the makers of film kanguva hired experts from hollywood for technical departments like action and cinematography
ആരാധകർ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിക്കുന്ന ചിത്രമാണ് കങ്കുവ.മാത്രമല്ല സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുക.ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും നടന്റെ ഫുൾ മേക്കോവറുമെല്ലാം വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.ഇപ്പോഴിതാ സിനിമയെ കുറിച്ച് വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.
ആക്ഷൻ, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങൾക്കായി അണിയറപ്രവർത്തകർ ഹോളിവുഡിൽ നിന്ന് സാങ്കേതിക വിദഗ്ധരെ കൊണ്ടുവരുന്നതായാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.38 ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.ബോബി ഡിയോളാണ് വില്ലൻ വേഷത്തിൽ.
സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയാണ് ചിത്രത്തിൽ.3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ.
വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.