നികേഷ് അറോറ
മുംബൈ: യുഎസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരില്‍ രണ്ടാമനായി നികേഷ് അറോറ. ഇന്ത്യന്‍ വംശജനായ നികേഷ് പാലോ ആള്‍ടോ നെറ്റ് വര്‍ക്കിന്റെ മേധാവിയാണ്. 2023 ലെ ദി വാള്‍സ്ട്രീറ്റ് ജേണലിന്റെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സി.ഇ.ഒമാരുടെ പട്ടികയിലാണ് നികേഷ് രണ്ടാമതായി എത്തിയത്. 15.14 കോടി ഡോളറാണ് (1261.15 കോടി രൂപ) ഈ 56-കാരന്റെ 2023 -ലെ വരുമാനം. മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ എന്നിവരെ മറികടന്നാണ് നികേഷ് ഈ നേട്ടം കരസ്ഥമാക്കിയത്.
1968 ഫെബ്രുവരി 9-ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് നികേഷ് അറോറയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. വാരാണസി ഐ.ഐ.ടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടി. കുറച്ചുകാലം വിപ്രോയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് യു.എസിലെ മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാലയില്‍ എം.ബി.എ. പഠനത്തിനായി ചേര്‍ന്നു.
2000-ല്‍ ഡച്ച് ടെലികോംമിന് കീഴില്‍ ടി-മോഷന്‍ എന്ന സ്ഥാപനം ആരംഭിച്ചു. ഇത് പിന്നീട് ടി മൊബൈലിന്റെ പ്രധാന സേവനങ്ങളിലൊന്നായി മാറി. ഡച്ച് ടെലികോമിന്റെ ടി മൊബൈല്‍ ഇന്റര്‍നാഷണല്‍ ഡിവിഷന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2004 -ല്‍ അറോറ ഗൂഗിളിലെത്തി. ഗൂഗിളിന്റെ യൂറോപ്പ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ്, യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ കമ്പനിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ്, ചീഫ് ബിസിനസ് ഓഫീസര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. 10 വര്‍ഷക്കാലം ഗൂഗിളിലുണ്ടായിരുന്നു.
പിന്നീട് വിവിധ കമ്പനികളുടെ പ്രധാന സ്ഥാനങ്ങളും പ്രവര്‍ത്തിച്ചതിന് ശേഷം 2018-ല്‍ പാലോ ആള്‍ട്ടോ നെറ്റ് വര്‍ക്ക്സില്‍ എത്തി.