/kalakaumudi/media/media_files/2026/01/21/solar-2026-01-21-09-05-52.jpg)
സൂര്യനെ പൂര്‍ണ്ണമായും മറച്ച് ചന്ദ്രന്‍ ഭൂമിക്ക് മുന്നിലെത്തുന്ന ആകാശവിസ്മയത്തിന് സാക്ഷിയാകാന്‍ ലോകം കാത്തിരിക്കുന്നു. 21-ാം നൂറ്റാണ്ടില്‍ ഇനിയൊരിക്കലും സംഭവിക്കാനിടയില്ലാത്ത അത്രയും ദൈര്‍ഘ്യമേറിയ പൂര്‍ണ സൂര്യഗ്രഹണമാണ് (Total Solar Eclipse) 2027 ആഗസ്റ്റ് 2-ന് വന്നെത്തുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമായിരിക്കും ഇതെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് യാത്ര പ്ലാന്‍ ചെയ്യാന്‍ സഞ്ചാരികള്‍ക്കും വാനനിരീക്ഷകര്‍ക്കും ഇതാണ് പറ്റിയ സമയം.
നൂറ്റാണ്ടിലെ ഗ്രഹണം
'നൂറ്റാണ്ടിലെ ഗ്രഹണം' എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. കാരണം, 2100 വരെ ഇനി ഇത്രയും ദൈര്‍ഘ്യമേറിയ ഒരു പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാകില്ല. ഇതിന്റെ പാരമ്യത്തില്‍, ഏകദേശം 6 മിനിറ്റ് 23 സെക്കന്‍ഡ് നേരം സൂര്യന്‍ പൂര്‍ണ്ണമായും മറയ്ക്കപ്പെടും. ഭൂമിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള പരമാവധി ദൈര്‍ഘ്യത്തിന് തൊട്ടടുത്താണ് ഈ സമയം എന്നത് ഇതിന്റെ അപൂര്‍വ്വത വര്‍ദ്ധിപ്പിക്കുന്നു.
താരതമ്യത്തിന്, 2024 ഏപ്രിലില്‍ നടന്ന പൂര്‍ണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈര്‍ഘ്യം 4 മിനിറ്റ് 28 സെക്കന്‍ഡ് മാത്രമായിരുന്നു. സൂര്യന്റെ തിളങ്ങുന്ന ബാഹ്യവലയമായ 'കൊറോണ' സുരക്ഷിത ഉപകരണങ്ങളുപയോഗിച്ച് വ്യക്തമായി കാണാന്‍ ഈ സമയം ധാരാളമാണ്.
എന്താണ് സംഭവിക്കുന്നത്?
ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരികയും സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുകയും ചെയ്യുമ്പോഴാണ് പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഇത് പകല്‍സമയത്തെ അല്‍പ്പനേരത്തേക്ക് കൂരിരുട്ടിലാക്കും.സൂര്യന്‍ ചന്ദ്രനേക്കാള്‍ 400 മടങ്ങ് വലുതാണ്. എന്നാല്‍ അത് ചന്ദ്രനേക്കാള്‍ 400 മടങ്ങ് അകലെയുമാണ്. അതിനാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ രണ്ടും ഒരേ വലിപ്പത്തില്‍ ആകാശത്ത് കാണപ്പെടുന്നു.
എന്തുകൊണ്ടാണ് ഇത്രയും ദൈര്‍ഘ്യം?
2027-ലെ ഗ്രഹണത്തിന് ഇത്രയും ദൈര്‍ഘ്യം ലഭിക്കാന്‍ കാരണം തികച്ചും കൃത്യമായ ഒരു 'കോസ്മിക് അലൈന്‍മെന്റ്'
ചന്ദ്രന്‍ പെരിജിയില്‍ (Perigee): ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സമയമാണിത്. അതിനാല്‍ ചന്ദ്രന്‍ സാധാരണയിലും വലുതായി കാണപ്പെടും.
സൂര്യന്‍ അപ്പീലിയനില്‍ (Aphelion): സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയായിരിക്കും. അതിനാല്‍ സൂര്യന്‍ സാധാരണയിലും അല്പം ചെറുതായി കാണപ്പെടും.
വലുതായി കാണപ്പെടുന്ന ചന്ദ്രന്‍, ചെറുതായി കാണപ്പെടുന്ന സൂര്യനെ കൂടുതല്‍ സമയം മറച്ചുപിടിക്കാന്‍ സഹായിക്കുന്നതാണ് ഈ 'നൂറ്റാണ്ടിലെ ഗ്രഹണത്തിന്' പിന്നിലെ ശാസ്ത്രം.
എവിടെ കാണാം?
സ്‌പെയിന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഗ്രഹണത്തിന്റെ പാത കടന്നുപോകുന്നത്. ഈജിപ്തിലെ പിരമിഡുകള്‍ക്ക് മുകളില്‍ വരെ ഈ ഗ്രഹണം ദൃശ്യമാകുമെന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു. പക്ഷേ ഈ അപൂര്‍വ്വ ആകാശവിസ്മയം പൂര്‍ണ്ണരൂപത്തില്‍ കാണാനുള്ള ഭാഗ്യം ഇത്തവണ ഇന്ത്യക്കാര്‍ക്കുണ്ടാകാനിടയില്ല.
ഗ്രഹണത്തിന്റെ പാത (Path of Totality) കടന്നുപോകുന്നത് സ്‌പെയിന്‍, വടക്കന്‍ ആഫ്രിക്ക, അറേബ്യന്‍ പെനിന്‍സുല എന്നിവടങ്ങളിലൂടെയാണ്. എങ്കിലും നിരാശപ്പെടേണ്ട, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇതൊരു ഭാഗിക സൂര്യഗ്രഹണമായി (Partial Solar Eclipse) ദൃശ്യമാകും. സൂര്യന്റെ ഒരു ചെറിയ ഭാഗം മാത്രം കറുത്ത വൃത്തം പോലെ മറയ്ക്കപ്പെടുന്ന കാഴ്ചയാകും നമുക്ക് കാണാന്‍ സാധിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
