ആണവോര്‍ജ രംഗത്ത് പുതിയ കുതിപ്പിന് ഇന്ത്യ; അമേരിക്കന്‍ കമ്പനിയുമായി കൈകോര്‍ത്ത് എന്‍ടിപിസി

ഇന്ത്യയിലെ തദ്ദേശീയമായ പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന'അനീല്‍' (അഡ്വാന്‍സ്ഡ് ന്യൂക്ലിയര്‍ എനര്‍ജി ഫോഞ്ഞ എന്റിച്ച്ഡ് ലൈഫ്) എന്ന പ്രത്യേക ഇന്ധനമാണ് ഈ സഖ്യത്തിലൂടെ വികസിപ്പിക്കുന്നത്.

author-image
Biju
New Update
thoeium

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്നമായ തോറിയം അധിഷ്ഠിത ആണവോര്‍ജ പദ്ധതികള്‍ക്ക് കരുത്തേകാന്‍ പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി അമേരിക്കന്‍ കമ്പനിയുമായി ധാരണയിലെത്തുന്നു. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ക്ലീന്‍ കോര്‍ തോറിയം എനര്‍ജി' എന്ന സ്റ്റാര്‍ട്ടപ്പിലാണ് എന്‍.ടി.പി.സി നിക്ഷേപം നടത്താനൊരുങ്ങുന്നത്.

ഇന്ത്യയിലെ തദ്ദേശീയമായ പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന'അനീല്‍' (അഡ്വാന്‍സ്ഡ് ന്യൂക്ലിയര്‍ എനര്‍ജി ഫോഞ്ഞ എന്റിച്ച്ഡ് ലൈഫ്) എന്ന പ്രത്യേക ഇന്ധനമാണ് ഈ സഖ്യത്തിലൂടെ വികസിപ്പിക്കുന്നത്. തോറിയവും കുറഞ്ഞ അളവില്‍ എന്റിച്ച്ഡ് യുറേനിയവും ചേര്‍ത്താണ് ഈ ഇന്ധനം നിര്‍മ്മിക്കുന്നത്.

പദ്ധതിയുടെ പ്രധാന സവിശേഷതകള്‍

തോറിയം നിക്ഷേപം പ്രയോജനപ്പെടുത്താം: ലോകത്തിലെ ഏറ്റവും വലിയ തോറിയം നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ ഇത് നേരിട്ട് ആണവ ഇന്ധനമായി ഉപയോഗിക്കാന്‍ നിലവില്‍ സാങ്കേതിക തടസങ്ങളുണ്ട്. അമേരിക്കന്‍ കമ്പനിയുടെ പുതിയ സാങ്കേതികവിദ്യ വഴി ഇന്ത്യയിലെ നിലവിലുള്ള റിയാക്ടറുകളില്‍ തന്നെ തോറിയം ഉപയോഗിക്കാന്‍ സാധിക്കും.

മാലിന്യം കുറയും: പരമ്പരാഗത ആണവ ഇന്ധനങ്ങളെ അപേക്ഷിച്ച് അനീല്‍ ഇന്ധനം ഉപയോഗിക്കുമ്പോള്‍ ആണവ അവശിഷ്ടങ്ങള്‍ 85 ശതമാനത്തോളം കുറവായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സുരക്ഷ: റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ ആയുസ് കുറവാണെന്നതും ഇതിനെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നു. കൂടാതെ ഈ ഇന്ധനം ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ കഴിയില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ലക്ഷ്യം: 2047-ഓടെ ഇന്ത്യയുടെ ആണവോര്‍ജ്ജ ശേഷി 30 ജിഗാവാട്ട് ആയി ഉയര്‍ത്താനാണ് എന്‍.ടി.പി.സി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വിദേശ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനുള്ള നീക്കം. 

ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ആണവ സാങ്കേതികവിദ്യ കൈമാറാന്‍ യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയില്‍ നിന്ന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ കമ്പനിയാണ് സി.സി.ടി.ഇ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ സഹകരണത്തില്‍ വലിയൊരു നാഴികക്കല്ലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

നിലവില്‍ കല്‍ക്കരിയെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യയുടെ ഊര്‍ജ മേഖലയ്ക്ക്, കുറഞ്ഞ ചിലവില്‍ പരിസ്ഥിതി സൗഹൃദമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ഈ പദ്ധതി സഹായിക്കും. കേന്ദ്ര സര്‍ക്കാരിന്റെയും ആറ്റം എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെയും അന്തിമ അനുമതികള്‍ ലഭിക്കുന്നതോടെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കും.