ന്യൂഡല്‍ഹി: സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഗൂഗിള്‍ ക്രോമിന്റെ രണ്ട് വേര്‍ഷനുകളുടെ ഉപഭോക്താക്കള്‍ക്ക് കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയത്. 123.0.6312.58 for Linux എന്ന അപ്ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ വേര്‍ഷനുകള്‍, 123.0.6312.58.59 എന്ന അപ്ഡേറ്റിന് ശേഷമുള്ള വിന്‍ഡോസ്, മാക് ഒ എസുകളിലെ ക്രോം വേര്‍ഷനുകള്‍ എന്നിവയിലായിരുന്നു പിഴവുകള്‍ കണ്ടെത്തിയത്. ഒന്നിലധികം പിഴവുകള്‍ ഈ വേര്‍ഷനുകളില്‍ കണ്ടെത്തിയിട്ടുള്ളതായും കേന്ദ്രം വ്യക്തമാക്കി.
പിഴവുകള്‍ അതീവഗുരുതരവും ഹാക്കര്‍മാര്‍ക്ക് ഉപഭോക്താക്കളിലേക്ക് നുഴഞ്ഞുകയറാന്‍ സാഹചര്യം സൃഷ്ടിക്കുന്നതുമാണ്. ഹാക്കര്‍മാര്‍ക്ക് പാസ്സ്വേര്‍ഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കടത്താന്‍ ഈ പിഴവുകള്‍ ഉപകാരപ്പെട്ടേക്കാം എന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ വേര്‍ഷനുകള്‍ വ്യാജ വെബ്സൈറ്റുകള്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നും കേന്ദ്രം പറഞ്ഞു. ഹാക്കിംഗ് തടയുന്നതിനുള്ള താത്കാലിക പോംവഴി പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ ഉപയോഗിക്കുന്നതാണെന്നും കേന്ദ്രം ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.