.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍.

സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.

2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.

ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാര്‍ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ബുധനാഴ്ച പുലര്‍ച്ചെ 2.36-ഓടെ വേര്‍പ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എന്‍ജിന്‍ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം കത്യം 3.28ന് പേടകം മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഫ്ളോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്തു.

എന്നാല്‍ മനുഷ്യര്‍ മാത്രമല്ല ഇവരെ സ്വീകരിക്കാന്‍ എത്തിയത്. കടലും തങ്ങളുടെ ആഥിത്യ മര്യാദ കൊടുത്താണ് അവരെ സ്വീകരിച്ചത്. മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ വരവേറ്റത് യുഎസ് കോസ്റ്റ് ഗാര്‍ഡിനൊപ്പം മത്സ്യക്കൂട്ടവുമാണ് എന്നത് കൗതുകകരമായി. പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന മത്സ്യങ്ങളുടെ ആകാശ ദൃശ്യം നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. സമീപത്ത് യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും സ്പേസ് എക്സിന്റെ കപ്പലുമുണ്ടായിട്ടും, അതൊന്നും വകവെക്കാതെ മത്സ്യങ്ങള്‍ ഡ്രാഗണ്‍ പേടകത്തിനരികെ നീരാട്ട് തുടരുകയായിരുന്നു. നാസ ഈ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.

DHF

ഇത്തവണ സുനിതയുടെ യാത്ര അത്ര ഈസിയായിരുന്നില്ല. തുടക്കം മുതല്‍ ഉണ്ടായിരുന്നു പ്രശ്നങ്ങള്‍. ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍  എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്തത് രണ്ടു സ്വകാര്യ കമ്പനികളെയായിരുന്നു- ഒന്ന് ബോയിങ്. മറ്റൊന്ന് സ്പേസ് എക്സ്. ഇതില്‍ ബോയിങ്് നിര്‍മിച്ച ബഹിരാകാശ പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ അഥവാ സിഎസ്ടി-100.

ഇതിലാണ് സുനിതാ വില്യംസും ബുച്ച് വില്‍മോറും യാത്ര തിരിച്ചത്. ബോയിംഗ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് അഥവാ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ ഭാഗമായി നാസയുമായിച്ചേര്‍ന്ന് നടത്തിയതായിരുന്നു, എട്ട് ദിവസത്തെ പരീക്ഷണം. വിക്ഷേപണം, ഡോക്കിംഗ്, റീ-എന്‍ട്രി ഘട്ടങ്ങളില്‍ ബഹിരാകാശ പേടകത്തിന്റെ സംവിധാനങ്ങള്‍ വിലയിരുത്തുക, ദൗത്യങ്ങള്‍ക്ക് ഇത് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യങ്ങള്‍.

യാത്ര തുടങ്ങുന്നതിന് മുമ്പുതന്നെ ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. എന്നാല്‍ അത് ഒരു വിധം പരിഹരിച്ചാണ്, 2024 ജൂണ്‍ അഞ്ചിന് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. 25 മണിക്കുര്‍ യാത്രക്കുശേഷം ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ശേഷം ഇതേ പേടകത്തില്‍ ജൂണ്‍ 14ന് യുഎസിലെ മരുഭൂമിയില്‍ തിരിച്ചിറങ്ങാനായിരുന്നു പദ്ധതി. അതാണ് പാളിയത്.

യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നു. അതിനിടെ സ്റ്റാര്‍ ലൈനറില്‍നിന്ന് നാലുവട്ടം ഹീലിയം ചോര്‍ച്ചയുണ്ടായി. അതിലുപരി റോക്കറ്റിനെ മുന്നിലേക്ക് തള്ളാനും ദിശമാറ്റാനും ഉപയോഗിക്കുന്ന ത്രസ്റ്റുകളില്‍ ചിലത് കാര്യക്ഷമമായി പ്രവര്‍ത്തിക്ുന്നില്ല എന്ന് കണ്ടെത്തി. ഇതോടെ റിസ്‌ക്ക് എടുത്ത് ഇതേ ബഹിരാകാശ പേടകത്തില്‍ ഇരുവരെയു തിരിച്ചുകൊണ്ടുവരണോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായി. ഒടുക്കം സുനിതയെയും വില്‍മോറിനെയും അവിടെ നിര്‍ത്തി പേടകം മാത്രം തിരിച്ചുകൊണ്ടുവരാന്‍ നാസയുടെ സുരക്ഷാ ടീം തീരുമാനിച്ചു. 2024 സ്പെ്റ്റമ്പര്‍ 6ന് ആളില്ലാ പേടകത്തെ മാത്രം ഭൂമിയില്‍ എത്തിച്ചു.

ഇതോടെയാണ് സുനിതയും വില്‍മോറും ബഹിരാകാശനിലയത്തില്‍ കുടുങ്ങിയെന്ന വാര്‍ത്ത പരന്നത്. അവരെ തിരിച്ചുകൊണ്ടുവരാനുള്ള ഓരോഘട്ടത്തിലുമുണ്ടായി പ്രതിസന്ധി. നിലയത്തില്‍ സൂപ്പര്‍ ബഗ്ഗുകളെ കണ്ടെത്തിയെന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരുന്നു. ആന്റി മെക്രോബിയല്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടര്‍ ബുഗന്‍ഡന്‍സിസ് ശ്വാസകോശത്തെ മാരകമായി ബാധിക്കുന്നതാണ്. ഇവയെ സൂപ്പര്‍ബഗ്ഗ് എന്നാണ് വിളിക്കുന്നത്.

എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തില്‍ ജനിതകമാറ്റത്തിലൂടെ കൂടുതല്‍ ശക്തിയാര്‍ജിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ഭൂമിയില്‍നിന്ന് ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്. പക്ഷേ ഇതിനെയും നശിപ്പിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞു.

ഒടുവില്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനത്തിനുശേഷമാണ്, ഇലോണ് മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്. ക്രൂ10 ദൗത്യം ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി. 

നാസയുടെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജപ്പാന്‍ ഏജന്‍സിയായ ജാക്‌സയുടെ തകുയ ഒനിഷി, റഷ്യ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് ക്രൂ10 സംഘത്തിലുണ്ടായിരുന്നത്. ഇവരെ ഹസ്തദാനം നല്‍കിയും ആലിംഗനംചെയ്തും വികാരനിര്‍ഭരമായാണ് സുനിതയും വില്‍മോറും സ്വീകരിച്ചത്. ഇത് അദ്ഭുതകരമായ ദിവസമാണെന്നും സുഹൃത്തുക്കളുടെ വരവില്‍ അതിയായ സന്തോഷമുണ്ടെന്നുമായിരുന്നു സുനിതയുടെ പ്രതികരണം.

srfh

 

  • Mar 19, 2025 13:11 IST

    പിന്നിട്ടത് 121,347,491 മൈലുകള്‍;4,576 തവണ ഭൂമിയെ വലംവച്ചു

    ഫ്‌ളോറിഡ: ഒമ്പത് മാസക്കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച സുനിത വില്യംസും ബുച്ച് വില്‍മോറും എത്ര ദൂരം സഞ്ചരിച്ചുകാണും എന്ന് ഊഹിക്കാന്‍ പറ്റുമോ? ഇക്കുറി 286 ദിവസം നീണ്ട ദൗത്യത്തില്‍ സുനിതയും ബുച്ചും 121,347,491 മൈലുകള്‍ താണ്ടി. ഭൂമിയെ 4,576 തവണ വലംവെച്ചു. അതേസമയം 171 ദിവസം ഐഎസ്എസിലുണ്ടായിരുന്ന നിക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും 72,553,920 മൈല്‍ യാത്ര ചെയ്യുകയും 2,736 തവണ ഭൂമിയെ വലംവെക്കുകയും ചെയ്തു. 

