apple
മുംബൈ: ഐഫോണുകളില്‍ പുതിയ ആക്സസബിലിറ്റി ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍. ഈ വര്‍ഷം അവസാനത്തോടെയാകും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക. ആപ്പിള്‍ ന്യൂസ് റൂമില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു പ്രഖ്യാപനം. ഐ ട്രാക്കിങ്, മ്യൂസിക് ഹാപ്റ്റിക്സ്, വോക്കല്‍ ഷോര്‍ട്ട്കട്ട്സ് ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുക. എഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ഫീച്ചറുകള്‍ പുറത്തിറക്കാനിരിക്കുന്ന ഐഒസ് 18 ല്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശാരീരിക ബുദ്ധിമുട്ടുകളുള്ളവരെ ഫോണ്‍ നിയന്ത്രിക്കാന്‍ പ്രാപ്തമാക്കുകയാണ് ഐട്രാക്കിങ് സംവിധാനത്തിലൂടെ ചെയ്യുന്നത്. കണ്ണുകൊണ്ട് നോക്കി ആപ്പുകള്‍ ഉപയോഗിക്കാന്‍ ഇതുവഴി ഉപഭോക്താവിന് സാധിക്കും. ഫോണിലെയും ഐപാഡിലേയും ഫ്രണ്ട് ക്യാമറ ഉപയോഗിച്ചാണ് കണ്ണുകളുടെ ചലനം നിരീക്ഷിക്കുക.
ഫോണില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മെഷീന്‍ ലേണിങ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട ഡേറ്റ ഫോണില്‍ തന്നെയാണ് സൂക്ഷിക്കുകയെന്നും കമ്പനി പറഞ്ഞു.
കേള്‍വിക്ക് പ്രശ്നങ്ങളുള്ളവര്‍ക്ക് വേണ്ടിയാണ് മ്യൂസിക് ഹാപ്റ്റിക്സ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐഫോണില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ആ പാട്ടിനനുസരിച്ച് ഐഫോണിന്റെ ടാപ്റ്റിക് എഞ്ചിന്‍ ഫോണില്‍ വൈബ്രേഷനുകളും ടാപ്പുകളുമെല്ലാാം പ്രവര്‍ത്തിപ്പിക്കും. ആപ്പിള്‍ മ്യൂസിക്കിലെ ലക്ഷക്കണക്കിന് പാട്ടുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഈ സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് മ്യൂസിക് ഹാപ്റ്റിക്സിന്റെ എപിഐയും ഡവലപ്പര്‍മാര്‍ക്ക് ലഭ്യമാക്കും.
വോക്കല്‍ ഷോര്‍ട്ക്കട്ട്സ് സംവിധാനം ഉപയോഗിച്ച് ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കള്‍ക്ക് സങ്കീര്‍ണമായ ജോലികള്‍ ചെയ്യാന്‍ ശബ്ദനിര്‍ദേശങ്ങള്‍ ഉപയോഗിക്കാനാവും.
ഇവയെ കൂടാതെ ലിസന്‍ ഫോര്‍ എടിപ്പിക്കല്‍ സ്പീച്ച്, വെഹിക്കിള്‍ മോഷന്‍ ക്യൂസ് എന്നിവയും കമ്പനി അവതരിപ്പിച്ചേക്കും.