ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്ന ആഗോള പട്ടികയില്‍ ഇന്ത്യ ഒന്നാമത്

ഇന്ത്യയില്‍ മെയ് മാസത്തില്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 12.4 ശതമാനം ഡിവൈസുകളിലും മാല്‍വെയര്‍ കണ്ടെത്തി. അതായത് ഏറ്റവും കൂടുതല്‍ സൈബര്‍ അപകടങ്ങള്‍ സംഭവിക്കുന്നത് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവരിലാണ്.

author-image
Biju
New Update
hack

ന്യൂഡല്‍ഹി: മാല്‍വെയര്‍ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ അക്രോണിസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാല്‍വെയര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതില്‍ ഇന്ത്യ ബ്രസീലിനെയും സ്‌പെയിനിനെയും പിന്നിലാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അതായത് എഐ മൂലമാണ് റാന്‍സംവെയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതെന്ന് അക്രോണിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് കമ്പനി തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോ സിസ്റ്റം ഒരേസമയം നിരവധി പ്രധാന ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ഇവ ഒരുമിച്ച് ഒരു ഭയാനകമായ സാഹചര്യം സൃഷ്ടിക്കുമെന്നും സ്വിസ് സൈബര്‍ സുരക്ഷാ സ്ഥാപനമായ അക്രോണിസ് സൈബര്‍ത്രെറ്റ്സ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ ഒരു ദശലക്ഷത്തിലധികം ആഗോള ഡിവൈസുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ മെയ് മാസത്തില്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 12.4 ശതമാനം ഡിവൈസുകളിലും മാല്‍വെയര്‍ കണ്ടെത്തി. അതായത് ഏറ്റവും കൂടുതല്‍ സൈബര്‍ അപകടങ്ങള്‍ സംഭവിക്കുന്നത് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവരിലാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂണില്‍ ഈ കണക്ക് 13.2 ശതമാനമായി വര്‍ധിച്ചു. ഔദ്യോഗിക ഇമെയിലുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ 2024-ന്റെ തുടക്കത്തില്‍ 20 ശതമാനത്തില്‍ നിന്ന് 2025-ന്റെ ആദ്യ പകുതിയില്‍ 25.6 ശതമാനമായി വര്‍ധിച്ചു.

ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്വേഡുകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുന്നതിന് സൈബര്‍ കുറ്റവാളികള്‍ എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ജനറേറ്റീവ് എഐ സാങ്കേതികവിദ്യ സൈബര്‍ കുറ്റവാളികള്‍ക്കുള്ള ആയാസങ്ങള്‍ കുറയ്ക്കുകയും, ആക്രമണം കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു. ഇതുമൂലം ഫിഷിംഗ് ഇമെയിലുകള്‍, വ്യാജ ഇന്‍വോയ്സുകള്‍, ഡീപ്‌ഫേക്ക് അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകള്‍ എന്നിവ കണ്ടെത്തുന്നത് ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുന്നതായി അക്രോണിസിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. Cl0p, അകിര, Qilin പോലുള്ള റാന്‍സംവെയര്‍ പോര്‍ട്ടലുകള്‍ ലോകമെമ്പാടും അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ കുറ്റവാളികള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിന് റിമോട്ട് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ പോലുള്ള ടൂളുകളും കൂടുതലായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.