ആന്ത്രോപിക് സാങ്കേതിക വിദ്യയുടെ ഉപയോഗം നിര്‍ത്താന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് ട്രംപിന്റെ നിര്‍ദ്ദേശം

കമ്പനി ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാലയളവില്‍ ആന്ത്രോപിക് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ വലിയ സിവില്‍, ക്രിമിനല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

author-image
Biju
New Update
anthropic 2

വാഷിങ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സികള്‍ ആന്ത്രോപിക് സാങ്കേതിക വിദ്യയുടെ ഉപയോഗം നിര്‍ത്താന്‍ കര്‍ശന നിര്‍ദേശം നല്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ആന്ത്രോപിക് സാങ്കേതികവിദ്യയുടെ എല്ലാ ഉപയോഗവും ഉടനടി നിര്‍ത്താന്‍ താന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവണ്‍മെന്റിലെ എല്ലാ ഫെഡറല്‍ ഏജന്‍സികളോടും നിര്‍ദ്ദേശിക്കുന്നു. ഞങ്ങള്‍ക്ക് അത് ആവശ്യമില്ല, ഞങ്ങള്‍ക്ക് അത് വേണ്ട, ഇനി അവരുമായി ബിസിനസ്സ് നടത്തുകയുമില്ല -ട്രംപ് കുറിച്ചു. അമേരിക്കന്‍ സൈന്യം യുദ്ധങ്ങളില്‍ എങ്ങനെ പോരാടുകയും വിജയിക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഒരു തീവ്ര ഇടതുപക്ഷ കമ്പനിയെ അമേരിക്കന്‍ ഒരിക്കലും അനുവദിക്കില്ലെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുതായും സൈനികരെയും ദേശീയ സുരക്ഷയെയും അപകടത്തിലാക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കമ്പനി ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാലയളവില്‍ ആന്ത്രോപിക് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ വലിയ സിവില്‍, ക്രിമിനല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇതോടെ കമ്പനിയും പെന്റഗണും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. നിലവിലെ സാഹചര്യത്തില്‍ കമ്പനിയുടെ ക്ലൗഡ് സംവിധാനത്തില്‍ നിന്നും സുരക്ഷാ സംവിധാനങ്ങള്‍ നീക്കം ചെയ്യില്ലെന്നു ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി വ്യക്തമാക്കി. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ആര്‍ട്ടിഫിഷല്‍ കമ്പനി യുമായുള്ള സര്‍ക്കാരിന്റെ പോര് ഇതോടെ രൂക്ഷമായിരിക്കയാണ്.