/kalakaumudi/media/media_files/2025/10/31/star-2025-10-31-16-07-12.jpg)
ബെംഗളൂരു: ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുന്നു. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി ജീവനക്കാരെ ക്ഷണിച്ചുകൊണ്ട് ലിങ്ക്ഡ്ഇന്നില്‍ സ്‌പേസ് എക്സ് അപേക്ഷ ക്ഷണിച്ചു.
ഫിനാന്‍സ്, അക്കൗണ്ടിംഗ് ജോലികളിലേക്കാണ് സ്റ്റാര്‍ലിങ്ക് ആളുകളെ എടുക്കുന്നത്. പേയ്മെന്റ് മാനേജര്‍, അക്കൗണ്ടിംഗ് മാനേജര്‍, സീനിയര്‍ ട്രെഷറി അനലിസ്റ്റ്, ടാക്സ് മാനേജര്‍ എന്നിവയാണ് ജോലി അവസരങ്ങള്‍. സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ഓപ്പറേഷനല്‍ ഹബ്ബായ ബെംഗളൂരുവിലേക്കാണ് ജോലിക്കാരെ കമ്പനി ക്ഷണിച്ചിരിക്കുന്നത്. റിമോട്ട്, അല്ലെങ്കില്‍ ഹൈബ്രിഡ് മോഡലില്‍ ജോലി ചെയ്യാനുള്ള സൗകര്യം ജീവനക്കാര്‍ക്ക് ലഭിക്കില്ല.
കൃത്രിമ ഉപഗ്രഹ നെറ്റ്വര്‍ക്ക് വഴി കുറഞ്ഞ ലാറ്റന്‍സിയിലുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കുകയാണ് സ്‌പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതി. ഇതിനായി പതിനായിരത്തിലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖലയാണ് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്.
2025 അവസാനത്തോടെയോ 2026-ന്റെ തുടക്കത്തിലോ ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാവുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ സേവനം ആരംഭിക്കാനുള്ള അവസാനവട്ട പ്രവര്‍ത്തനങ്ങളിലാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യ അധികൃതര്‍. മുംബൈയിലും ചെന്നൈയിലും നോയിഡയിലും ഗേറ്റ്വേകള്‍ സ്ഥാപിക്കാന്‍ അനുമതിക്കായി കാത്തിരിക്കുകയാണ് സ്‌പേസ് എക്സ്. ഭാവിയില്‍ ഈ ഗേറ്റ്വേകളുടെ എണ്ണം 9-10 ആക്കി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നു.
സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് പ്രതിമാസം ഇന്ത്യയില്‍ എത്ര രൂപയാകും എന്ന് ഇപ്പോഴും വ്യക്തമല്ല. പ്രതിമാസ ഫീസിനു പുറമേ, ഉപയോക്താക്കള്‍ ഒരു വൈ-ഫൈ റൂട്ടറും ഒരു സാറ്റലൈറ്റ് ഡിഷും ഉള്‍പ്പെടുന്ന സ്റ്റാര്‍ലിങ്ക് കിറ്റും വാങ്ങേണ്ടിവരും. ഇവയ്ക്ക് എത്രരൂപയാകും എന്നും വ്യക്തമല്ല.
അമേരിക്കയില്‍ സ്റ്റാന്‍ഡേര്‍ഡ് സ്റ്റാര്‍ലിങ്കിന് 349 ഡോളര്‍ വില വരും, അതായത് ഏകദേശം 31,000 രൂപ. അതേസമയം യാത്രയ്ക്കിടെ ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്ന സ്റ്റാര്‍ലിങ്ക് മിനി കിറ്റിന് 599 ഡോളര്‍ അതായത് 53,000-ഓളം രൂപ വിലയുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി സ്റ്റാര്‍ലിങ്ക് രാജ്യാന്തര വിപണിയില്‍ നിന്ന് വ്യത്യസ്തമായ പാക്കേജുകള്‍ പുറത്തിറക്കാനാണ് സാധ്യത. സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഉപഭോക്താക്കളില്‍ നിന്ന് എത്ര രൂപ ഈടാക്കുമെന്ന കാര്യത്തിലും വ്യക്തത ഉടന്‍ വരുമെന്നാണ് പ്രതീക്ഷ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
