പ്രതീകാത്മക ചിത്രം
മുംബൈ: 2023 ൽ ഇന്ത്യയിൽ നിന്ന് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത് 100 കോടി കാഴ്ചക്കാരെ. വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ജൂലായ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ആഗോളതലത്തിൽ 9000 കോടി മണിക്കൂർ നേരമാണ് നെറ്റ്ഫ്‌ളിക്‌സ് വീഡിയോ ഉപഭോക്താക്കൾ കണ്ടത്.
സുജോയ് ഘോഷിന്റെ 'ജാനേ ജാൻ' എന്ന സിനിമയാണ് ഇക്കാലയളവിൽ നെറ്റ്ഫ്‌ളിക്‌സിൽ ഏറ്റവും അധികം പേർ കണ്ടത്. 2.02 കോടിയാളുകളാണ് ഈ ചിത്രം കണ്ടത്. ഷാരൂഖ് ഖാന്റെ 'ജവാൻ' 1.62 കോടി കാഴ്ചക്കാരുമായി രണ്ടാമതാണ്. വിശാൽ ഭരദ്വാജിന്റെ 'ഖൂഫിയ' 1.21 കോടിയാളുകൾ കണ്ടു. ഒഎംജി 2 (1.15 കോടി കാഴ്ചക്കാർ), ലസ്റ്റ് സ്‌റ്റോറീസ് 2 (92 ലക്ഷം), ഡ്രീം ഗേൾ (82 ലക്ഷം), കറി ആന്റ് സൈനൈഡ് (82 ലക്ഷം) എന്നിവയാണ് ജനപ്രിയമായ മറ്റ് ഉള്ളടക്കങ്ങൾ.
'ലീവ് ദി വേൾഡ് ബിഹൈന്റ്' ആണ് ആഗോളതലത്തിൽ നെറ്റ്ഫ്‌ളിക്‌സിൽ ഏറ്റവും അധികം പേർ കണ്ട ചലച്ചിത്രം. 12.1 കോടിയാളുകളാണ് ഇത് കണ്ടത്.