മൊബൈലുകള്‍ക്ക് 61 രൂപയുടെ റീചാര്‍ജ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി വി

സാധാരണയായി ഫോണിന് സംഭവിക്കുന്ന തകരാറുകള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാറുള്ളത്. എന്നാല്‍ ഫോണ്‍ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ കൂടി പരിരക്ഷ ഉറപ്പാക്കുന്നു എന്നതാണ് 'വിയുടെ' പുതിയ പദ്ധതിയുടെ സവിശേഷത. 25,000 രൂപ വരെയാണ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക

author-image
Biju
New Update
vi mob

ഫോണ്‍ നഷ്ടപ്പെട്ടാലോ മോഷണം പോയാലോ ഉള്ള ആശങ്ക ഇനി വേണ്ട. റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം ഹാന്‍ഡ്‌സെറ്റ് ഇന്‍ഷുറന്‍സ് കൂടി ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പദ്ധതിയുമായി വൊഡാഫോണ്‍ ഐഡിയ (Vi). ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരുപോലെ ലഭ്യമാകുന്ന ഈ സേവനം വെറും 61 രൂപ മുതലുള്ള പ്ലാനുകളില്‍ ലഭിക്കും.

സാധാരണയായി ഫോണിന് സംഭവിക്കുന്ന തകരാറുകള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാറുള്ളത്. എന്നാല്‍ ഫോണ്‍ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ കൂടി പരിരക്ഷ ഉറപ്പാക്കുന്നു എന്നതാണ് 'വിയുടെ' പുതിയ പദ്ധതിയുടെ സവിശേഷത. 25,000 രൂപ വരെയാണ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക.

ഇടത്തരം ഫോണുകള്‍ക്ക് വിപണിയില്‍ 20,000 മുതല്‍ 25,000 രൂപ വരെയാണ് വില വരുന്നത്. സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 85.5 ശതമാനം വീടുകളിലും സ്മാര്‍ട്ട് ഫോണുകളുണ്ട്. ഈ സാഹചര്യത്തില്‍ ഫോണ്‍ നഷ്ടപ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ദൈനംദിന പ്രീപെയ്ഡ് പാക്കുകള്‍ക്കൊപ്പം ഇന്‍ഷുറന്‍സ് കൂടി നല്‍കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് വി ലക്ഷ്യമിടുന്നത്.

പ്ലാനുകള്‍ ഇങ്ങനെ

പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളുള്ള റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്:

61 രൂപയുടെ പ്ലാന്‍: 15 ദിവസത്തേക്ക് 2 ജിബി ഡാറ്റ ലഭിക്കും. ഒപ്പം 30 ദിവസത്തേക്ക് ഹാന്‍ഡ്‌സെറ്റ് ഇന്‍ഷുറന്‍സും ലഭിക്കും.

201 രൂപയുടെ പ്ലാന്‍: 30 ദിവസത്തേക്ക് 10 ജിബി ഡാറ്റയും 180 ദിവസത്തെഹാന്‍ഡ്‌സെറ്റ് ഇന്‍ഷുറന്‍സും ലഭിക്കും.

251 രൂപയുടെ പ്ലാന്‍: 30 ദിവസത്തേക്ക് 10 ജിബി ഡാറ്റയും 365 ദിവസത്തെ  ഹാന്‍ഡ്‌സെറ്റ് ഇന്‍ഷുറന്‍സും ലഭിക്കും.

ഈ മൂന്ന് പ്ലാനുകളിലും ഫോണിന്റെ മൂല്യമനുസരിച്ച് പരമാവധി 25,000 രൂപ വരെയായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.