/kalakaumudi/media/media_files/2024/12/15/k4gc4SAafSBzJudlBOxX.jpeg)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡിജിറ്റല്‍ പണമിടപാടുകള്‍ അതിവേഗം വികസിക്കുകയാണ്. യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ ഒക്ടോബര്‍ മാസത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി എന്ന് എന്‍പിസിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ മാസം ആകെ യുപിഐ ഇടപാടുകള്‍ 20.7 ബില്യണ്‍ ആയിരുന്നെങ്കില്‍ അതിന്റെ മൂല്യം ഏകദേശം 27.28 ലക്ഷം കോടി രൂപ വരും.
2025 ഒക്ടോബര്‍ മാസം രാജ്യത്തെ യുപിഐ ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം 27.28 ലക്ഷം കോടി രൂപയായിരുന്നുവെന്ന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് ഏകദേശം 23.49 ലക്ഷം കോടി രൂപ ആയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ഈ ഇടപാടുകളില്‍ ഏകദേശം 16 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. പ്രതിമാസം ഈ വര്‍ധനവ് ഏകദേശം 9.5 ശതമാനമാണ്. കഴിഞ്ഞ മാസത്തെ ശരാശരി പ്രതിദിന യുപിഐ ഇടപാടുകള്‍ 66.8 കോടിയും അതിന്റെ ശരാശരി മൂല്യം ഏകദേശം 87,993 കോടി രൂപയും ആയിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ ഇടപാടുകളുടെ അളവിലെ തുടര്‍ച്ചയായ വര്‍ധനവ് രാജ്യത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കരുത്ത് കാണിക്കുന്നുവെന്ന് എന്‍പിസിഐ പറഞ്ഞു. ഒക്ടോബറിലെ ദീപാവലി ഉത്സവവും യുപിഐ ഇടപാടുകളിലെ ശക്തമായ വളര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണമാണ്.
ഇന്ത്യയിലെ എല്ലാ ഡിജിറ്റല്‍ ഇടപാടുകളുടെയും ഏകദേശം 85 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഇന്ത്യ. ഭൂട്ടാന്‍, നേപ്പാള്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, മൗറീഷ്യസ്, ശ്രീലങ്ക, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നീ ഏഴ് വിദേശ രാജ്യങ്ങളിലും യുപിഐ പേയ്മെന്റ് സേവനം ഉപയോഗിക്കാനാകും. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇത് സൗകര്യപ്രദമായ പേയ്മെന്റ് ഓപ്ഷനുകള്‍ നല്‍കും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ എന്നിവയുടെ ഒരു സംയുക്ത സംരംഭമാണ് എന്‍പിസിഐ. ഇന്ത്യയിലെ (ഐബിഎ) റീട്ടെയില്‍ പേയ്മെന്റുകളും സെറ്റില്‍മെന്റ് സിസ്റ്റങ്ങളും ഒരു കുടക്കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനമാണിത്. തത്സമയ പേയ്മെന്റുകള്‍ക്കായി ഉപയോഗിക്കുന്ന ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) എന്‍പിസിഐ പ്രവര്‍ത്തിപ്പിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
