പ്രതീകാത്മക ചിത്രം
മുംബൈ: പുതിയ നത്തിങ് ഒഎസ് 3.0 യുടെ ഫീച്ചറുകളുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തുവിട്ട് കമ്പനി. സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ എക്സിലൂടെയായിരുന്നു കമ്പനി മേധാവി കാള്‍ പേയ് പുതിയ ഫീച്ചറുകളുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കുന്ന ചില ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതോടൊപ്പം നത്തിങ് ഒഎസ് 3.0 സെപ്റ്റംബറില്‍ പുറത്തിറക്കുമെന്നും കാള്‍ പേയ് പ്രഖ്യാപിച്ചു.
ലോക്ക് സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍ ഫീച്ചറുമായാണ് നത്തിങ് 3.0 എത്തുക. ലോക്ക് സ്‌ക്രീനില്‍ തന്നെ കൂടുതല്‍ കാര്യങ്ങളും ഫീച്ചറുകളും ലഭ്യമാകും വിധമാണ് കസ്റ്റമൈസേഷന്‍ ഒരുക്കിയിരിക്കുന്നത്. പുറത്തുവിട്ട ചിത്രങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് ലോക്ക് സ്‌ക്രീന്‍ ക്രമീകരിക്കാന്‍ മൂന്ന് ഓപ്ഷനുകളാണ് ലഭിക്കുക. ഒരു പക്ഷെ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിച്ചേക്കാം.
ഡിഫോള്‍ട്ട്, ക്ലോക്ക്+ വിഡ്ജറ്റ്, എക്സ്പാന്‍ഡഡ് വിഡ്ജറ്റ് ഏരിയ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് കാള്‍ പെയ് പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടുകളിലുള്ളത്. സാധാരണ ഡിജിറ്റല്‍ ക്ലോക്കും തീയ്യതിയുമാണ് ഡിഫോള്‍ട്ട് ഓപ്ഷനിലുള്ളത്. ക്ലോക്ക് + വിഡ്ജെറ്റ് മോഡില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലോക്ക് സ്‌ക്രീനിലെത്തുന്നു. ഡിജിറ്റല്‍ ക്ലോക്കിന് നത്തിങ്ങിന്റെ സ്വന്തം ഡോട്ടഡ് ഫോണ്ട് സ്റ്റൈലും ലഭിക്കുന്നു.