    ഇതാദ്യമായായിരുന്നു ഗോര്‍ബുനോവ് ബഹിരാകാശ യാത്ര നടത്തുന്നത്. എന്നാല്‍ സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസവും, ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി. ഇവരില്‍ ഒന്നാമത് ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് തന്നെ. 

    സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. 2024 ജൂണ്‍ 5നായിരുന്നു ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് പോയത്. അതേസമയം 2024 സെപ്റ്റംബര്‍ 28നായിരുന്നു ഹേഗും ഗോര്‍ബുനോവും ബഹിരാകാശത്തേക്ക് തിരിച്ചത്.



  • Mar 19, 2025 05:04 IST

    നിറഞ്ഞ ചിരി, കൈവീശിയിറങ്ങി സുനിത

    ഫ്‌ളോറിഡ: ക്രൂ- 9 ലാന്‍ഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാ?ഗണ്‍ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരില്‍ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവില്‍ സ്‌ട്രെച്ചറില്‍ വൈദ്യ പരിശോധനക്കായി മാറ്റുകയാണ്. 

    സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാ?ഗണ്‍ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് മൂന്നരയോടെ ലാന്‍ഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്‌ക്കെത്തിച്ചു. അങ്ങനെ മാസങ്ങള്‍ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി. 

    ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 

    2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്. 

    ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാര്‍ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 2.36-ഓടെ വേര്‍പ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിന്‍ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോര്‍ബുനോവിനെയും കരയിലെത്തിക്കുകയാണ്.



  • Mar 19, 2025 04:38 IST

    സുനിതയുടെ നിമിഷങ്ങള്‍

    ഐഎസ്എസിലേക്കുള്ള യാത്രാമധ്യേ ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകം പൈലറ്റ് ചെയ്തത് സുനിത വില്യംസായിരുന്നു. ഒരു ബഹിരാകാശ കാപ്‌സ്യൂള്‍ പരീക്ഷിച്ച ആദ്യ വനിതാ ബഹിരാകാശ യാത്രിക എന്ന പദവി അതോടെ സുനിത നേടി. ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികളില്‍ ഈ യാത്രയിലും സുനിത പങ്കാളിയായി. ഐഎസ്എസിലെ നിരവധി പഴയ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനും ധാരാളം മാലിന്യങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചയക്കുന്നതിനും സുനിത മേല്‍നോട്ടം വഹിച്ചു. 

    സുനിത വില്യംസും ബാരി വില്‍മോറും മറ്റൊരു ബഹിരാകാശ യാത്രികനായ നിക്ക് ഹേഗും ഭ്രമണപഥത്തിലെ ലബോറട്ടറിയില്‍ 150-ല്‍ അധികം ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും സാങ്കേതിക പ്രകടനങ്ങള്‍ക്കുമിടയില്‍ 900 മണിക്കൂറിലധികം ഗവേഷണം പൂര്‍ത്തിയാക്കി എന്ന് നാസ പറയുന്നു. സുനിതയുടെ ഐഎസ്എസിലെ താമസം ആഴ്ചകളില്‍ നിന്ന് മാസങ്ങളിലേക്ക് നീണ്ടപ്പോള്‍, മൂന്ന് ബഹിരാകാശ യാത്രകളിലെ പരിചയസമ്പന്ന എന്ന നിലയ്ക്ക് ഐഎസ്എസ് കമാന്‍ഡറുടെ റോളിലേക്ക് സുനിതയ്ക്ക് നാസ സ്ഥാനക്കയറ്റവും നല്‍കി. അങ്ങനെ ഐഎസ്എസിന്റെ സുരക്ഷയും അവരുടെ ചുമലില്‍ ആയിരുന്നു. ഇതൊരു അപൂര്‍വ നേട്ടമാണ്. 

    ചരിത്രമെഴുതിയ ബഹിരാകാശ നടത്തം

    ഐഎസ്എസിലെ താമസത്തിനിടെ സുനിത ഒരു നീണ്ട ബഹിരാകാശ നടത്തവും നടത്തി. ഇതിനെ എക്‌സ്ട്രാ വെഹിക്കിള്‍ ആക്ടിവിറ്റി (EVA) എന്നും വിളിക്കുന്നു. അവര്‍ 62 മണിക്കൂറും ഒമ്പത് മിനിറ്റും ബഹിരാകാശ നടത്തത്തില്‍ പൂര്‍ത്തിയാക്കി. ജനുവരി 30-ന് നടന്ന തന്റെ അവസാന ബഹിരാകാശ നടത്തത്തില്‍, ഐഎസ്എസിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സുനിത വില്യംസ് അഞ്ച് മണിക്കൂറും 26 മിനിറ്റും ഇവിഎയില്‍ ചെലവഴിച്ചു. അതിന് രണ്ടാഴ്ച മുമ്പ് ജനുവരി 16-ന് അവര്‍ ആറ് മണിക്കൂര്‍ ബഹിരാകാശ നടത്തം നടത്തി. 

    ബഹിരാകാശ പരിസ്ഥിതിയോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് നന്നായി മനസിലാക്കുന്നതിനായി സുനിത സ്വന്തം ശരീരത്തില്‍ ചില പരിശോധനകളും പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. മുമ്പ് ഒരു സന്ദര്‍ശനത്തില്‍, അവര്‍ ബഹിരാകാശത്ത് ഒരു മാരത്തണ്‍ ഓടിയിരുന്നു. തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുനിത വില്യംസ് ഭൂമിയിലെ മനുഷ്യര്‍ക്ക് ദീപാവലി, ക്രിസ്മസ്, പുതുവത്സര ആശംസകള്‍ അയച്ചു, കൂടാതെ അവരുടെ പേരിലുള്ള ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി ഒരു സെഷനും നടത്തി. ഒപ്പം 2024-ലെ പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ബഹിരാകാശത്ത് നിന്ന് ആശംസകളും നേര്‍ന്നു.

    മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, സുനിത ലെറ്റൂസ് ചെടികള്‍ക്ക് വെള്ളം നനയ്ക്കുകയും അവയെ പഠിക്കുകയും ചെയ്തുകൊണ്ട് ബഹിരാകാശത്ത് പൂന്തോട്ട പരിപാലനം നടത്തി. ഇത്തരം അപൂര്‍വ്വ സാഹചര്യങ്ങള്‍ സസ്യവളര്‍ച്ചയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാന്‍ ഇതിലൂടെയായി. ഭാവിയിലെ ബഹിരാകാശ യാത്രകളില്‍ ക്രൂ അംഗങ്ങള്‍ക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നതാണ് സുനിത വില്യംസ് നടത്തിയ ഈ ഇടപെടല്‍.

