ക്രോം ബ്രൗസർ വിൽക്കാൻ യുഎസ് ഫെഡറൽ കോടതി ഗൂഗിളിനെ നിർബന്ധിക്കുന്ന സാഹചര്യമുണ്ടാകാൻ ബ്രൗസർ വാങ്ങാൻ തയ്യാറാണെന്നറിയിച്ച് എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി രംഗത്ത്. ആമസോണിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ ചീഫ് ബിസിനസ് ഓഫീസർ ദിമിത്രി ഷെവലെൻകോയാണ് കോടതിയിലെത്തി താത്പര്യം അറിയിച്ചത്. ക്രോമിന്റെ ഗുണമേന്മ കുറയ്ക്കാതെയും പണം ഇടാക്കാതെയും ക്രോം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു.
വെബ് സെർച്ച് രംഗത്ത് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തക ഇല്ലാതാക്കാനുള്ള പരിഹാരമെന്നോണം ഗൂഗിള്‍ സേവനങ്ങളെ വിഭജിക്കണമെന്ന ആവശ്യമാണ് യുഎസ് നീതിന്യായ വകുപ്പ് കോടതിയിൽ ഉന്നയിച്ചത്. ക്രോം ബ്രൗസർ വിൽക്കാൻ കമ്പനിയെ നിർബന്ധിക്കണമെന്നുമാണ് യുഎസ് ജില്ലാ കോടതി ജഡ്ജി അമിത്ത് മേത്തയോട് ആവശ്യപ്പെട്ടത്.
എഐ രംഗത്ത് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തകയ്‌ക്കെതിരെ മൊഴി നൽകാനാണ് യുഎസ് നീതിന്യായ വകുപ്പ് പെർപ്ലെക്സിറ്റിയുടെ ഷെവലെൻകോയെ കോടതിയിൽ ഹാജരാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.