പുതിയ രൂപത്തിലും ഭാവത്തിലും നോക്കിയ 3210; ഉടന്‍ പുറത്തിറങ്ങും

3210 പുറത്തിറങ്ങി 25 വര്‍ഷം തികയുന്ന വേളയിലാണ് പുതിയ നോക്കിയ 3210 അവതരിപ്പിക്കാനൊരുങ്ങുന്നത്.

author-image
anumol ps
New Update
nokia

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡല്‍ഹി: പുതിയ രൂപത്തിലും ഭാവത്തിലും വിപണി കീഴടക്കാന്‍ ഒരുങ്ങി നോക്കിയ 3210. നോക്കിയ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡിന്റെ ഉടമകളായ എച്ച് എംഡി ഗ്ലോബല്‍ പുതിയ പതിപ്പ് പുറത്തിറക്കുന്നതായാണ് റിപ്പോര്‍ട്ട്. നോക്കിയ മൊബ് വെബ്സൈറ്റിലായിരുന്നു ഈ വിവരം പുറത്തുവന്നത്. 3210 പുറത്തിറങ്ങി 25 വര്‍ഷം തികയുന്ന വേളയിലാണ് പുതിയ നോക്കിയ 3210 അവതരിപ്പിക്കാനൊരുങ്ങുന്നത്. പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് ജനപ്രിയമായ പഴയ 3210 ഫോണിനോട് പുതിയ 3210 ഫോണിന് കാര്യമായ സാദൃശ്യം ഒന്നുമില്ല. അടുത്തിടെ അവതരിപ്പിച്ച നോക്കിയ 6310 സ്മാര്‍ട്ഫോണിനോട് സാമ്യമുള്ളതാണ് പുതിയ നോക്കിയ 3210 യുടെ രൂപം.

എച്ച്എംഡി ഗ്ലോബലിന്റെ എക്സ് അക്കൗണ്ടില്‍ മേയില്‍ പുതിയ ഒരു ഫോണ്‍ പുറത്തിറങ്ങുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. ഗിഗാന്‍ടി എന്ന ഫിനിഷ് വിതരണക്കാരുടെ പക്കല്‍ നിന്ന് അബദ്ധത്തില്‍ ചോര്‍ന്ന നോക്കിയ 3210 യുടെ ചില ചിത്രങ്ങളാണ് നോക്കിയ മൊബ് പുറത്തുവിട്ടത്.

1999 ല്‍ അവതരിപ്പിച്ച ഈ മൊബൈല്‍ ഫോണ്‍ ഏറെകാലം ഈടുനില്‍ക്കാനാവുന്ന ഉറപ്പുള്ള നിര്‍മിതിക്കൊണ്ടും, ഇന്റേണല്‍ ക്യാമറ, ടി9 പ്രെഡിക്ടീക് ടെക്സ്റ്റ് സാങ്കേതിക വിദ്യകൊണ്ടും ഏറെ ജനപ്രീതി ആര്‍ജിച്ചിരുന്നു. 40 ഓളം മോണോ ഫോണിക് റിങ്ടോണുകളും ഫോണിലുണ്ടായിരുന്നു. 1.5 ഇഞ്ച് ബാക്ക്ലിറ്റ് മോണോക്രോമാറ്റിക് എല്‍സിഡി സ്‌ക്രീന്‍ ആയിരുന്നു ഇതില്‍. 150 ഗ്രാം മാത്രമായിരുന്നു ഭാരം.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മോണോടോണ്‍ റിങ്ടോണുകള്‍ നിര്‍മിക്കാനാകുന്ന കംപോസര്‍ സോഫ്റ്റ് വെയര്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച ആദ്യ നോക്കിയ ഫോണ്‍ ആയിരുന്നു 3210. റിങ്ടോണുകള്‍ മറ്റൊരു ഫോണിലേക്ക് അയക്കാനും സാധിക്കുമായിരുന്നു. എസ്എംഎസ് വഴി പിക്ചര്‍ മെസേജുകള്‍ അയക്കാനുള്ള സൗകര്യവും അവതരിപ്പിച്ചത് ഈ ഫോണിലാണ്. ഫോണ്‍ വൈബ്രേറ്റ് അലേര്‍ട്ട് ഫീച്ചറും ഈ ഫോണിലാണ് അവതരിപ്പിച്ചത്.

4ജി കണക്ടിവിറ്റിയുള്ള ഫോണ്‍ ആയിരിക്കും പുതിയ നോക്കിയ 3210. കറുപ്പ്, നീല, മഞ്ഞ നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നുള്ള സൂചന. നോക്കിയ 3210 യ്ക്ക് പുറമെ നോക്കിയ 215, നോക്കിയ 225, നോക്കിയ 235 എന്നീ ഫോണുകളുടെ പുതിയ പതിപ്പും എച്ച്എംഡി അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

 

nokia 3210 new model