/kalakaumudi/media/media_files/2025/10/01/6g-2025-10-01-18-51-34.jpg)
സൂപ്പര്‍ഫാസ്റ്റ് ആറാം തലമുറ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി (6ജി) ആധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ക്വാല്‍കോം സിഇഒ ക്രിസ്റ്റ്യാനോ അമോന്‍. 6 ജി ഉപകരണങ്ങളുടെ ആദ്യ തരംഗം 2028 ല്‍ തന്നെ എത്തിയേക്കുമെന്ന് ക്വാല്‍കോമിന്റെ വാര്‍ഷിക പരിപാടിയില്‍ ക്രിസ്റ്റ്യാനോ അമോന്‍ പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6ജി കണക്റ്റിവിറ്റിയുള്ള ഉപകരണങ്ങള്‍ക്കായി കമ്പനി തയ്യാറെടുക്കുകയാണ്. 6ജിയുടെ വേഗതയും മറ്റു കഴിവുകളും പരീക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത പ്രീ-കൊമേഴ്സ്യല്‍ മോഡലുകളായിരിക്കും ഇതെന്നാണ് ക്വാല്‍കോം സിഇഒ വ്യക്തമാക്കുന്നത്. കുറച്ചു കാലമായി കമ്പനി ഇതില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രാജ്യത്ത് 5 ജി അവതരിപ്പിച്ചത്. ഭൂരിഭാഗം പുതിയ എല്ലാ സ്മാര്‍ട്ട്ഫോണുകളും 5ജി പിന്തുണയ്ക്കുന്നുണ്ടെങ്കിലും 5ജി ഇപ്പോഴും മിക്ക സ്ഥലങ്ങളിലും എത്തിയിട്ടില്ലാ എന്നതാണ് വാസ്തവം. ഉപഭോക്താക്കള്‍ക്കിടയില്‍ 5ജിയുടെ സ്വീകാര്യതയും താരതമ്യേന കുറവാണ്.
സ്ട്രാറ്റജി അനലിറ്റിക്‌സ് പ്രകാരം, ലോകമെമ്പാടുമുള്ള ഏഴു പേരില്‍ ഒരാള്‍ മാത്രമാണ് നിലവില്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍ 6ജി, സ്മാര്‍ട്ട്ഫോണുകള്‍, ഡ്രൈവര്‍ലെസ് കാറുകള്‍, സ്മാര്‍ട്ട് ഗ്ലാസുകള്‍, ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ തുടങ്ങി പരസ്പരബന്ധിതമായ ഉല്‍പ്പന്നങ്ങളുടെ കൂടുതല്‍ വിപുലമായ എക്കോസിസ്റ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