    മറ്റ് പരീക്ഷണങ്ങള്‍ 

    ഐഎസ്എസില്‍ വെള്ളം എങ്ങനെ വീണ്ടെടുക്കാമെന്നതിനെക്കുറിച്ചുള്ള പരീക്ഷണങ്ങളും സുനിത വില്യംസ് നടത്തി. നാസ പാക്ക്ഡ് ബെഡ് റിയാക്ടറുകള്‍ എന്ന് വിശേഷിപ്പിച്ചവയിലൂടെയാണ് ഇത് നടത്തിയത്. ഒരു ഘടനയ്ക്കുള്ളില്‍ പെല്ലറ്റുകള്‍ അല്ലെങ്കില്‍ ബീഡുകള്‍ പോലുള്ള വസ്തുക്കള്‍ 'പാക്ക്' ചെയ്യുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ ഈ പരീക്ഷണം നടത്തിയത്. അതിലൂടെ ഒഴുകുന്ന ഏതെങ്കിലും ദ്രാവകങ്ങളും വാതകങ്ങളും തമ്മിലുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്തത്.

    ഐഎസ്എസിലെ ഈ സിസ്റ്റങ്ങളെ ഗുരുത്വാകര്‍ഷണം എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുന്നതിനായി പാക്ക്ഡ് ബെഡ് റിയാക്ടര്‍ എക്‌സ്പിരിമെന്റ് നടത്തി. വാട്ടര്‍ റിക്കവറി സീരീസ് (പിബിആര്‍ഇ-ഡബ്ല്യുആര്‍എസ്) അന്വേഷണത്തിനായി അവിടെ ഹാര്‍ഡ്വെയര്‍ സ്ഥാപിച്ചു. ജല വീണ്ടെടുക്കല്‍, താപ മാനേജ്‌മെന്റ്, ഇന്ധന സെല്ലുകള്‍, മറ്റ് ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കായി മികച്ച റിയാക്ടറുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ ശാസ്ത്രജ്ഞരെ ഈ ഫലങ്ങള്‍ സഹായിക്കും.

    ബഹിരാകാശ നിലയത്തിന്റെ ഉള്ളില്‍ ജീവന്‍ തേടി ഐഎസ്എസിന്റെ പുറംഭാഗം വില്‍മോര്‍ പരിശോധിച്ചപ്പോള്‍, സുനിത മറ്റ് സൂക്ഷ്മാണുക്കളില്‍ പരീക്ഷണം നടത്തി. ബാക്ടീരിയയുടെയും യീസ്റ്റിന്റെയും സാമ്പിളുകള്‍ ശേഖരിച്ചു. ഇത് ഐഎസ്എസിലെ ബയോ-മാനുഫാക്ചറിംഗ് എഞ്ചിനീയേര്‍ഡ് ബാക്ടീരിയകളിലും യീസ്റ്റിലും മൈക്രോഗ്രാവിറ്റിയുടെ സ്വാധീനത്തെക്കുറിച്ചുമുള്ള തുടര്‍ച്ചയായ പരിശോധനയുടെ ഭാഗമാണ്. സൂക്ഷ്മജീവ കോശ വളര്‍ച്ച, കോശഘടന, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തുന്ന മൈക്രോഗ്രാവിറ്റി, ജൈവ നിര്‍മ്മാണ പ്രക്രിയകളെ ബാധിച്ചേക്കാം. ഈ ഫലങ്ങളുടെ വ്യാപ്തി വിശദീകരിക്കാനും ബഹിരാകാശത്ത് ഭക്ഷണം, മരുന്നുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് സൂക്ഷ്മാണുക്കളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനും ഭൂമിയില്‍ നിന്ന് ഉപകരണങ്ങളും ഉപഭോഗവസ്തുക്കളും വിക്ഷേപിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും ഈ അന്വേഷണത്തിന് കഴിയും.

    യീസ്റ്റ് പോലുള്ള എഞ്ചിനീയേര്‍ഡ് സൂക്ഷ്മാണുക്കള്‍ ഉപയോഗിച്ച് ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങളില്‍ പോഷകങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ പ്രദര്‍ശിപ്പിച്ച ബയോ ന്യൂട്രിയന്റ്‌സ് ഗവേഷണവും സുനിത വില്യംസ് നടത്തി. ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുന്ന ഭക്ഷണത്തിന് വിറ്റാമിനുകളും മറ്റ് പോഷകങ്ങളും നഷ്ടപ്പെടും. എന്നാല്‍ ആവശ്യാനുസരണം സപ്ലിമെന്റുകള്‍ നിര്‍മ്മിക്കാനുള്ള ഒരു മാര്‍ഗം ഈ സാങ്കേതികവിദ്യ നല്‍കും. ഐഎസ്എസില്‍ ഗവേഷണത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഗ്രോ ബാഗുകള്‍ സുനിത തയ്യാറാക്കിയതും ശ്രദ്ധേയമാണ്. 

    സുനിതയുടെ ആരോഗ്യ പരിശീലനങ്ങള്‍

    ബഹിരാകാശത്ത് നേരിയ ഗുരുത്വാകര്‍ഷണത്തില്‍ പൊങ്ങിക്കിടക്കുമ്പോള്‍ ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ സുനിത വില്യംസ് ബഹിരാകാശത്ത് വിപുലമായ ഭാരോദ്വഹന പരിശീലനം നടത്തി. ഒരു ഘട്ടത്തില്‍, അവരുടെ ആരോഗ്യത്തെക്കുറിച്ച് നിരവധി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. അതിനിടെ സുനിത തന്നെ ഒരു വിശദീകരണവും നല്‍കി. ഐഎസ്എസില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്ന അതേ ഭാരം തന്നെയാണ് എനിക്കിപ്പോഴും എന്നായിരുന്നു ആത്മവിശ്വാസത്തോടെ സുനിത വില്യംസിന്റെ മറുപടി.



  • Mar 19, 2025 03:20 IST

    ഡീ ഓര്‍ബിറ്റ് ബേണ്‍ പൂര്‍ത്തിയായി, കാത്തിരിപ്പോടെ ലോകം

    ഫ്‌ളോറിഡ: ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള യാത്ര തുടരുകയാണ്. ഹെല്‍മെറ്റിലെ വൈസര്‍ അടച്ചുവെന്ന് നാസ അറിയിച്ചു. സ്‌പേസ് സൂട്ടില്‍ ഘടിപ്പിച്ചിരുന്ന ടാബ്ലറ്റ് മാറ്റി. ഫ്‌ലോറിഡയുടെ ടാലഹാസീ തീരത്തിനടുത്താണ് സ്പ്ലാഷ് ഡൌണ്‍. യുഎസ് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ സോണ്‍ ഒരുക്കി. ഡി ഓര്‍ബിറ്റ് ജ്വലനം അവസാനിച്ചു.  സ്പ്ലാഷ് ഡൌണ്‍ 3:27 ന് ക്രൂ 9  യാത്രികര്‍ അവസാന തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. 

    ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാര്‍ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം പുലര്‍ച്ചെ വേര്‍പ്പെടുത്തി. ഏഴര മിനിറ്റ് നീളുന്ന ഡീ ഓര്‍ബിറ്റ് ബേണ്‍ പൂര്‍ത്തിയായി. മൂന്നരയോടെ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്യും. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്‌ക്കെത്തിക്കും. അങ്ങനെ മാസങ്ങള്‍ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലേക്കെത്തുന്നു.

    ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്. 

    ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാര്‍ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 2.36-ഓടെ വേര്‍പ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിന്‍ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോര്‍ബുനോവിനെയും കരയിലെത്തിച്ചു.

