ക്രോമും ആന്‍ഡ്രോയിഡും വില്‍ക്കേണ്ടെന്ന് അമേരിക്കന്‍ കോടതി

സെര്‍ച്ചിലും അതുമായി ബന്ധപ്പെട്ട പരസ്യവിതരണത്തിലും ഗൂഗിള്‍ നിയമവിരുദ്ധമായ കുത്തക കയ്യാളുന്നുവെന്ന ഭരണകൂടത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ആരംഭിച്ച അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

author-image
Biju
New Update
gggg

വാഷിങ്ടണ്‍: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഗൂഗിളിന് ആശ്വാസമായി കോടതി വിധി. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവും ക്രോം ബ്രൗസറും കമ്പനി വില്‍ക്കേണ്ടതില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി അമിത്ത് മേത്ത പറഞ്ഞു. 

ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിളിനെ നിലനിര്‍ത്താനുള്ള ആപ്പിളുമായുള്ള കരാര്‍ ഗൂഗിളിന് തുടരുകയും ചെയ്യാം. എന്നാല്‍ ഓണ്‍ലൈന്‍ വിപണിയില്‍ മത്സരം സൃഷ്ടിക്കുന്നതിന് സെര്‍ച്ച് ഡാറ്റ എതിരാളികളായ സ്ഥാപനങ്ങളുമായി ഗൂഗിള്‍ പങ്കിടേണ്ടിവരും.

സെര്‍ച്ചിലും അതുമായി ബന്ധപ്പെട്ട പരസ്യവിതരണത്തിലും ഗൂഗിള്‍ നിയമവിരുദ്ധമായ കുത്തക കയ്യാളുന്നുവെന്ന ഭരണകൂടത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ആരംഭിച്ച അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഗൂഗിളിന്റെ മേധാവിത്വം കുറയും, എതിരാളികള്‍ക്ക് അവസരം

കുത്തക അവസാനിപ്പിക്കാന്‍ ഗൂഗിള്‍ ക്രോം, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം പോലുള്ള പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥാവകാശം ഗൂഗിള്‍ ഒഴിയണമെന്ന ആവശ്യവും അധികൃതര്‍ മുന്നോട്ടുവെച്ചു. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ ക്രോം ബ്രൗസര്‍ ഏറ്റെടുക്കാന്‍ തയ്യാറായി വന്‍കിട കമ്പനികള്‍ രംഗത്തുവന്നിരുന്നു.

എന്നാല്‍ ഗൂഗിളിന്റെ സുപ്രധാന ഉല്പന്നങ്ങളെ കമ്പനിയില്‍ നിന്ന് വേര്‍പെടുത്തേണ്ടതില്ലെന്നാണ് കോടതി തീരുമാനം. എന്നാല്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് ഡാറ്റ എതിരാളികളായ സ്ഥാപനങ്ങളുമായി പങ്കിടണമെന്നത് നിര്‍ബന്ധമാണ്. വളര്‍ന്നുവരുന്ന എഐ സെര്‍ച്ച് ടൂളുകളുമായും ഈ വിവരങ്ങള്‍ പങ്കുവെക്കണം.

ഓപ്പണ്‍ എഐ പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളും വികസിച്ചുകൊണ്ടിരിക്കുന്ന അത്യാധുനിക ചാറ്റ്‌ബോട്ടുകളും എഐ അടിസ്ഥാനത്തിലുള്ള സെര്‍ച്ച് എഞ്ചിനുകളും, ദശാബ്ദങ്ങളായി ശ്രമിച്ചിട്ടും വിജയകരമായി ഗൂഗിളിനെ വെല്ലുവിളിക്കാന്‍ സാധിക്കാതെ വന്ന പരമ്പരാഗത സെര്‍ച്ച് എഞ്ചിന്‍ വികസകരേക്കാള്‍ കൂടുതല്‍ പ്രാപ്തരായി രംഗത്തെത്തുകയാണ്. 

അവര്‍ക്ക് ഗൂഗിള്‍ സെര്‍ച്ച് ഡാറ്റ നല്‍കുന്നതിലൂടെ നൂതന ആശയങ്ങള്‍ക്ക് ഊര്‍ജം പകരാനും സെര്‍ച്ച് രംഗത്തെ ഗൂഗിളിന്റെ മേധാവിത്തം കുറയ്ക്കാനും സാധിക്കും, അജിത് മേത്ത പറഞ്ഞു.

എന്തായാലും ക്രോം ബ്രൗസറും ആന്‍ഡ്രോയിഡ് ഒഎസും വില്‍ക്കേണ്ടെന്നും ആപ്പിളുമായുള്ള ഇടപാട് തുടരാമെന്നുമുള്ള ഉത്തരവ് കമ്പനിക്ക് ആശ്വാസകരമാണ്. ആപ്പിള്‍ ഉപകരണങ്ങളില്‍ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിളിനെ നിലനിര്‍ത്താന്‍ കമ്പനി നല്‍കുന്നത് ഏകദേശം ഒരു വര്‍ഷം 2000 കോടി ഡോളരാണ്. ഉത്തരവ് വന്നതോടെ ആപ്പിളിന്റെ ഓഹരിയില്‍ 7.2 ശതമാനം വര്‍ധനവുണ്ടായി.

വിലക്കുകള്‍ ഇവ

എതിരാളികളായ മറ്റ് സെര്‍ച്ച് ആപ്പുകള്‍ ഉപകരണങ്ങളില്‍ മുന്‍കൂട്ടി ഇന്‍സറ്റാള്‍ ചെയ്യരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന കരാറുകളില്‍ ഏര്‍പ്പെടാന്‍ ഗൂഗിളിന് ഇനി സാധിക്കില്ല. സാംസങ്, മൊട്ടോറോള, എടി&ടി, വെരിസോണ്‍ പോലുള്ള കമ്പനികളുമായുള്ള പുതിയ കരാറുകള്‍ ഈ രീതിയിലുള്ളതാണ്. ഇതുവഴി ഗൂഗിളിന്റെ എതിരാളികളായ സെര്‍ച്ച് എഞ്ചിന്‍ സേവനങ്ങള്‍ക്കും ബ്രൗസര്‍ ആപ്പുകള്‍ക്കും ഉപകരണങ്ങളില്‍ ഇടം ലഭിക്കും.

സെര്‍ച്ച് ഡാറ്റ പങ്കുവെക്കുന്നതില്‍ ആശങ്ക

സെര്‍ച്ച് ഡാറ്റ പങ്കുവെക്കണമെന്ന കോടതി ആവശ്യത്തില്‍ കമ്പനി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയെ അത് ബാധിക്കുമെന്ന കാരണവും കമ്പനി ചൂണ്ടിക്കാണിക്കുന്നു. എന്തായാലും കോടതി തീരുമാനം കമ്പനി വിശകലനം ചെയ്തുവരികയാണ്. 

ചിലപ്പോള്‍ അപ്പീല്‍ നല്‍കിയേക്കും. അതുകൊണ്ടു തന്നെ വിഷയം യുഎസ് സുപ്രീം കോടതിയിലെത്താനും ഇനിയും വര്‍ഷങ്ങള്‍ നീണ്ട നിയമനടപടികള്‍ തുടരാനും സാധ്യതയുണ്ട്.