/kalakaumudi/media/media_files/2025/11/18/astra-2025-11-18-16-32-27.jpg)
കാലിഫോര്‍ണിയ: ഛിന്നഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് പിടികൂടാന്‍ ഒരു ബാഗ് രൂപകല്‍പന ചെയ്തിരിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്രാന്‍സ്ആസ്ട്ര. ഖനനത്തിനായി ബഹിരാകാശത്ത് നിന്നും ഛിന്നഗ്രഹങ്ങള്‍ പിടിച്ചെടുക്കുന്നതിന് സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഭീമന്‍ ഇന്‍ഫ്‌ലറ്റബിള്‍ ബാഗാണ് ട്രാന്‍സ്ആസ്ട്ര വികസിപ്പിച്ചെടുത്തിരിക്കുന്നത്.
മനുഷ്യനിര്‍മ്മിത ബഹിരാകാശ അവശിഷ്ടങ്ങളും ഈ ബാഗില്‍ പിടികൂടാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഭാവിയിലെ ബഹിരാകാശ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ആസ്ട്രോയ്ഡ് മൈനിംഗിനും വിവിധ വലുപ്പങ്ങളിലുള്ള ഈ 'ക്യാപ്ചര്‍ ബാഗ്' സഹായകമാകുമെന്നാണ് ട്രാന്‍സ്ആസ്ട്രയുടെ പ്രതീക്ഷ.
കെവ്ലര്‍, അലുമിനിയം തുടങ്ങിയ കരുത്തുറ്റ ബഹിരാകാശ-ഗ്രേഡ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതും, വായു നിറയ്ക്കാവുന്ന കണ്ടെയ്നര്‍ രൂപത്തിലുള്ളതുമായ കവചമാണ് ട്രാന്‍സ്ആസ്ട്രയുടെ 'ക്യാപ്ചര്‍ ബാഗ്'.
ബഹിരാകാശത്ത് നിന്ന് മനുഷ്യനിര്‍മിത പേടകങ്ങളുടെ/ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളും ചെറുതും വലുതുമായ ഛിന്നഗ്രഹങ്ങളും പിടിച്ചെടുക്കാന്‍ ഈ ബാഗിന് കഴിയും എന്നാണ് അവകാശവാദം. ഒരു കോഫി കപ്പില്‍ ഉള്‍ക്കൊള്ളുന്ന മൈക്രോ ബാഗുകള്‍ മുതല്‍ 10,000 ടണ്‍ ഭാരമുള്ള ഛിന്നഗ്രഹം വഹിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ജംബോ ബാഗുകള്‍ വരെ ആറ് വലുപ്പങ്ങളിലാണ് കമ്പനി ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ലളിതവും എന്നാല്‍ ഫലപ്രദവുമായ ഈ സാങ്കേതികവിദ്യ ബഹിരാകാശ ഖനനത്തില്‍ ഒരു വഴിത്തിരിവായി മാറിയേക്കാം. എന്നാല്‍ പ്രായോഗികതലത്തില്‍ ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ ഇത് തെളിയിക്കപ്പെടേണ്ടതുണ്ട്.
അതിവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഛിന്നഗ്രഹത്തെ പിടികൂടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ വായു നിറയ്ക്കാന്‍ കഴിയുന്ന ഈ ബാഗ് ഒരു ഛിന്നഗ്രഹത്തിനോ അവശിഷ്ട വസ്തുവിനോ അടുത്തായി വിന്യസിച്ച് സുരക്ഷിതമായി അതിനെ പിടിച്ചെടുക്കുമെന്നാണ് പറയപ്പെടുന്നത്. പിന്നീട് ഈ വസ്തുക്കളെ നിയന്ത്രിത രീതിയില്‍ ഭൂമിയിലേക്ക് എത്തിക്കാനാണ് ആലോചന.
മനുഷ്യ വിക്ഷേപണങ്ങള്‍ അവശേഷിപ്പിച്ചിരിക്കുന്ന അനേകായിരം ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഭീഷണിയാണ്. ഖനനത്തിനും പുനരുപയോഗത്തിനും വേണ്ടി ഛിന്നഗ്രഹങ്ങളെ പിടിച്ചെടുക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ കച്ചമുറുക്കുന്നു.
ട്രാന്‍സ്ആസ്ട്രയുടെ ഉപകരണം ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റുകയും ബഹിരാകാശ ശുദ്ധീകരണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പഴയ ഉപഗ്രഹങ്ങള്‍, തകര്‍ന്ന ഭാഗങ്ങള്‍, നിഷ്‌ക്രിയ വസ്തുക്കള്‍ എന്നിവ സുരക്ഷിതമായി പിടിച്ചെടുക്കാനും നീക്കം ചെയ്യാനും ഈ ബാഗിന് കഴിയുമെന്ന് കരുതുന്നു. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിലൂടെ ബഹിരാകാശ ഗതാഗത മാനേജ്മെന്റില്‍ ഈ സാങ്കേതികവിദ്യ ഒരു പ്രധാന സഹായമായി മാറിയേക്കാം.
ഈ സാങ്കേതികവിദ്യ എങ്ങനെ വലിയ തോതില്‍ വിന്യസിക്കാമെന്ന് ട്രാന്‍സ്ആസ്ട്ര അന്വേഷിച്ചുവരികയാണ്. എല്ലാത്തരം ദൗത്യങ്ങള്‍ക്കും അനുയോജ്യമായ വ്യത്യസ്തതരം ക്യാപ്ചര്‍ ബാഗുകള്‍ ഉണ്ടാക്കാന്‍ കമ്പനി പ്രവര്‍ത്തിക്കുന്നു.
ഛിന്നഗ്രഹങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വിഭവങ്ങള്‍ ഭൂമിയിലേക്ക് തിരികെ അയയ്ക്കുന്നത് സാമ്പത്തികമായി ലാഭകരം അല്ലെന്നും അതിനാല്‍ അവ ബഹിരാകാശത്ത് തന്നെ ഉപയോഗിക്കാമെന്നും ട്രാന്‍സ്ആസ്ട്ര പറയുന്നു.
ഭാവിയിലെ ബഹിരാകാശ പേടകങ്ങള്‍, ഇന്ധന സ്റ്റേഷനുകള്‍, ബഹിരാകാശ കോളനികള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് ഈ വസ്തുക്കള്‍ ഉപയോഗപ്രദമാകും. വിദഗ്ധരുടെ അഭിപ്രായത്തില്‍, ക്യാപ്ചര്‍ ബാഗിന്റെ വഴക്കമുള്ള രൂപകല്‍പ്പനയും വലിയ ശേഷിയും ബഹിരാകാശ അവശിഷ്ടങ്ങള്‍ പിടിച്ചെടുക്കല്‍ സാങ്കേതികവിദ്യകളില്‍ ഏറ്റവും നൂതനമായ ആശയമായി മാറ്റുന്നു. ഈ ക്യാപ്ചര്‍ ബാഗിന്റെ വിജയം ഭാവിയില്‍ ബഹിരാകാശ രംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