     



  • Mar 18, 2025 22:06 IST

    സീറോ ഗ്രാവിറ്റിയെ തോല്‍പ്പിച്ച സുനിത

    ലോകത്തിലെ ഏറ്റവും വലിയ ആത്മവിശ്വാസത്തിന്റെ പേരാണ് സുനിതാ വില്യംസ്. ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി കടന്നുപോകുമ്പോള്‍ സുനിത ബഹിരാകാശത്ത് കൃഷി ചെയ്യുകയായിരുന്നു. സ്ത്രീ അബലയും അടിമയുമെന്ന പഴയ പൈങ്കിളി സങ്കല്‍പ്പങ്ങളെയാകെ അട്ടിമറിച്ചുകൊണ്ട് 21-ാം നൂറ്റാണ്ടിലെ സ്ത്രീ ബഹുദൂരം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്നു. 

    അവള്‍ ബഹിരാകാശത്തിന്റെ അതിരുകളും കടന്ന് ആത്മവിശ്വാസത്തിന്റെ പുതിയ പുതിയ നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും മുന്നേറിക്കൊണ്ടിരിക്കുന്നു.
    സുനിതാ വില്യംസ് ലോകത്തിലെ മുഴുവന്‍ സ്ത്രീകളോടും പറയുന്നത് നിങ്ങള്‍ക്ക് ചെയ്യാന്‍ വലിയ വലിയ കാര്യങ്ങളുണ്ട്. കീഴടക്കാന്‍ ഇനിയും ഒരുപാട് ഗ്രഹങ്ങളും നക്ഷത്രങ്ങളുമുണ്ട്. ലോകം മുഴുവന്‍ കാത്തിരിക്കുന്ന ആ ദിവസം വരാന്‍ പോകുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയ സുനിതയെയും വില്‍മോറിനെയും തിരികെ കൊണ്ടുവരാനുള്ള സ്പെയ്സ് എക്സ് ക്രൂ 10 ദൗത്യസംഘം മാര്‍ച്ച് 19 ന് സുനിതാ വില്യംസിനേയും വില്‍മേറിനെയും ഭൂമിയിലെത്തിക്കും. 21-ാം നൂറ്റാണ്ട് കണ്ട മനോഹരമായ ചരിത്രമുഹൂര്‍ത്തത്തിന് ഭൂമി സാക്ഷ്യം വഹിക്കും. 

    എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി 2024 ജൂണില്‍ പോയ സുനിതയും വില്‍മോറും ഒമ്പത് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടങ്ങി. മനുഷ്യജീവിതം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവങ്ങളിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും അവര്‍ കടന്നുപോയി. ഭൂമിയില്‍ അവര്‍ ഗുരുത്വാകര്‍ഷണത്തെ നേരിട്ടിട്ടുണ്ട്. പക്ഷേ പൂജ്യം ഗ്രാവിറ്റിയില്‍ എങ്ങനെയാണ് മനുഷ്യന്റെ ദൈനംദിനജീവിതം സാദ്ധ്യമാകുക എന്ന വലിയ വെല്ലുവിളിയാണ് അവര്‍ ഏറ്റെടുത്തത്. മനുഷ്യന് ജീവിക്കാന്‍ പറ്റിയ യാതൊരു സാഹചര്യവും അന്താരാഷ്ട്ര നിലയത്തിലില്ല. ദാഹിച്ചാല്‍ സമാധാനത്തോടെ ഒരു തുള്ളി വെള്ളം കുടിക്കണമെങ്കിലും ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരിക. 

    ഉറങ്ങണമെങ്കിലും പല്ലുതേയ്ക്കണമെങ്കിലും തമ്മില്‍ തമ്മില്‍ സംസാരിക്കണമെങ്കിലും വളരെയേറെ കഷ്ടപ്പെടേണ്ടി വരുന്ന കാഴ്ച നമ്മെ ഞെട്ടിക്കുന്നതാണ്. സുനിതാ വില്യംസ് കുളിച്ച് തലചീകുന്ന ഒരു വീഡിയോ കാണാന്‍ ഇടയായി. ജലത്തിന്റെ ഘടന അതിന്റെ ഒഴുക്കിനെ ആശ്രയിച്ചിരിക്കുന്നു എന്ന് നമുക്കറിയാം. പക്ഷേ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ജലത്തിന്റെ ഒഴുക്ക് തീരുമാനിക്കുന്നത് അവിടുത്തെ പൂജ്യം ഗുരുത്വാകര്‍ഷണ നിയമമാണ്. ഭാരമില്ലായ്മ വലിയൊരു പ്രശ്നമായി മനുഷ്യജീവിതത്തെ വേട്ടയാടുന്നു. ഒമ്പത് മാസം നീണ്ടുനിന്ന ബഹിരാകാശത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന് അവര്‍ വിധേയമായി. പക്ഷേ അടങ്ങിയിരിക്കാന്‍ സുനിതാ വില്യംസ് തയ്യാറായില്ല. 

    പൂജ്യം ഗ്രാവിറ്റിയ്ക്കെതിരെ യുദ്ധം 

    അപാരമായ ഇച്ഛാശക്തിയോടെ പൂജ്യം ഗ്രാവിറ്റിയ്ക്കെതിരെ അവര്‍ യുദ്ധം നയിച്ചു. ബഹിരാകാശനിലയത്തിന്റെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തു. അതിന്റെ തകരാറുകള്‍ പരിഹരിച്ചു. വ്യായാമം ചെയ്തു. കൃഷി ചെയ്തു. തന്റെ ക്ഷീണിച്ച മുഖത്ത് ആ പുഞ്ചിരി നിലനിര്‍ത്തി. ഭൂമിയില്‍ ഇരുന്ന് നാം ആ പുഞ്ചിരി കണ്ടു. അവര്‍ പറന്നുനടക്കുന്ന ദൃശ്യങ്ങളും. 

    ഒരു മാലാഖ ബഹിരാകാശ നിലയത്തില്‍ പറന്നുനടക്കുന്നു. അവിടുത്തെ ഭൗതിക നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഐതിഹാസികായ അനുഭവം. ആ അനുഭവത്തിന അപാരമായ ധൈര്യവും ആത്മവിശ്വാസവും വേണം. ഒരു സ്ത്രീയെന്ന നിലയില്‍ സുനിതയുടെ ആത്മവിശ്വാസം ബഹിരാകാശത്തിന്റെ അതിരുകള്‍ക്കപ്പുറം കടന്നുയര്‍ന്നു. സ്ത്രീയൊരുമ്പെട്ടാല്‍ ബഹിരാകാശത്തിനും തടുക്കാനാവില്ലെന്ന് അവര്‍ തെളിയിച്ചു. 21-ാം നൂറ്റാണ്ടിലെ ധീരവനിതയായി അവര്‍ ചരിത്രത്തെ തന്നോടൊപ്പം കൂട്ടി.

    സധൈര്യം കടന്നുവരിക. 

    ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെ അച്ഛന്‍ ദീപക് പാണ്ഡെ ശാസ്ത്രജ്ഞനായിരുന്നു. 1965 സെപ്തംബര്‍ 19 ന് ജനിച്ച സുനിതയുടെ നിയോഗം ബഹിരാകാശത്തിനപ്പുറം വളരാനായിരുന്നു. ഒരു നേവി ഓഫീസറായി ജീവിതം തുടങ്ങി നാസയുടെ ഏറ്റവും പ്രഗത്ഭയായ ബഹിരാകാശയാത്രികയെന്ന പദവിയിലേക്ക് അവര്‍ ആത്മവിശ്വാസത്തോടെ കയറിപ്പോയി. അത് ഇന്ത്യയ്ക്കുമഭിമാനമായി. അതിനവര്‍ കൊടുത്ത വില  അവരുടെ ജീവിതം തന്നെയായിരുന്നു. അന്താരാഷട്ര ബഹിരാകാശ നിലയത്തില്‍ അവര്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങള്‍ എത്ര വലുതാണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. മനക്കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പേരായി മാറി അവര്‍. 

    ഒരു മനുഷ്യനെന്ന നിലയില്‍ ുപൂജ്യം ഗ്രാവിറ്റി ഉയര്‍ത്തിയ വെല്ലുവിളി അപാരമായ ചങ്കുറപ്പോടെ അവര്‍ നേരിട്ടു. സൗന്ദര്യലഹരിയില്‍ ശങ്കരാചാര്യര്‍ പറഞ്ഞതുപോലെ സ്ത്രീയാണ് ശക്തി എന്നവര്‍ തെളിയിച്ചു. സുനിതാ വില്യംസ് ഓരോ വനിതയോടും പറയുന്നു, ആത്മവിശ്വാസത്തിന്റെ പതാക വാനോളം ഉയര്‍ത്തുക. നിങ്ങള്‍ക്ക് ഈ ലോകത്ത് വലിയ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്, സധൈര്യം കടന്നുവരിക. ആകാശമല്ല അതിനപ്പുറമാണ് നിങ്ങളുടെ അതിര്. സെപ്തംബര്‍ 19 നാണ് അവര്‍ ജനിച്ചത്. മാര്‍ച്ച് 19 ന് അവര്‍ ഭൂമിയില്‍ തൊടുമ്പോള്‍  അത് ഒരു ചരിത്രനിമിഷമായി മാറും. 

    ലോകത്തെ 740 കോടിയോളം ജനങ്ങള്‍ അതിന് ദൃക്സാക്ഷിയാവുകയും ചെയ്യും. എട്ട് ദിവസം ഒമ്പത് മാസങ്ങളായി തീര്‍ന്നപ്പോള്‍ മനുഷ്യജീവന് എങ്ങനെ ബഹിരാകാശത്ത് നിലനില്‍ക്കാന്‍ കഴിയുമെന്ന വസ്തുതകള്‍ കൂടി അവര്‍ ലോകത്തിന് സംഭാവന ചെയ്തു. ഇതിനു മുമ്പുള്ള ശാസ്ത്രത്തിലെ ചരിത്ര മുഹൂര്‍ത്തം മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതാണ്. ബോയിംഗില്‍ യാത്ര തിരിച്ച സെപെയ്സ് എക്സില്‍ മടങ്ങിവരുന്നു. ഈ സന്ദര്‍ഭത്തില്‍ കല്‍പനാ ചൗളയുടെ ജീവിതവും കൂടി നമ്മുടെ കണ്‍മുന്നിലൂടെ മിന്നിമറയുന്നു. അവരുടെ ചിരി ശാസ്ത്രലോകത്ത് നിന്നും ഒരിക്കലും മാഞ്ഞുപോകില്ല.

    അനശ്വരതയുടെ  പുഞ്ചിരി 

    പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ജീവിച്ച സുനിതയ്ക്കും വില്‍മോറിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. അവരുടെ പേശികളും എല്ലുകളും ദുര്‍ബലമാകുമെന്നും രക്തചംക്രമണം തകരാറിലാകുമെന്നും നടക്കാനോ നില്‍ക്കാനോ തിരിയാനോ  വളരെ പ്രയാസങ്ങള്‍ നേരിടുമെന്നും പറയുന്നു. അങ്ങനെയാണെങ്കില്‍ തന്റെ ജീവിതം തന്നെയാണ് അവര്‍ ഈ ശാസ്ത്രനേട്ടത്തിന് ബലി കൊടുത്തത്. ഒരര്‍ത്ഥത്തില്‍ സുനിതാ വില്യംസ് ആകാശത്ത് അനശ്വരതയുടെ ഒരു പുഞ്ചിരി കൊത്തിവച്ചു, ലോകമെന്നും ഓര്‍മ്മിക്കുന്ന രീതിയില്‍. ഭീകരമായ മാനസിക സംഘര്‍ഷത്തിലും അവര്‍ ചിരിക്കാന്‍ ശ്രമിച്ചു. 

    ഭൂമിയിലിരിക്കുന്ന നമുക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. അവര്‍ വ്യായാമം ചെയ്യുന്നതും തല ചീകുന്നതും ഉറങ്ങുന്നതുമെല്ലാമായ ദൃശ്യങ്ങള്‍ നാം ഭൂമിയിലിരുന്ന് വിസ്മയത്തോടെ കണ്ടു. അതിനവര്‍ കൊടുത്ത വില അവരുടെ ജീവന്റെയും ജീവിതത്തിന്റെയും വില തന്നെയായിരുന്നു. ബഹിരാകാശത്തില്‍ കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ അവര്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യതയും ഉറക്കമില്ലായ്മയും തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വരും. വളരെ ക്ഷീണിച്ച മുഖത്തോടുകൂടിയ സുനിതാ വില്യംസിനെ നമ്മള്‍ ദൃശ്യങ്ങളില്‍ കണ്ടു. ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും തന്നെ ഏല്‍പ്പിച്ച ബഹിരാകാശ ദൗത്യത്തില്‍ നിന്ന് പിന്‍മാറാതെ അവര്‍ ചരിത്രം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു.

    അതിരുകള്‍ മായ്ച്ചുകളഞ്ഞ് ലോകം

    ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ചുകൊണ്ട്. ഇന്ത്യന്‍ വംശജയായ ഒരു സ്ത്രീ ലോകത്തിന്റെ നെറുകയില്‍ പുതിയൊരു നക്ഷത്രമായി ജ്വലിച്ചുയരുന്ന കാഴ്ചയ്ക്ക് ഇന്ന് സാക്ഷ്യം വഹിക്കും. അത് ദശലക്ഷക്കണക്കിന് വരുന്ന സ്ത്രീകളുടെ വിജയം കൂടിയായി മാറും. സുനിതാ വില്യംസ് എന്ന സുവര്‍ണനക്ഷത്രത്തെ എതിരേല്‍ക്കാന്‍, സ്വാഗതം ചെയ്യാന്‍ അതിരുകള്‍ മായ്ച്ചുകളഞ്ഞ് ലോകം ഒരുമിച്ച് തയ്യാറെടുക്കുന്നു. 

    ലോകത്തിലെ ഏറ്റവും വലിയ ആത്മവിശ്വാസത്തിന്റെ സ്ത്രീയെന്ന് സുനിതാ വില്യംസ് പ്രഖ്യാപിക്കുന്നു. 21-ാം നൂറ്റാണ്ടിന്റെ സ്ത്രീശക്തിക്ക് അതിരുകള്‍ കല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സുനിതയുടെ ഈ നേട്ടം അടയാളപ്പെടുത്തുന്നു. സാഹസത്തിന്റെയും സഹനത്തിന്റെയും ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി സ്ത്രീ മാറുന്നു. 

