യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയർത്തി; ഇനി 5000 രൂപ വരെ ഇടപാട് നടത്താം

ഒരു ദിവസം മൊത്തത്തിൽ നടത്താൻ കഴിയുന്ന ഇടപാട് പരിധി 2000 രൂപയിൽ നിന്ന് 5000 രൂപയായും ഒരു ഇടപാടിൻറെ പരിധി 500 രൂപയിൽ നിന്ന് 1000 രൂപയായും ഉയർത്തി.

author-image
anumol ps
New Update
upi pay

 

ന്യൂഡൽഹി: പിൻ- ലെസ് ഇടപാടുകൾ സുഗമമായി നടത്താൻ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയർത്തി. ഒരു ദിവസം മൊത്തത്തിൽ നടത്താൻ കഴിയുന്ന ഇടപാട് പരിധി 2000 രൂപയിൽ നിന്ന് 5000 രൂപയായും ഒരു ഇടപാടിൻറെ പരിധി 500 രൂപയിൽ നിന്ന് 1000 രൂപയായും ഉയർത്തി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ 500 രൂപയിൽ താഴെ ഒരു ദിവസം നിരവധി പിൻ- ലെസ് ഇടപാടുകൾ നടത്താനാണ് അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം നടത്താൻ കഴിയുന്ന പരമാവധി ഇടപാട് പരിധി 2000 രൂപയുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. ഒരു ദിവസം മൊത്തത്തിൽ നടത്താൻ കഴിയുന്ന ഇടപാട് പരിധി 5000 രൂപയായാണ് ഉയർത്തിയത്. ഒരു ഇടപാടിൻറെ പരിധി 500 രൂപയിൽ നിന്ന് ആയിരം രൂപയായും ഉയർത്തിയിട്ടുണ്ട്. അതായത് ഇനിമുതൽ യുപിഐ ലൈറ്റ് ഉപയോഗിച്ച് ആയിരം രൂപയിൽ താഴെ വരുന്ന ഇടപാടുകൾ പിൻ ലെസ് ഫോർമാറ്റിൽ ഒരു ദിവസം നിരവധി തവണ ചെയ്യാം.

പിൻ നൽകാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. പിൻ നൽകാതെ തന്നെ ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്‌മെന്റ് നടത്താൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

ഒക്ടോബർ 31 മുതൽ യുപിഐ ലൈറ്റ് അക്കൗണ്ടിൽ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യാൻ സാധിക്കും. ഇതിനായി ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷൻ ഉപയോഗിക്കാനാകുമെന്ന് അടുത്തിടെ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സർക്കുലറിൽ അറിയിച്ചിരുന്നു. ഉപയോക്താവ് തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലൻസ് സ്വയമേവാ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. 500ന് താഴെയുള്ള പിൻ-ലെസ് ഇടപാടുകൾ സുഗമമാക്കുന്നതിനാണ് ഇത്. കൂടാതെ, ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഓട്ടോ ടോപ്പ്-അപ്പ് മാൻഡേറ്റ് അസാധുവാക്കാനും കഴിയുമെന്നും സർക്കുലറിൽ പറയുന്നു. അതേസമയം ഓരോ യുപിഐ ലൈറ്റ് അക്കൗണ്ടിലും ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യാൻ കഴിയുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

upi lite wallet