    ലോകത്തിലെ ഓരോ സ്ത്രീക്കും ആകാശംമുട്ടെയുള്ള പ്രചോദനമായി ആത്മവിശ്വാസമായി സുനിതാ വില്യംസ് ചരിത്രത്തിന് മുമ്പേ നടക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഭൂമിയിലേക്ക് എത്തുന്ന സുനിതാ വില്യംസിന്റെ 740 കോടി ജനങ്ങളുടെ പേരില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കട്ടെ. 

     



  • Mar 18, 2025 22:04 IST

    നിര്‍ണാകമായ 62 മണിക്കൂറും ഒമ്പത് മിനിറ്റും

    കാലിഫോര്‍ണിയ: 9 ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറും 9 മിനിറ്റുമാണ് സുനിത വില്യംസ് ബഹിരാകാശത്ത് നടന്നത്. സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം ബഹിരാകാശത്തെ താമസം നീട്ടിയത് കൊണ്ടാണ് സുനിതയ്ക്ക് റെക്കോഡ് നേടാന്‍ സാധിച്ചത്. 

    നാസയുടെ ഇതിഹാസ ബഹിരാകാശ യാത്രിക പെഗ്ഗി വിന്‍സ്റ്റണിന്റെ റെക്കോര്‍ഡാണ് സുനിത മറികടന്നത്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്. 

    പെഗ്ഗി വിന്‍സ്റ്റണിനൊപ്പമാണ് ഇന്ത്യന്‍ സഞ്ചാരി ശുഭാന്‍ഷു ശുക്ല ഉടന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരന്‍ ശുഭാന്‍ഷു ശുക്ലയുടെ യാത്ര ഈ വര്‍ഷം ജൂണില്‍ നടക്കും. 

    അമേരിക്കന്‍ സ്വകാര്യ കമ്പനി ആക്‌സിയം സ്‌പേസുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ശുഭാന്‍ഷുവിന്റെ യാത്ര. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാന്‍ഷുവടക്കം നാല് പേരെയാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി കൊണ്ടുപോകുന്നത്. രണ്ടാഴ്ച നീളുന്ന സ്‌പേസ് സ്റ്റേഷന്‍ വാസത്തിനിടയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും, ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ദൗത്യം പ്രചോദനമാകുമെന്നും ശുഭാന്‍ഷു ശുക്ല പറഞ്ഞു. 

    മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്‌സിയെ 4-ലെ മറ്റ് ദൗത്യസംഘാംഗങ്ങള്‍. ദൗത്യത്തില്‍ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ശുഭാന്‍ഷുവിന്റെ ബാക്കപ്പ്. 

     



  • Mar 18, 2025 21:57 IST

    ചര്‍ച്ചയായി സുനിതയുടെ ശമ്പള വിവരം

    കാലിഫോര്‍ണിയ: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ് തന്റെ ക്രൂ-9 ദൗത്യ സംഘത്തിലെ അംഗങ്ങളായ ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരോടൊപ്പം ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മടങ്ങുകയാണ്. ഒമ്പത് മാസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെയാണ് സുനിത ഭൂമിയില്‍ എത്തിച്ചേരുക. സുനിത വില്യംസും സഹപ്രവര്‍ത്തകരും സ്പേസ് എക്സിന്റെ ഫ്രീഡം ഡ്രാഗണ്‍ പേടകത്തിലാണ് തിരിച്ചെത്തുന്നത്. 

    ബോയിംഗിന്റെ ബഹിരാകാശ പരീക്ഷണ സ്റ്റാര്‍ലൈനര്‍ 2024 ജൂണ്‍ 5-ന് ഐഎസ്എസിലേക്ക് പോയപ്പോള്‍ 8 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തേണ്ടതായിരുന്നു ഇവരില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും. എന്നാല്‍ സ്റ്റാര്‍ലൈനറിന്റെ തകരാര്‍ അടക്കമുള്ള കാരണങ്ങളാല്‍ ബഹിരാകാശ നിലയത്തില്‍ ഇവര്‍ക്ക് 9 മാസത്തിലേറെ ചിലവഴിക്കേണ്ടിവന്നു. മറ്റ് മേഖലകളിലെ പല ജീവനക്കാരും സാധാരണയായി ചെയ്യുന്നതുപോലെ, സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ബഹിരാകാശത്ത് ദീര്‍ഘകാലം താമസിച്ചതിന് ഓവര്‍ടൈം സാലറി ലഭിക്കുമോ എന്ന സംശയം ഇതോടെ പലരുടെയും മനസില്‍ ഉയര്‍ന്നുകഴിഞ്ഞു. 

    നാസയിലെ മുന്‍ ബഹിരാകാശ യാത്രികന്‍ കാഡി കോള്‍മാന്റെ അഭിപ്രായത്തില്‍, ബഹിരാകാശ യാത്രികര്‍ക്ക് ശമ്പളമാണ് പ്രധാനമായും നല്‍കുന്ന പ്രതിഫലം. ബഹിരാകാശ യാത്രികരുടെ ഗതാഗതം, താമസം, ഭക്ഷണം എന്നീ ചിലവുകളും നാസ വഹിക്കും. കൂടാതെ 'ഇന്‍സിഡന്റല്‍സ്' എന്ന ഇനത്തില്‍ ഒരു ചെറിയ ദൈനംദിന അലവന്‍സുമുണ്ട്. എനിക്കങ്ങനെ ലഭിച്ച ഇന്‍സിഡന്റല്‍സ് തുക ഒരു ദിവസം ഏകദേശം നാല് ഡോളര്‍ ആയിരുന്നു എന്നാണ് കാഡി കോള്‍മാന്‍ വാഷിംഗ്ടണ്‍ ഡോട് കോമിനോട് പറഞ്ഞത്. 

    2010-11ലെ 159 ദിവസത്തെ ദൗത്യത്തിനിടെ, കാഡി കോള്‍മാന് ഏകദേശം 636 ഡോളര്‍ ( 55,000 രൂപയില്‍ കൂടുതല്‍) അധിക ശമ്പളം ലഭിച്ചു. ഈ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച സുനിത വില്യംസിനും ബുച്ച് വില്‍മോറിനും കുറഞ്ഞത് 1,148 ഡോളര്‍ അധിക ഇന്‍ഡിസന്റ്‌സ് ഇനത്തില്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. അതായത് ഏകദേശം ഒരുലക്ഷം ഇന്ത്യന്‍ രൂപയാണ് ഇരുവര്‍ക്കും ലഭിക്കാനിടയുള്ള ഓവര്‍ടൈം സാലറി എന്നുപറയുന്നത്.  
    റിപ്പോര്‍ട്ടുകള്‍ പ്രകാരം, സുനിത വില്യംസും ബുച്ച് വില്‍മോറും യുഎസിലെ ജനറല്‍ പേ ഷെഡ്യൂളിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ GS-15-ല്‍ ഉള്‍പ്പെടുന്നു. GS-15 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ജനറല്‍ ഷെഡ്യൂള്‍ ഘട്ടത്തെ ആശ്രയിച്ച് 1,25,133 ഡോളര്‍ മുതല്‍ 1,62,672 ഡോളര്‍ വരെ (ഏകദേശം 1.08 കോടി രൂപ മുതല്‍ 1.41 കോടി രൂപ വരെ) അടിസ്ഥാന ശമ്പളം ലഭിക്കുന്നു.

    ജനറല്‍ ഷെഡ്യൂള്‍ (GS) വര്‍ഗ്ഗീകരണവും ശമ്പള സംവിധാനവും പ്രൊഫഷണല്‍, ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ്, ക്ലറിക്കല്‍ തസ്തികകളിലുള്ള ഭൂരിഭാഗം സിവിലിയന്‍ വൈറ്റ്-കോളര്‍ ഫെഡറല്‍ ജീവനക്കാരെയും ഉള്‍ക്കൊള്ളുന്നു. ജനറല്‍ ഷെഡ്യൂളില്‍ 15 ഗ്രേഡുകളുണ്ട്. GS-1 (ഏറ്റവും താഴ്ന്നത്) മുതല്‍ GS-15 (ഏറ്റവും ഉയര്‍ന്നത്) എന്നിങ്ങനെയാണ് അവ.

    ഐഎസ്എസിലെ ഒമ്പത് മാസത്തെ നീണ്ട കാലയളവിലെ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ആനുപാതികമായി ലഭിച്ച ശമ്പളം 93,850 ഡോളറിനും 122,004 ഡോളറിനും ഇടയിലാണ്. അതായത് ഏകദേശം 81 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെ. ഇന്‍സിഡന്റല്‍  സാലറിയായി 1,148 ഡോളര്‍ (ഏകദേശം ഒരുലക്ഷം) രൂപ കൂടി ചേര്‍ക്കുന്നതോടെ ദൗത്യത്തിനിടയിലെ അവരുടെ ആകെ പ്രതിഫലം 94,998 ഡോളര്‍ മുതല്‍ 1,23,152 ഡോളര്‍ വരെ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. ഇത് ഏകദേശം 82 ലക്ഷം രൂപ മുതല്‍ 1.06 കോടി ഇന്ത്യന്‍ രൂപ വരെ വരും.



  • Mar 18, 2025 16:19 IST

    സുനിത വില്യംസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്

    ന്യൂഡല്‍ഹി: ബഹിരാകാശ ദൗത്യത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന സുനിത വില്യംസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്.മടക്കയാത്രയ്ക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ടാണ് കത്ത്.

    കുടുംബസമേതം ഇന്ത്യയിലേക്ക് വരണമെന്ന് കത്തില്‍ പറയുന്നു.സുനിതയ്ക്കും ബുച്ചിനും ശുഭയാത്രയും മോദി നേര്‍ന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ക്രൂ 9 സംഘത്തിന്റെ മടക്കയാത്ര പുരോഗമിക്കുകയാണ്.സുനിത വില്യംസ് അടക്കം നാലംഗ സംഘം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. 

    ഇപ്പോള്‍ ബഹിരാകാശത്ത് കൂടി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാര്‍ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം പുലര്‍ച്ചെ രണ്ട് മുപ്പത്തിയാറോടെ വേര്‍പ്പെടുത്തും.2.41ഓടെയാണ് ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എന്‍ജിന്‍ ജ്വലനം നടത്തുക.മൂന്നരയോടെ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ളോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്യും.സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്‌ക്കെത്തിക്കും.



  • Mar 18, 2025 13:51 IST

    ഭൂമിയിലെത്തിയാലും അവര്‍ വീട്ടിലേക്കില്ല

    കാലിഫോര്‍ണിയ: സുനിതയും ബുച്ചിനും നിക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബനോവും സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയിലേക്ക് മടക്കയാത്രയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ ലാന്‍ഡ് ചെയ്താലുടന്‍ ഈ നാല്‍വര്‍ സംഘത്തെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇതിന് ശേഷമാകും അവരവരുടെ വീട്ടിലേക്കുള്ള മടക്കം. 

    ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27നാണ് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തെ തിരികെ ഭൂമിയിലെത്തിക്കുന്ന ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂളിന്റെ ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഡ്രാഗണ്‍ പേടകം അറ്റ്ലാന്‍ഡിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ ആണ് ലാന്‍ഡ് ചെയ്യുക. ഇതിന് ശേഷം ക്യാപ്സൂള്‍ നാസയും സ്‌പേസ് എക്‌സും ചേര്‍ന്ന് കരയ്‌ക്കെത്തിക്കും. 

    ലോ-ഗ്രാവിറ്റിയില്‍ നിന്നാണ് ബഹിരാകാശ യാത്രികരുടെ വരവ് എന്നതിനാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് പ്രയാസമായിരിക്കും. അതിനാല്‍ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരെ ഹൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തിച്ച് പോസ്റ്റ്-ഫ്‌ലൈറ്റ് വൈദ്യപരിശോധനയ്ക്ക് നാസ ആദ്യം വിധേയമാക്കും. നാല് സഞ്ചാരികള്‍ക്കും ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നാസയുടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നല്‍കും. 

    ബഹിരാകാശ യാത്രയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെയെത്തിക്കുന്നതിനായി ബഹിരാകാശ യാത്ര കഴിഞ്ഞെത്തുന്ന എല്ലാ യാത്രികര്‍ക്കും റീഹാബിലിറ്റേഷന്‍ പോഗ്രാം നാസ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ ബഹിരാകാശ യാത്രയ്ക്ക് ശേഷവും ബഹിരാകാശ യാത്രികരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഈ വിശദ പരിശോധനയും റീഹാബിലിറ്റേഷനും. 

    ഇതിന്റെ ഭാഗമായി ശാരീരിക പരിശോധനകള്‍, മനഃശാസ്ത്രപരമായ വിലയിരുത്തലുകള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്രമായ പോസ്റ്റ്-ഫ്‌ലൈറ്റ് മെഡിക്കല്‍ ടെസ്റ്റുകളും അവലോകനങ്ങളും സ്‌പേസ് മെഡിസിനില്‍ പരിചയസമ്പന്നരായ നാസയുടെ മെഡിക്കല്‍ സംഘം നടത്തും. ഒരു ഫ്‌ലൈറ്റ് സര്‍ജനും, വ്യായാമ വിദഗ്ധനും, ഫിസിയോതെറാപ്പിസ്റ്റും ചേര്‍ന്ന സംഘമാണ് ഇതിന് നേതൃത്വം നല്‍കുക. മസാജ് തെറാപ്പി, ഫിസിക്കല്‍ റീക്കണ്ടീഷനിംഗിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ എല്ലാം ഈ സെഷനുകളില്‍ ഉള്‍പ്പെടുന്നു. ഇതിനെല്ലാം നാസ ശാസ്ത്രീയമായി തയ്യാറാക്കിയ പ്രോട്ടോക്കോള്‍ പിന്തുടരുന്നുണ്ട്. 

    ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പാക്കാനായി മാത്രമല്ല, ഭാവി പര്യവേഷണങ്ങള്‍ക്ക് മുമ്പ് സ്വീകരിക്കേണ്ട കൂടുതല്‍ നടപടികളെ കുറിച്ച് അറിയാന്‍ കൂടിയാണ് നാസ ഈ വൈദ്യപരിശോധനകളും റീഹാബിലിറ്റേഷനും സഞ്ചാരികള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 

    ക്രൂ-9 സംഘത്തില്‍ മടങ്ങിയെത്തുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവര്‍ക്ക് ഈ പരിശോധനകളും പരിശീലനങ്ങളുമെല്ലാം പൂര്‍ത്തിയാക്കി, ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെട്ട ശേഷമേ വീട്ടിലേക്ക് മടങ്ങാനാകൂ. ബഹിരാകാശ യാത്രയ്ക്ക് പോകും മുമ്പുള്ള കഠിന പരിശീലനം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പോസ്റ്റ്-ഫ്‌ലൈറ്റ് റീഹാബിലിറ്റേഷനും.

     



  • Mar 18, 2025 09:17 IST

    സുനിതയും സംഘവും പേടകത്തില്‍ കയറി

    കാലിഫോര്‍ണിയ: ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ ഭാഗമായി ബഹിരാകാശ സഞ്ചാരി സുനിതാ വില്യസും ബുച്ച് വില്‍മോറും അടങ്ങുന്ന നാലംഗ സംഘം ഡ്രാഗണ്‍ പേടകത്തില്‍ കയറി. ഇനി അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ നിന്നുള്ള ബന്ധം വേര്‍പെടുന്നതിനായുള്ള കാത്തിരിപ്പാലാണ്. അല്‍പ്പസമയത്തിനകം അതും പ്രതീക്ഷിക്കുന്നു.



  • Mar 17, 2025 22:30 IST

    തിരിച്ചുവരവ് എങ്ങനെ ലൈവായി കാണാം?

    സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തിന്റെ തിരിച്ചുവരവിന്റെ ഓരോ ഘട്ടങ്ങളും കാണാനാഗ്രഹിക്കുന്നവര്‍ക്ക് നാസയുടെ സൗജന്യ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നാസ പ്ലസ് ലൈവ് സ്ട്രീം വഴി കാണാനാകും. https://plus.nasa.gov/ എന്ന് സെര്‍ച്ച് ചെയ്താല്‍ നാസ പ്ലസ് ലൈവ് സ്ട്രീം പേജിലേക്ക് പ്രവേശിക്കാനാവും. കൂടാതെ സ്പേസ് ഏജന്‍സിയുടെ ഔദ്യോഗിക എക്സ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും ലൈവ് കവറേജ് ലഭ്യമാവും.



  • Mar 17, 2025 15:58 IST

    3 സഞ്ചാരികള്‍ നിലയത്തില്‍ തങ്ങിയത് 371 ദിവസം

    കാലിഫോര്‍ണിയ  : നാസയുടെയും മറ്റു രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികളുടെയും ബഹിരാകാശ യാത്രികര്‍ പലപ്പോഴും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ മാസങ്ങളോളം ചെലവഴിക്കാറുണ്ട്. ബോയിങ്ങിന്റെ പേടകം സ്റ്റാര്‍ലൈനിന്റെ പരീക്ഷണാര്‍ഥം ബഹിരാകാശ നിലയത്തിലേക്കുപോയ സുനിത വില്യംസും ബുച്ച് വില്‍മോറും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഭൂമിയിലേക്കു മടങ്ങുന്നത് വൈകുകയും 286 ദിവസം അവിടെ താമസിക്കേണ്ടി വരികയും ചെയ്തു.

    ഇത്രയും ദിവസം ബഹിരാകാശത്തു തങ്ങുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും ഭൂമിയില്‍ തിരിച്ചെത്തിയാലും അവര്‍ക്കു പെട്ടെന്നു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താനും സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുന്‍പും ഒട്ടേറെ ബഹിരാകാശ സഞ്ചാരികള്‍ നിലയത്തില്‍ പോകുകയും അവിടെ മാസങ്ങളോളം തങ്ങുകയും ചെയ്തിട്ടുണ്ട്. ആരൊക്കെയാണ് ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം തങ്ങിയിട്ടുള്ളത്? പരിശോധിക്കാം.

    രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഒരു യാത്രയില്‍ ഏറ്റവും കൂടുതല്‍ ദിവസം തങ്ങിയത് രണ്ട് റഷ്യന്‍ സഞ്ചാരികളാണ്. 2023 സെപ്റ്റംബര്‍ 15ന് സോയുസ് എംസ് 24 പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്കു പോയ ഒലെഗ് കൊണോനെങ്കോ, നിക്കോളായ് ചബ് എന്നിവര്‍ 2024 സെപ്റ്റംബര്‍ 23നാണ് തിരിച്ചെത്തിയത്. ബഹിരാകാശ നിലയത്തില്‍ തങ്ങിയത് 373 ദിവസം.

    ഒരൊറ്റ യാത്രയില്‍തന്നെ 371 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ഫ്രാങ്ക് റൂബിയോയാണ് നാസയുടെ ബഹിരാകാശയാത്രികര്‍ക്കിടയില്‍ ഒന്നാമത്. 2022 സെപ്റ്റംബര്‍ 21നാണ് സോയൂസ് എംഎസ്-22 ബഹിരാകാശ പേടകത്തില്‍ റഷ്യന്‍ യാത്രികരായ സെര്‍ജി പ്രോകോപിയേവ്, ദിമിത്രി പെറ്റലിന്‍ എന്നിവരോടൊപ്പം ഫ്രാങ്ക് റൂബിയോയും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു തിരിച്ചത്. ആറു മാസത്തേക്കായിരുന്നു ഇവരുടെ ദൗത്യം ആസൂത്രണം ചെയ്തിരുന്നത്, എന്നാല്‍ സോയൂസ് എംഎസ്-22 ബഹിരാകാശ പേടകത്തിലെ കൂളന്റ് ചോര്‍ച്ച കാരണം ഇവര്‍ക്ക് ഐഎസ്എസില്‍ കൂടുതല്‍ കാലം താമസിക്കേണ്ടി വന്നു.

    371 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതിനുശേഷം പ്രോകോപിയേവ്, പെറ്റലിന്‍, റൂബിയോ എന്നിവര്‍ സോയൂസ് എംഎസ്-23 ബഹിരാകാശ പേടകത്തില്‍ 2023 സെപ്റ്റംബര്‍ 27ന് ഭൂമിയിലേക്കു മടങ്ങി. എന്നാല്‍, ഒരു ബഹിരാകാശ നിലയത്തില്‍ ഒരൊറ്റ യാത്രയില്‍ കൂടുതല്‍ ദിവസം തങ്ങിയ റെക്കോര്‍ഡ് മിര്‍ ബഹിരാകാശ നിലയത്തില്‍ 437 ദിവസം ചെലവഴിച്ച റഷ്യന്‍ യാത്രികന്‍ വലേരി പോളിയാക്കോവിന്റെ പേരിലാണ്. 

    ബഹിരാകാശ നിലയത്തില്‍ മുന്‍പ് രണ്ടു തവണ താമസിച്ചതിന്റെ അടിസ്ഥാനത്തില്‍ മൊത്തത്തില്‍ ഏകദേശം 570 ദിവസം ബഹിരാകാശത്തു ചെലവഴിച്ച ഏറ്റവും പരിചയസമ്പന്നരായ യുഎസ് ബഹിരാകാശയാത്രികരുടെ പട്ടികയില്‍ സുനിത വില്യംസ് രണ്ടാം സ്ഥാനത്തെത്തി. മുന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സനിനു മാത്രമാണ് ഇതിനേക്കാള്‍ കൂടുതല്‍ സമയം ബഹിരാകാശ നിലയത്തില്‍ തങ്ങാന്‍ സാധിച്ചിട്ടുള്ളത്. നാലു യാത്രകളിലാണ് പെഗ്ഗി വിറ്റ്‌സന്‍ 675 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത്.

     



sunitha willams sunitha williams isro nasa